2016 ഡിസംബർ 17, ശനിയാഴ്‌ച

PULARKALAM



പുലർകാലം

അങ്ങ് കിഴക്കൊരു വെള്ളിക്കിണ്ണം
തുള്ളിത്തുള്ളി വരുന്നുണ്ടേ;
ഇങ്ങേ മലയിൽ പുലരിപ്പെണ്ണും
പുഴയിൽ പമ്മിയിരുപ്പുണ്ടേ;
തലയിൽ തൊപ്പീം കൈയ്യിൽ കൊട്ടേം
കർഷകരൊപ്പമൊരുങ്ങുന്നേ;
അകിടിൽ പാലു ചുരത്തിക്കൊണ്ട്
പൈക്കൾ തൊടിയിൽ നില്പുണ്ടേ;
വായിൽ പാൽപ്പത വച്ചും കൊണ്ടേ
ഉണ്ണിക്കിടാവും നടപ്പുണ്ടേ;
കാകാ കാകാ പാടിക്കൊണ്ട്
കാക്കപ്പെണ്ണ് പറക്കുന്നേ.
എല്ലാം നോക്കി കണ്ണുമടച്ചു
പൂച്ചപെണ്ണുമിരിപ്പുണ്ട്.
കയ്യിൽ ചൂലും വച്ചും കൊണ്ടേ
അമ്മയുമവിടെ നടപ്പുണ്ട്;
 കട്ടൻചായ കുടിച്ചും കൊണ്ടേ
അച്ഛനുമരികിൽ  നിൽപ്പുണ്ട്.

MANASSILORU JWALA

മനസ്സിലൊരു ജ്വാല

ജയിൽവളപ്പിലെ മരങ്ങളുടെ നിഴലുകൾക്ക് മനുഷ്യരുടെ ഛായ. അഖിലേഷിന്
പതിവില്ലാത്തൊരു തളർച്ച തോന്നി.പെട്ടെന്ന് അമ്മയെ ഓർത്തുവോ താൻ?
'അമ്മ ഇപ്പോൾ എന്ത് ചെയ്യുകയാവും? ഈ ജയിലിൽ വന്നിട്ട് ഏതാണ്ട് മൂന്നു
വർഷമായിരിക്കുന്നു. അമ്മ തന്നെ ഈ രീതിയിൽ കാണാതിരിക്കട്ടെ.
സ്വന്തം മകനൊരു കൊലയാളിയായി ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടക്കുന്നതു
കാണാൻ ഏതൊരമ്മയാണ് ആഗ്രഹിക്കുക. ഞാനുൾപ്പെടെ എത്രയോ കുട്ടി
കൾക്ക് വെളിച്ചം പകർന്നു കൊടുത്ത അദ്ധ്യാപികയായിരുന്നു എന്റെ അമ്മ.
ഞാൻ ചെറിയ കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചുപോയിരുന്നു.
അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണമ്മ വളർത്തിയത്. ഞാനും ഒരിക്കൽപോലും
അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടുമില്ല; 25 വയസ്സുവരെ. എം പീ എ കഴിഞ്ഞു.ബാംഗ്ളൂരിലൊരു ജോലി
ശരിയായപ്പോൾ അമ്മ ഒന്നുമാത്രമേ പറഞ്ഞുള്ളു. മറ്റുള്ളവരെ
വേദനിപ്പിക്കുന്ന ഒന്നും മോന്റെ ഭാഗത്തുനിന്നുണ്ടാവരുത്. അമ്മയെ പിരിയുന്നതിലുള്ള
വിഷമം പുറത്തുകാണിക്കാതെ അമ്മയെ കെട്ടിപ്പിടിച്ചു ഞാൻ വാക്കുകൊടുത്തു.
" ഒരിക്കലുമില്ല". 'അമ്മ റിട്ടയർ ചെയ്തു കഴിഞ്ഞാൽ എന്റെകൂടെ അമ്മയും ഉണ്ടാവുമല്ലോ?
അതുവരെ ഞാൻ അമ്മയുടെ പതിവ് നല്ല കുട്ടി തന്നെ ".
..................................
മനസ്സിലേക്കൊരു അഗ്നിഗോളം ഉരുണ്ടുരുണ്ടു കയറുന്നു........അമ്മയ്ക്കുകൊടുത്ത
വാക്ക് ഞാൻ തെറ്റിച്ചോ?.........തെറ്റിയിരിക്കണം.
അതാണല്ലോ 7 വർഷത്തേയ്ക്ക് ഞാൻ ഇവിടെ എത്തിപ്പെട്ടത്?..ഒരിക്കലും
ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന്. വീണ്ടും വീണ്ടും മനസ്സിലേക്ക് തികട്ടിവരുന്നു.
......................... ................................. ..................................... ..............................................
3 വര്ഷം മുൻപുള്ള ഒരോണക്കാലത്താണ് നീരജയെ ഞാൻ പരിചയപ്പെടുന്നത്‌.
തണുപ്പിൽ മൂടിയ ബാംഗ്ലൂർ.ഓഫീസിൽ നിന്നിറങ്ങുമ്പോൾ വൈകിയിരുന്നു. വഴിയിൽ
ഇരുൾ മൂടിയപോലെ. വളരെ പതുക്കെയാണ് ഞാൻ വണ്ടി ഓടിച്ചത്.
പെട്ടെന്ന് 2 പെൺകുട്ടികൾകൈവീശി അടുത്തേക്ക് വന്നു. സൈഡുഗ്ലാസ്സ് താഴ്ത്തി
കാരണം ചോദിച്ചു. പതിവുബസ് പോയിക്കഴിഞ്ഞു.ഞങ്ങൾക്ക് അൽസൂർ
ലേക്കാണ് പോവേണ്ടത് . സാർ ആ വഴിയെയാണെങ്കിൽ ഞങ്ങളെ
ഒന്ന് ഡ്രോപ്പ് ചെയ്യാമോ. ഒരു പെൺകുട്ടി ഇംഗ്ലീഷിലാണ് സംസാരിച്ചതെങ്കിലും
എന്തോ ഒരു സന്തോഷം തോന്നി. " ഞാൻ ആ വഴിയല്ല; എങ്കിലും ഈ നേരത്തു
നിങ്ങളെ തനിയെ വിടുന്നത് ശരിയല്ലല്ലോ? "കയറിക്കോളൂ." അര മണിക്കൂർ കൊണ്ട്
അവരുടെ സ്ഥലമായി. ഇറങ്ങിയപ്പോൾ പെൺകുട്ടികളിലൊരാൾ "വളരെ നന്ദി സർ".എന്ന് പറഞ്ഞു.
ഓ മലയാളിയാണല്ലോ' അന്യനാട്ടിലായതുകൊണ്ടാവാം നമ്മുടെ ഭാഷ കേട്ടപ്പോൾ
മനസ്സിലെന്തോ ഒരു കുളിർമ. പിന്നീട് അവരുടെ കാര്യം മറന്നു. ദിവസങ്ങളും
മാസങ്ങളും കടന്നുപോയി.
......................................... ........................................... .....................................................

