2015 ജൂൺ 29, തിങ്കളാഴ്‌ച

SINDHOORA SANDHYE

   സിന്ദൂരസന്ധ്യേ

സിന്ദൂരസന്ധ്യേ നിൻറെ
മന്ദാരപ്പൂങ്കവിളിൽ
മന്മഥലീലകളോ
സന്ധ്യതൻ തേനമൃതോ
നിന്നുടെ വാർമുടിയിൽ
തൂമഞ്ഞിൻ മൃദുകണങ്ങൾ
ചേലൊത്ത കുറുനിരകൾ
പൂവണ്ടിൻ അലഞൊറികൾ
തേനൂറും ചൊടിയിണയിൽ
പൈമ്പാലിൻ നറുമണമോ
വാരഞ്ചും പുഞ്ചിരിയിൽ
മായാത്ത മധുകണമോ
നിന്നുടെ മന്ദഹാസം
മിന്നുന്ന കൺമുനതൻ
മുൾമുന കൊണ്ടിളകി
കാർമേഘത്തൊങ്ങലുകൾ
വാലിട്ടു കണ്ണെഴുതി
കവിളിൽ ചെഞ്ചായം പൂശി
മുഗ്ദ വിലാസിനിയായ്
സന്ധ്യേ നീ മോഹിനിയായ്

2015 ജൂൺ 24, ബുധനാഴ്‌ച

HRIDAYAM SAGARAM

ഹൃദയം സാഗരം
മനസ്സെന്തിനോ തേങ്ങുന്നല്ലോ
കണ്ണുകൾ തോരാതേ പെയ്യുന്നുമുണ്ടല്ലോ
ആർക്കും വേണ്ടാത്ത മനുഷ്യ ബന്ധങ്ങൾ
വാർദ്ധക്യ ദു:ഖങ്ങൾ
ബാല്യം ദു:ഖമയം
യൌവനവും വെറുമൊരു
കാലത്തിൻ കൈക്ക്രിയ.
കാലമതൊക്കെ മാററി മറിച്ചു
ജീവിതം മന്ത്രമധുര
മധുവിധുവാക്കി
ആദ്യത്തെ കൺമണിക്കതിമധുരം
പിന്നെയതു പൊൻമണിയായ്.
കാലം നിറഞ്ഞുകവിഞ്ഞ്
കരകാണാതൊഴുകി
പിന്നെയും പിന്നെയും കാലവർഷവും
ഇടിയും മിന്നലും പിന്നെക്കൊടും വേനലും
കടന്നുപോയത് കരയറിഞ്ഞു.
മനസ്സൊരു കാരിരുമ്പാക്കി
ചോരവാർന്നൊരു മുറിവിൽ
തലോടിയകന്നു ഇളംതെന്നൽ

2015 ജൂൺ 1, തിങ്കളാഴ്‌ച

IRULINE SNEHIKKUNNAVAR

ഇരുളിനേ സ്നേഹിക്കുന്നവർ
ഇരുളിനേ സ്നേഹിക്കുന്ന പെൺകുട്ടിക്ക്
തോന്നുന്നോരിഷ്ടം
ഇടവപ്പാതിയോട്
ഇടിയും മഴയും
പണ്ടെനിക്കുമിഷ്ടമായിരുന്നല്ലോ
മഴയെ സ്നേഹിച്ച പൊന്മാനിന്
മേടപ്പുലരിയോട് നിനവ്
കുറുകുറേ കുറുകുന്ന വെൺ
മേഘപ്രാവുകൾക്കാശ്രയം
മച്ചകമല്ലോ
ഒളിച്ചിരിക്കാൻ
എനിക്കുമൊരിടത്താവളം
അതായിരുന്നല്ലോ
ഇരുളിൻറെ തണലിൽ
നിനക്കുറങ്ങാനായേക്കും
എനിക്കുറക്കം നഷ്ടപ്പെടുത്തിയിട്ട്
നിനക്കുറങ്ങാനാവുന്നുണ്ടല്ലോ
സഖിയേ നീയുറങ്ങൂ
കൊതിതീരെ മതിതീരെ
ഞാനുറങ്ങുന്നില്ല
എൻറെ രക്തധമനികൾക്ക്
നിൻറെ ചൂടില്ലല്ലോ

ആമീ.

ആമീ............നീയെത്ര ധന്യ..എന്നോതുവാൻ
എൻ മനസ്സിനാവുന്നില്ലല്ലോ
യൌവ്വനം വന്നുദിക്കും മുമ്പേ......നിൻ മുഖം
അമ്പിളിപോൽ....മങ്ങുന്നോ....
ആ കുരുന്നു മുഖമെൻറെ മനസ്സിലൊരു
തീജ്ജ്വാലയായ് പടരുന്നു
അലിവാർന്ന മനസ്സോടെ...
തൊട്ടു തലോടേണ്ടൊരാ കുരുന്നിൻ
ജീവിതം ആർക്കോ ഓമനിക്കാൻ
വിട്ടുകൊടുത്തിട്ടാണോ ലോകം
നന്നാക്കാനിറങ്ങിപ്പുറപ്പെടുന്നത്
എന്തിന് നീയൊരു പെററമ്മ തൻ
മഞ്ചലിലേറി .............
നാട്ടാരുടെ പോററമ്മയായാൽ
മതിയായിരുന്നല്ലോ
പെററമ്മതൻ മാറിൽ
ചേർന്നുറങ്ങുന്നൊരമ്പോററി
ക്കുഞ്ഞിനെ ചീന്തിയെറിയുന്ന
കശ്മലൻമാരുടെ
കൈയ്യിലേക്കെറിഞ്ഞിട്ടാണോ
ഒരമ്മതൻ രാജ്യസേവനം
ആമീ...നിൻറെ കണ്ഠത്തിൽ
നിന്നും..പൊട്ടിവിടരുന്ന
കുഞ്ഞു ഗദ്ഗദങ്ങൾ
ഒരു പേററുനോവറിഞ്ഞ
അമ്മയെക്കാൾ...നിന്നെ താലോലിച്ച
ഈ മുത്തശ്ശിയറിയുന്നു
ഇതിൻറെ പേരിൽ നിനക്കു
ചുമക്കേണ്ടിവരുന്ന കുരിശിൻറെ ഭാരം
ഈ അമ്മതൻ ചുമലിലേക്ക്
ഇറക്കി വയ്ക്കൂ ഓമലേ...ആരോമലേ