ഒരുമാസത്തെ ലീവെടുത്തു് അമ്മയോടൊപ്പം ചിലവിടാനാണ് ഞാൻ നാട്ടിലെത്തിയത്.
എറണാകുളത്തുള്ള അമ്മയുടെ സഹപ്രവർത്തകയുടെ മകളുടെ കല്യാണം കൂടണമെന്നു
അമ്മയ്ക്കൊരാഗ്രഹം. ഒരിക്കലും എവിടെയും പോകാനിഷ്ടപ്പെടാത്ത അമ്മ ഇങ്ങനൊരാഗ്രഹം
പറഞ്ഞപ്പോൾ ഞാനും തയ്യാറായി. വൈക്കത്താണ് കല്യാണവീട്. നേരെ അങ്ങോട്ട് വിട്ടു.
കല്യാണം കഴിഞ്ഞു. ഉണ്ണാനിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി അടുത്തേക്ക് വന്നത്. ഞാൻ
ഒട്ടും പ്രതീക്ഷിക്കാത്ത അതിഥി. ഞാൻ ലിഫ്റ്റ് കൊടുത്ത പെൺകുട്ടികളിൽ ഒരുവളായിരുന്നത്.
അമ്മയുടെ കണ്ണുകളിൽ ഒരു പ്രകാശം വിടരുന്നത് എനിക്ക് കാണാമായിരുന്നു.
പൊതുവെ അധികം ആരോടും അടുക്കാത്ത സ്വഭാവമാണെന്റേതു എന്ന് അമ്മയ്ക്കറിയാം. ആ
എനിക്കൊരു ഗേൾഫ്രണ്ട്‌ ഉണ്ടാവാൻ 'അമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഈ പെൺകുട്ടി അങ്ങനെ
യാവും എന്ന് കരുതിയാണെന്നു തോന്നുന്നു അമ്മയുടെ മുഖത്തൊരു കള്ളച്ചിരി മിന്നി മറഞ്ഞു.
ആ പെൺകുട്ടി അടുത്തേക്കുവന്ന് അമ്മയെ വണങ്ങി. "സീതട്ടീച്ചറല്ലേ. എന്റമ്മ പറഞ്ഞറിയാം.
ഞാൻ നീരജ. വനജ ടീച്ചറുടെ സഹോദരന്റെ മകൾ." ..................
വനജടീച്ചറുടെ മകളുടെ കല്യാണത്തിന് അവളെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിന്റെ
വഴിത്തിരിവായി. പിന്നീടങ്ങോട്ട് യാത്രയിൽ ഞങ്ങൾ ഒന്നിച്ചായി. ഒരുപാട് അഴകില്ലെങ്കിലും
നല്ലൊരു പെൺകുട്ടി എന്ന് അമ്മയും പറഞ്ഞു. "നിങ്ങൾ ഒരേ നാട്ടിൽ ജോലി ചെയ്യുവല്ലേ.
നിനക്കിഷ്ടമാണെങ്കിൽ ഞാൻ വന്ജയോട് പറഞ്ഞു കല്യാണമുറപ്പിക്കാം." "വരട്ടെ.
നീരജയുടെ ഇഷ്ടമറിയട്ടെ. ഞാൻ പറയാം. അടുത്തദിവസം ഞാൻ വിഷയം അവതരിപ്പിച്ചു.
"എനിക്കിഷ്ടം തന്നെ. കുറച്ചുനാൾ നമുക്ക് പ്രേമിച്ചു നടക്കാന്നേയ്.
ജീവിതത്തിൽ ആദ്യമായി അടുത്തറിയുന്ന പെൺകുട്ടി.അമ്മക്കുട്ടി ആയതുകൊണ്ടാവാം
ഒരുപെൺകുട്ടിയോടും വലിയ അടുപ്പം തോന്നിയിട്ടില്ല.അമ്മക്കിഷ്ടപെട്ടില്ലെങ്കിലോ
എന്നായിരുന്നു ഉള്ളിൽ. ഈ പെൺകുട്ടിയെ മനസ്സാ അമ്മ അംഗീകരിച്ചിരുന്നുഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന നിലയിൽ
അവൾക്കു എന്നിൽ ഞാൻ സർവ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു
ഞങ്ങൾ അടുത്തറിഞ്ഞു. ..
ഞാൻ വിവാഹത്തിന് നിർബന്ധം പിടിച്ചു. "ശരി ക്രിസ്തുമസ് അവധിക്കു
നാട്ടിൽ ചെല്ലുമ്പോൾ നമുക്ക് വിവാഹിതരാകാം." എന്റെ മനസ്സൊരു മയിലായി.വളരെക്കുറച്ചു
സുഹൃത്തുക്കൾ,ഓഫീസിലെ സഹപ്രവർത്തകർ,കുടുംബക്കാർ ഒരുപാടുപേരുള്ളതിൽ ഏറ്റവും
അടുത്തവരെമാത്രം, ഇങ്ങനെയൊക്കെ മനസ്സുകൊണ്ട് ഞാനൊരു കല്യാണരാമനായി. എന്റെ
ബഹളമൊക്കെ കണ്ടു അവൾക്കൊരു തമാശയായിരുന്നു. ക്രിസ്തുമസിന് ഇനി 2 മാസം. അതിനിട
യിൽ അവൾ തനിയെ ഒന്നുരണ്ടുപ്രാവശ്യം നാട്ടിലേക്കു പോയിവന്നു. വന്നുകഴിയുമ്പോൾ മാത്രമേ
ഞാൻ അറിഞ്ഞുള്ളു അവൾ നാട്ടിലേക്കു പോയിരുന്നു എന്ന് .
............................. ..................................... ..........................................
അങ്ങനെ ക്രിസ്തുമസ് അവധിയായി. ഞാൻ ഒരുമാസം ലീവ് എടുത്തു. ഞാൻ തന്നെ ഞങ്ങൾ രണ്ടുപേർക്കും
ടിക്കറ്റ്‌ എടുത്തു. യാത്രയിൽ മിക്കവാറും നീരജ നിശ്ശബ്‌ദയായിരുന്നു. "എന്തെ ഇയാൾക്ക് പേടിയോ അച്ഛനോട്
പറയാൻ. ഞാനും അമ്മയും അമ്മാവന്മാരും ഒക്കെ കൂടി വന്നു പറയാന്നേയ്. ഞാൻ ലാഘവത്തോടെ പറഞ്ഞു.
ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു. പുറത്തു ഇരുട്ട് കോട്ടകെട്ടിയിരിക്കുന്നു. ഇരുളിൽ മിന്നിക്കത്തുന്ന ലൈറ്റുകൾ ഇടയ്ക്കിടെ കാണാം. എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ട്രെയിൻ കയറുന്നതിനുമുമ്പേ വാങ്ങിയ
ചപ്പാത്തിയും കുറുമയും ഞങ്ങൾ മാത്രം കഴിച്ചിട്ടില്ല." നമുക്ക് കഴിക്കാം". ഞാൻ പൊതി നീരജയ്ക്കു മുമ്പിലേക്ക്
നീക്കിവച്ചു. " എനിക്ക് ഒരുകാര്യം പറയാനുണ്ട്."നീരജ.
"പറഞ്ഞോളൂ".ഞാൻ. ....നമുക്ക് ആ ഇടനാഴിയിൽ നിൽക്കാം. " എന്താ കുട്ടിക്ക് പറ്റിയത് ".
വരൂ എന്നുപറഞ്ഞവൾ
എന്നെയും കൊണ്ട് വാഷ്‌ബേസിനടുത്തേക്കു നടന്നു.വേണ്ട

അവിടെ ഭയങ്കര കാറ്റാണ്;പുറത്തേക്കു വീണുപോകും. ഒന്നും കേൾക്കാതെ
അവളെന്റെ കയ്യിൽ പിടിച്ചു ഇടനാഴിയിലേക്ക് നടന്നു. സമയം രാത്രി 10 മണിയായി.
മറ്റുള്ളവർ ഉറക്കം തുടങ്ങിക്കഴിഞ്ഞു. ആരും ശ്രദ്ധിക്കുന്നതേയില്ല. "അഖിലേട്ടാ
ഞാൻ പറയുന്നത് മനസ്സിലാക്കണം. അച്ഛൻ മറ്റൊരാളുമായി എന്റെ കല്യാണം
തീരുമാനിച്ചു. അടുത്താഴ്ചയാണ് കല്യാണം. എന്നോട് ക്ഷമിക്കണം."നീരജയുടെ
വാക്കുകൾ എന്റെ തലയിൽ വീണ ബോംബായാണ് എനിക്ക് അനുഭവപ്പെട്ടത്.
ഞാൻ തല കറങ്ങി വീണതാവാം.
കണ്ണുതുറന്നപ്പോൾ ചുറ്റും ആളുകൾ." താൻ ആ പെങ്കൊച്ചിനെ പുഴയിലേക്ക് തള്ളിയിട്ട
തെന്തിനാ. "ദൈവമേ നീരജ പുഴയിൽ വീണോ. ഒരെറുമ്പിനെപ്പോലും ജീവിതത്തിൽ
കൊന്നിട്ടില്ലാത്ത ഞാൻ,എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീർന്ന
നീരജയെ കൊന്നെന്നോ;അതും വെള്ളത്തിലേക്ക് തള്ളിയിട്ടു കൊന്നത്രെ
...............
................. ..........................
................ ........................

പിന്നീട് ഞാനെന്റെ അമ്മയെ കണ്ടില്ല;ആരെയും കണ്ടില്ല. കോടതി, പോലീസ് ഒക്കെ
ഏതോ സിനിമയിലെ രംഗങ്ങളായി മുന്നിലൂടെ കടന്നുപോയി. ഇപ്പോൾ 7
വർഷത്തെ ശിക്ഷയാണെന്നു സഹതടവുകാർ പറയുന്നു. ഞാൻ കൊന്നുവെന്ന്
പോലീസ്‌പോലും വിശ്വസിക്കുന്നില്ല. എല്ലാവരും വളരെ അനുകമ്പയോടെയാണ്
എന്നോട് പെരുമാറുന്നത്. എംബിഎ ക്കാരനായതുകൊണ്ടു ജയിലിലെ ജോലികൾ
ക്കുള്ളിൽ തലപൂഴ്ത്തി ഒന്നുമറിയാതെ ഞാൻ. ഇടയ്ക്കു എന്റെ ബോധമണ്ഡല
ത്തിൽ അമ്മയുടെ മടിയിൽ മുഖം പൂഴ്ത്തിയിരിക്കുന്ന കൊച്ചുകുഞ്ഞായി ഞാൻ;
എന്റെ മോനൂന് ആരെയും കൊല്ലാൻ പറ്റില്ലെന്ന് പറയുന്ന എന്റെ അമ്മ;
മനസ്സിനുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന തീച്ചൂളയിൽ പനിനീർ തളിക്കുന്ന എന്റെ;
എന്റെമാത്രം അമ്മ!!!

2016 ഡിസംബർ 3, ശനിയാഴ്‌ച

BHANU MOHAN's HAIKKU




1."തൊട്ടിലുണ്ടിവിടെ"
ഗോക്കൾക്കും നായ്ക്കൾക്കും.
ആരുമില്ലാതെ ജനം!!!

2.ഭക്തകോടികൾ! 
വൃതാനുഷ്ടാനങ്ങളോടെ; 
"വൃശ്ചികപ്പുലരി"

Bhanu Mohan
November 11 at 10:47am · 

3.വെള്ളപ്പണമായ്! 
കള്ളപ്പണം പുറത്തേയ്ക്ക്;
"അരിക്കലത്തിൽനിന്ന്.

4.നോട്ട് പിൻവലിച്ചു! 
കുപ്പത്തൊട്ടി നിറയും;
കള്ളനോട്ടുകൊണ്ട്.

5."ഫലിതം"
ഫലിതമായ്‌ പറഞ്ഞാൽ; 
ഫലിതവും ചിരിക്കും.

6."ഷഷ്ഠിപൂർത്തിയായ്"
എങ്കിലുമെന്നും പതിനേഴ്;
കേരളാംബയ്ക്ക്

7.മയിലാഞ്ചിച്ചോപ്പ്;
"പടിഞ്ഞാറൻ മാനത്തു"
അസ്തമയമായ്‌

8.ചിക്കിച്ചികഞ്ഞ്,
കോഴിയും കുഞ്ഞുങ്ങളും; 
വട്ടമിട്ട്‌ പരുന്ത്!

9.ചോറിനിടമില്ല;
കറികൾ നൂറു കൂട്ടം?
"എമ്മെല്ലേ ക്കല്യാണം"
10..സദ്യ ഗംഭീരം!
വയറു നിറഞ്ഞില്ല;
കണ്ണു നിറഞ്ഞു

2016 ഒക്‌ടോബർ 18, ചൊവ്വാഴ്ച

ORE THOOVAL PAKSHIKAL

                    ഒരേ തൂവല്പക്ഷികൾ              

                   മറൈൻ ഡ്രൈവിൽ പതിവുപോലെ ജനത്തിരക്ക്.മഴക്കോളുണ്ടെങ്കിലും
 ജനത്തിന് അതൊന്നും പ്രശ്നമേയല്ല.  കായലിനഭിമുഖമായി പണിതീർന്ന പൊക്കം
കുറഞ്ഞ പുതിയ മാർബിൾ മതിലുകളിൽ മുട്ടിയുരുമ്മി ചെറുപ്പക്കാർ;യുവമിഥുനങ്ങൾ
,തലനരച്ചതും, നരക്കാത്തതുമായ ഒരുപാടുപേർ.
കായലിലൂടെ  പായ വഞ്ചികളിൽ ചെറിയ വലയുമായ മീന്പിടുത്തക്കാർ.
പതിവുനടത്തക്കാർ വേഗത്തിൽ
ഹൈകോർട് ജെട്ടിയിലേക്കു  ആഞ്ഞുനടന്നു. മഴയെങ്ങാൻ വന്നാൽ നടപ്പു
നിർത്തേണ്ടിവരും. ടൂറിസ്റ്റ് ബോട്ടിൽ നിന്ന്
കാതടപ്പിക്കുന്ന ബാൻഡ്മേളം. ഏതോ വിദേശികൾ എത്തിയെന്നു തോന്നുന്നു.
സൂര്യൻ മനസ്സില്ലാമനസ്സോടെ  അസ്തമനത്തിനു തയ്യാറെടുക്കുന്നു.

                     ഒന്നിരിക്കാൻ ഒരു ഗ്യാപ് നോക്കി നിൽപ്പ് തുടങ്ങിയിട്ട്  കുറച്ചായി.
ഞാൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലം ഒരു ഇടിവെട്ടുപാർട്ടി കയ്യടക്കിയിരിക്കുന്നു.
എവിടുന്നോ എറണാകുളം കാണാൻ വന്നവരാരോ ആണ്. ആണും പെണ്ണും കുട്ടികളും
ഒക്കെ കൂടി ബഹളമയം. എന്നും ഞാനവിടെ ഇരിക്കാറുള്ളത് സ്ഥിരമായി
വരുന്നവർക്കല്ലേ അറിയൂ. കപ്പലണ്ടി വിൽക്കുന്ന സജി എനിക്കുള്ള  സീറ്റ്
നേരത്തെതന്നെ കരുതിവയ്ക്കാറുള്ളതാണ്. ഒരുപൊതി കപ്പലണ്ടിയും.
ഇന്നെന്തോ അയാളെയും കാണുന്നില്ല. പതിവ് നടപ്പുകാർ    ഹൈക്കോർട്ട്   ജെട്ടി
വരെ നടന്ന് തിരിച്ചെത്തിയിരിക്കുന്നു.

                     ഇനി കുറച്ചുസമയം മഴവിൽപ്പാലത്തിൽ
ചാരിനിന്ന്‌ സൂര്യൻ അസ്തമിക്കുംവരെ കൊച്ചുവർത്തമാനം.ഇരുൾ പരന്നാൽ
ഓരോരുത്തരായി സ്ഥലം വിടാറാണ്‌ പതിവ്. അവസാനക്കാരൻ ഭാസിച്ചേട്ടൻ
 കുറച്ചുനേരം എന്നോടൊപ്പം ഇരിക്കും.
 എന്നെപ്പോലെതന്നെ  ഭാസിച്ചേട്ടനും അവിവാഹിതൻ.
മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടുകിട്ടാത്തതുകൊണ്ടു
വിവാഹം കഴിച്ചില്ല എന്ന്
തമാശ പറയുന്ന ഭാസി. പക്ഷെ കാരണം അതൊന്നുമല്ല.
ഇളയ പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചയക്കുന്നതുവരെ
കാത്തുനിൽക്കാനുള്ള സന്മനസ്സില്ലായിരുന്നു സഹപ്രവർത്തകയായ
കാമുകിക്ക്. എന്റെ അവസ്ഥ അതൊന്നുമല്ല. അമ്മയുടെ ഒറ്റ മോനായതുകൊണ്ടു
  രണ്ടോ മൂന്നോ  പെൺകുട്ടികൾ ഒഴിഞ്ഞുമാറി. അമ്മായിഅമ്മ പോരെടുക്കുമത്രേ.
 എന്നെവേണ്ടാത്തവരെ എനിക്കും വേണ്ട എന്ന് ഞാനും തീരുമാനമെടുത്തു. ഞാനും
 ഭാസിച്ചേട്ടനും ഈ മറൈൻഡ്രൈവിൽ സായാഹ്‌നങ്ങൾ  ആഘോഷിച്ചു കഴിഞ്ഞു കൂടുന്നു.
 എന്നും കാണുന്ന ഒരുകൂട്ടം ആളുകൾ,പുതിയതായി വരുന്ന ഒരുപാടു പേർ;സ്വർണം പൂശിയ
 പടിഞ്ഞാറൻ മാനം,തുടുതുടുത്ത മുഖവുമായി കടലിന്റെ  വിരിമാറിൽ ചാഞ്ഞിറങ്ങുന്ന
സൂര്യൻ. ഇരുൾ മൂടുമ്പോൾ മറൈൻ ഡ്രൈവ്  അപരിചിതയാവുന്നു.  വീട്ടിലെത്തുമ്പോൾ,
എന്നെയും കാത്തിരിക്കുന്ന,"ഞാൻ ഇല്ലായിരുന്നെങ്കിൽ നിനക്ക് പെണ്ണ് കിട്ടുമായിരുന്നു അല്ലെ"
 എന്ന് മൂകം വിലപിക്കുന്ന അമ്മയുടെ മുഖം മാത്രം; മനസ്സിൽ ഒരു ജ്വാലയായ് ........

ചെറുകഥാ മത്സരത്തിലേക്കുള്ള എന്റെ കഥ പോസ്റ്റ് ചെയ്യുന്നു. വിലയിരുത്തുക.

2016 ഒക്‌ടോബർ 12, ബുധനാഴ്‌ച

DEVI SARASWATHY

വിദ്യാദേവിയായ സരസ്വതിയെക്കുറിച്ചുള്ള  ഈ  ചെറിയ അദ്ധ്യായത്തിലൂടെ
പുരാണേതിഹാസങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിച്ചാലോ."അനുഗ്രഹിക്കുക

Part1.

മഹാസമുദ്രം  പോലെ വിശാലമായ ഭാരതീയ പുരാണങ്ങൾ
മുങ്ങിത്തപ്പി അതിൽനിന്നും മുത്തുകളും പവിഴവും മുങ്ങിയെടുത്തു
അവതരിപ്പിക്കാൻ ഒരു ശ്രമം. ഇതിൽ ഒരുപാടു തെറ്റുകുറ്റങ്ങൾ കണ്ടേക്കാം.
കാരണം പല പുരാണേതിഹാസങ്ങളിലും
 കഥാപാത്രങ്ങൾക്ക് വൈരുദ്ധ്യം കാണുന്നുണ്ട്.
 അറിയാവുന്ന ആർക്കും തിരുത്താം, തെറ്റുകൾ
ചൂണ്ടിക്കാണിക്കാം.
വിദ്യാദേവതയായ സരസ്വതിദേവിയിൽ നിന്നും
തുടങ്ങാം.
പ്രകൃതിയുടെ അഞ്ചു രൂപഭേദമായ  ദുർഗ്ഗ,
രാധ,ലക്ഷ്മി,സരസ്വതി, സാവിത്രി,എന്നീ പഞ്ചദേവിമാരിൽ
ഒന്നായ സരസ്വതി ദേവിയെ കുറിച്ചാവട്ടെ  ആദ്യ കഥ.
സരസ്വതിദേവി ബ്രഹ്മ്മാവിന്റെ  പുത്രിയാണ്. ദേവിയുടെ
 ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡപുരാണത്തിൽ പറയുന്നതിങ്ങനെ:
പ്രജകളുടെ സൃഷ്ടി നടത്താനായി ബ്രഹ്മാവ്  ധ്യാനനിരതനായി
ഇരിക്കുന്ന സമയത്തു് ശാന്തമായ മനസ്സിൽ സത്വഗുണം വർദ്ധിച്ചു
വരുന്നതായി അനുഭവപ്പെട്ടു. തത്സമയം ഒരു പെൺകുട്ടി ഭൂജാതയായി
മുന്നിൽ വന്നു നിന്നു."അങ്ങയിൽ നിന്നും ജനിച്ചവളാണ് ഞാൻ. എന്റെ
 സ്ഥാനവും ജോലിയും  എന്തെന്ന് കല്പിച്ചാലും ". എന്ന് പെൺകുട്ടി
ബ്രഹ്മാവിനോട് പറഞ്ഞു. " ധന്യേ നിന്റെ പേര് സരസ്വതി എന്നാണ്.
 സകല ജീവജാലങ്ങളുടെയും നാവിന്റെ അഗ്രത്തിൽ നീ വസിക്കുക,
വിശേഷിച്ചും വിദ്വാന്മാരുടെ ജിഹ്വാഗ്രത്തിൽ  നീ നൃത്തം ചെയ്യുക.
ഒരു നദീരൂപത്തിൽ ഭൂമിയിലും നിവസിക്കണം. മൂന്നാമത് വേറൊരു
 രൂപം പൂണ്ട്‌ എന്നിലും വസിക്കുക. സരസ്വതി ദേവി പ്രസന്നയായി
ബ്രഹ്മാവിന്റെ നിയോഗം പാലിച്ചു .

അദ്ധ്യായം-2.

വിജയദശമിയെക്കുറിച്ചുള്ള കുറച്ചു വിവരങ്ങൾ ഇന്നെഴുതാം.
എല്ലാവര്ക്കും ഇതെല്ലാം അറിയാമെങ്കിലും ഒരിക്കൽക്കൂടി കുറിക്കുന്നു.
 വായിക്കുക,അഭിപ്രായം പറയുക.
കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി
വരെയുള്ള രാത്രികാലങ്ങളിൽ  ഈ ഉത്സവം ആഘോഷിക്കപ്പെടുന്നതു
കൊണ്ട് ഇതിനെ നവരാത്രി എന്നും, ദശമിവരെ  ചടങ്ങുള്ളതുകൊണ്ട് ദസറ
 എന്നും വിളിക്കുന്ന. ദുർഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച്  വിജയം
വരിച്ച കാലമാണ് വിജയദശമി എന്ന് നാം സങ്കൽപ്പിക്കുന്നു; അതിനാൽ
ജീവിതവിജയത്തിനുപകരിക്കുന്ന സകല കലകളുടെയും ആരംഭം
കുറിക്കുവാൻ ഈ ദിവസം പരിഗണിക്കപ്പെടുന്നു. ദേവിയുടെ വിജയദിനമായ
വിജയദശമി വിദ്യാരംഭദിനമായും നാം കൊണ്ടാടുന്നു. നവരാത്രിയിലെ അവസാന
 മൂന്നു പ്രധാന ദിവസങ്ങളാണ് ദുർഗ്ഗാഷ്ടമി,മഹാനവമി,വിജയദശമി. ദുർഗ്ഗാഷ്ടമി
ദിവസമാണ് പൂജവയ്‌പ്പ്. പ്രത്യേകമായി ഒരു മുറി അലങ്കരിച്ചു സരസ്വതിദേവിയുടെ
വിഗ്രഹത്തിനു മുമ്പിൽ പുസ്തകങ്ങളും
സംഗീതോപകരണങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്നു.യോദ്ധാവ് തന്റെ
ആയുധങ്ങളെയും സാഹിത്യകാരന്മാർ തന്റെ ഗ്രന്ഥങ്ങളും ഒപ്പം തൂലികയും

ഗായകർ സംഗീതോപകരണങ്ങളേയും ദേവിയുടെ മുൻപിൽ
 പൂജയ്ക്കു  സമർപ്പിച്ചശേഷം വിജയദശമിദിവസം ശുഭമുഹൂർത്തത്തിൽ
തിരിയെ എടുക്കുന്നു. കേരളത്തിലെ ഏറ്റവും വിശേഷപ്പെട്ട ആഘോഷങ്ങളിൽ
ഒന്നാണ് വിജയദശമി .

The Merchant and the Son

പണ്ട്.. പണ്ട് ഒരിടത്തൊരു കച്ചവടക്കാരനുണ്ടായിരുന്നു.ധനാഢ്യനായ അദ്ദേഹത്തിന് ഒരേ ഒരു മകൻ. അലസനും,മടിയനുമായ,ഒരു ജോലിയും ചെയ്യാൻ താല്പര്യമില്ലാത്ത,അവനെക്കുറിച്ചോർത്തു ദുഃഖിതനായ കച്ചവടക്കാരൻ തന്റെ സ്വത്തുക്കളെല്ലാം വ്യർത്ഥമായിപ്പോകുമല്ലോ എന്ന് ഭയപ്പെട്ടു. ഇതിനൊരു പരിഹാരം കണ്ടെത്തണമല്ലോ? വ്യാപാരി ചിന്താധീനായി. ഒരു വഴി മുന്നിൽ തെളിഞ്ഞു വന്നു. പതിവുപോലെ പ്രഭാത ഭക്ഷണമൊക്ക കഴിച്ചു വിശ്രമിക്കാൻ തുടങ്ങിയ മകനെ, വ്യാപാരി അടുത്തേക്ക് വിളിച്ചു. " ഇനി ഭക്ഷണം കഴിക്കണമെങ്കിൽ നീ പോയി എന്തെങ്കിലും സമ്പാദിച്ചു കൊണ്ടുവരണം". അച്ഛൻ പറഞ്ഞാൽ അതുപോലെ ചെയ്യുന്നവനാണെന്നവനറിയാം. ഇതുവരെ ഒരു ജോലിയും ചെയ്യാത്ത ഞാൻ എങ്ങനെ കാശുണ്ടാക്കാനാ. അവൻ അമ്മയുടെ അടുത്തുചെന്നു കരയാൻ ആരംഭിച്ചു. മാതൃഹൃദയമല്ലേ. 'അമ്മ അച്ഛൻ കാണാതെ ഒരു നാണയം അവനു കൊടുത്തു. അതുംകൊണ്ട് അവൻ വ്യാപാരിയുടെ അടുത്തെത്തി. "നീ ഇന്ന് എന്താ സമ്പാദിച്ചത്? അച്ഛൻ ചോദിച്ചു. അവൻ ആ നാണയം ഉയർത്തികാണിച്ചു. "കൊള്ളാം. ഒരു കാര്യം ചെയ്യൂ. അത് ആ കാണുന്ന
കിണറ്റിൽ കൊണ്ടിട്ടോളു "അച്ഛൻ പറഞ്ഞു. ഒരു വിഷമവും കൂടാതെ അവൻ ആ നാണയം കിണറ്റിലിട്ടു. കാര്യം മനസ്സിലായ വ്യാപാരി അമ്മയെ അവിടെനിന്നും വീട്ടിലേക്കു തൽക്കാലം മാറ്റി നിർത്തി. .പിറ്റേന്നും എന്തെങ്കിലും സമ്പാദിച്ചു കൊണ്ടുവന്നാലേ ഭക്ഷണം തരൂ എന്ന് വ്യാപാരി മകനോട് പറഞ്ഞു. ഇന്ന് അവന്റെ സങ്കടം കാണാൻ അമ്മയ്ക്ക് പകരം ചേച്ചിയുണ്ടായിരുന്നു. അവർ അവനു രണ്ടു നാണയങ്ങൾ കൊടുത്തു.
പതിവുപോലെ അവൻ സുസ്മേരവദനനായി അച്ഛന്റെ അടുത്തെത്തി. "ഇന്നെന്തേ കിട്ടിയത് ? അച്ഛൻ ചോദിച്ചു തീരും മുൻപ് അവൻ നാണയങ്ങൾ കാണിച്ചുകൊടുത്തു." അത് വേഗം കൊണ്ട് പോയി കിണറ്റിലേക്ക് എറിയൂ എന്ന് അച്ഛൻ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ അവൻ ആ നാണയങ്ങൾ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. വ്യാപാരിക്കു കാര്യം മനസ്സിലായി. പിറ്റേ ദിവസംതന്നെ മകളെ ഭർതൃഗൃഹത്തിലേക്കു പറഞ്ഞയച്ച ശേഷം, ആരും മകനെ സഹായിക്കരുതെന്നു ചട്ടം കെട്ടുകയുംചെയ്തു. പിറ്റേ ദിവസം വ്യാപാരി കർശനമായി മകനോട് പറഞ്ഞു. " ഇന്ന് എന്തെങ്കിലും സമ്പാദിച്ചു കൊണ്ടുവന്നില്ലെങ്കിൽ ഇവിടെനിന്നും ആഹാരമൊന്നും കിട്ടുമെന്ന് കരുതേണ്ടാ".പട്ടിണി കിടക്കുന്ന കാര്യത്തെക്കുറിച്ചു അവന് ആലോചിക്കാനേ വയ്യായിരുന്നു.അവൻ ഓരോരുത്തരെ സഹായത്തിനായി സമീപിച്ചു. ആരും ഒന്നും കൊടുത്തില്ല. വിശന്നു തളർന്നു റോഡരികിൽ അവൻ ഇരുപ്പായി. പെട്ടെന്ന് ഒരാൾ ഒരു വലിയ പെട്ടിയുമായി അവനെ സമീപിച്ചു. ഈ പെട്ടി എന്റെ വീട്ടിൽ എത്തിച്ചുതന്നാൽ നിനക്ക് ഞാൻ കൂലി തരാം. ഇത്ര വലിയ പെട്ടി എങ്ങനെ എടുക്കും എന്ന് ഒരു നിമിഷം അവൻ ആലോചിച്ചു. "വിശപ്പിനെ കുറിച്ച് ഓർത്തപ്പോൾ അവൻ പെട്ടി ചുമന്നു കൊടുക്കാമെന്നു സമ്മതിച്ചു. പ്രതിഫലവും വാങ്ങി അവൻ പിതാവിനെ സമീപിച്ചു.വല്ലാതെ വിയർത്തു
കുളിച്ചു അവശനായി വരുന്ന മകനെ കണ്ടു വ്യാപാരിക്കു വിഷമം തോന്നിയെങ്കിലും പുറത്തു അതൊന്നും കാണിക്കാതെ അവനോടു അദ്ദേഹം ചോദിച്ചു. " ഇന്ന് എന്ത് സമ്പാദിച്ചു? അവൻ പെട്ടി ചുമന്നു കിട്ടിയ തുക അച്ഛനെ കാണിച്ചു കൊടുത്തു. "അതും കിണറ്റിലെറിയൂ" അച്ഛൻ ആവശ്യപ്പെട്ടു." ഞാൻ ജോലി ചെയ്തു ക്ഷീണിച്ചുണ്ടാക്കിയ കാശു കിണറ്റിലിടാനൊ? നടക്കില്ലച്ഛാ.അവൻ
കാശു പോക്കറ്റിലിട്ടു തിരിച്ചു നടന്നു. വ്യാപാരി പുഞ്ചിരിയോടെ നിശ്വസിച്ചു.പിന്നീട് മകൻ അലസതയൊക്കെ കളഞ്ഞു എല്ലാകാര്യത്തിലും അച്ഛനെ സഹായിക്കുകയും, വ്യാപാരി തന്റെ എല്ലാ വ്യവസായങ്ങളും അവനെ ഏല്പിച്ചു സമാധാനത്തോടെ ജീവിതം കഴിക്കുകയും ചെയ്തു.

2016 ഒക്‌ടോബർ 10, തിങ്കളാഴ്‌ച


Donkey and the Koel

പണ്ട് പണ്ട് വളരെ പണ്ട് ഒരു ഗ്രാമത്തിൽ
ഒരു സുന്ദരിക്കുയിൽ പാർത്തിരുന്നു. കണ്മഷിയെ
വെല്ലുന്ന കറുകറുത്ത,അഴകുള്ള, അവളുടെ പാട്ടുകേട്ടാണ്
ആ ഗ്രാമം ഉണരുന്നത്. ആ ഗ്രാമത്തിലെ ഒരു കർഷകന്
ഒരു കഴുതയുണ്ടായിരുന്നു. നേരം വെളുത്താൽ പകലന്തിയോളം
പണിയെടുത്താൽ വയറുനിറയെ ഭക്ഷണം കിട്ടുമായിരുന്നവന്.
എന്നും പാട്ടും പാടി പറന്നുനടക്കുന്ന കുയിലിനോട് അവനു
അസൂയയായിരുന്നു. ഒരു ദിവസം കഴുത കുയിലിനോട് പറഞ്ഞു
"എടാ നിന്റെ മനോഹരമായ പാട്ട് എനിക്കുകൂടിയൊന്നു പഠിപ്പിച്ചു
തരാമോ? കുയിലിന്‌ ഉള്ളിൽ ചിരി വന്നു. "നിന്റെ ശബ്‌ദം പാട്ടുപാടാൻ
അനുയോജ്യമല്ല." കുയിൽ കഴുതയോടു പറഞ്ഞു . " നിനക്ക് ഞാൻ
ഒരുപാടു ധാന്യമണികൾ തരാം.
എങ്ങനെയെങ്കിലും എനിക്ക് പാട്ട് പഠിപ്പിച്ചു തന്നാൽ മതി "കഴുത
കരയാൻ തുടങ്ങി . " എന്നാൽ ശരി. ഞാൻ പഠിപ്പിക്കാം. രാത്രി എല്ലാവരും
ഉറങ്ങിക്കഴിയുമ്പോൾ മാത്രം വളരെ പതിയെ പാടി പഠിച്ചാൽ മതി.പാട്ട് പഠിപ്പിക്കുമ്പോൾ കുയിൽ പ്രത്യേകം പറഞ്ഞിരുന്നു.
കർഷകൻ ഉറങ്ങിയശേഷം വളരെ പതുക്കെയേ പാട്ടുപാടാവു.
" കുയിൽ കഴുതയെ പാട്ട് പാടാൻ പഠിപ്പിച്ചു തുടങ്ങി.
........................-----------.................
........രാത്രിയായി. പകലത്തെ അധ്വാനവും കഴിഞ്ഞു
കർഷകൻ ഉറങ്ങിത്തുടങ്ങിയതേയുള്ളു. പെട്ടെന്നതാ
പുറത്തുനിന്നും ഉറക്കെ കരയുന്നതുപോലൊരു ശബ്‍ദം.
കർഷകൻ പുറത്തേക്കിറങ്ങിനോക്കി. അതാ കഴുത
ചമ്രം പടിഞ്ഞിരുന്നു പാടുകയാണ്. സാ...രീ... ഗ ..മ ......
കർഷകന് ദേഷ്യം വന്നു. അവന്റൊരു പാട്ട്.മനുഷ്യരെ
ഉറങ്ങാനും സമ്മതിക്കില്ല എന്ന് പറഞ്ഞു ഒരു മുട്ടൻ
വടിയെടുത്തു കർഷകൻ കഴുതയെ പൊതിരെത്തല്ലി. .....
നേരം വെളുത്തു പതിവുപോലെ കുയിൽ കഴുതയുടെ
അടുത്ത് വന്നു. "ഇന്നലെ പാടി പഠിച്ചോ. ആരും കേട്ടില്ലല്ലോ?" "
സുഹൃത്തേ ഇന്നലെ പാട്ടിനേക്കാൾ നല്ലൊരു കാര്യം ഞാൻ
പഠിച്ചു. ഓരോ സൃഷ്ടിക്കും ദൈവം ഓരോ കഴിവ് നൽകി
യിട്ടുണ്ട്. മറ്റൊരാളെപ്പോലെയാകണമെന്ന ദുർമോഹം
ആർക്കും നല്ലതല്ല. " " അതുകൊണ്ടു നീതന്നെ പാട്ടുപാടി
എല്ലാവർക്കും സന്തോഷം നല്കിക്കൊള്ളു."എന്താ
കുഞ്ഞുങ്ങളെ കഥ ഇഷ്ടപ്പെട്ടോ. വായിച്ചെങ്കിൽ
അഭിപ്രായം പറയണേ..

തുടരും

2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച


PURANETHIHASANGAL

വിദ്യാദേവിയായ സരസ്വതിയെക്കുറിച്ചുള്ള  ഈ  ചെറിയ അദ്ധ്യായത്തിലൂടെ
പുരാണേതിഹാസങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിച്ചാലോ."അനുഗ്രഹിക്കുക
Part1.
മഹാസമുദ്രം  പോലെ വിശാലമായ ഭാരതീയ പുരാണങ്ങൾ
മുങ്ങിത്തപ്പി അതിൽനിന്നും മുത്തുകളും പവിഴവും മുങ്ങിയെടുത്തു
അവതരിപ്പിക്കാൻ ഒരു ശ്രമം. ഇതിൽ ഒരുപാടു തെറ്റുകുറ്റങ്ങൾ കണ്ടേക്കാം.
കാരണം പല പുരാണേതിഹാസങ്ങളിലും
 കഥാപാത്രങ്ങൾക്ക് വൈരുദ്ധ്യം കാണുന്നുണ്ട്.
 അറിയാവുന്ന ആർക്കും തിരുത്താം, തെറ്റുകൾ
ചൂണ്ടിക്കാണിക്കാം.
വിദ്യാദേവതയായ സരസ്വതിദേവിയിൽ നിന്നും
തുടങ്ങാം.
പ്രകൃതിയുടെ അഞ്ചു രൂപഭേദമായ  ദുർഗ്ഗ,
രാധ,ലക്ഷ്മി,സരസ്വതി, സാവിത്രി,എന്നീ പഞ്ചദേവിമാരിൽ
ഒന്നായ സരസ്വതി ദേവിയെ കുറിച്ചാവട്ടെ  ആദ്യ കഥ.
സരസ്വതിദേവി ബ്രഹ്മ്മാവിന്റെ  പുത്രിയാണ്. ദേവിയുടെ
 ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡപുരാണത്തിൽ പറയുന്നതിങ്ങനെ:
പ്രജകളുടെ സൃഷ്ടി നടത്താനായി ബ്രഹ്മാവ്  ധ്യാനനിരതനായി
ഇരിക്കുന്ന സമയത്തു് ശാന്തമായ മനസ്സിൽ സത്വഗുണം വർദ്ധിച്ചു
വരുന്നതായി അനുഭവപ്പെട്ടു. തത്സമയം ഒരു പെൺകുട്ടി ഭൂജാതയായി
മുന്നിൽ വന്നു നിന്നു."അങ്ങയിൽ നിന്നും ജനിച്ചവളാണ് ഞാൻ. എന്റെ
 സ്ഥാനവും ജോലിയും  എന്തെന്ന് കല്പിച്ചാലും ". എന്ന് പെൺകുട്ടി
ബ്രഹ്മാവിനോട് പറഞ്ഞു. " ധന്യേ നിന്റെ പേര് സരസ്വതി എന്നാണ്.
 സകല ജീവജാലങ്ങളുടെയും നാവിന്റെ അഗ്രത്തിൽ നീ വസിക്കുക,
വിശേഷിച്ചും വിദ്വാന്മാരുടെ ജിഹ്വാഗ്രത്തിൽ  നീ നൃത്തം ചെയ്യുക.
ഒരു നദീരൂപത്തിൽ ഭൂമിയിലും നിവസിക്കണം. മൂന്നാമത് വേറൊരു
 രൂപം പൂണ്ട്‌ എന്നിലും വസിക്കുക. സരസ്വതി ദേവി പ്രസന്നയായി
ബ്രഹ്മാവിന്റെ നിയോഗം പാലിച്ചു .