2017 മേയ് 21, ഞായറാഴ്‌ച

PONSALAAKAKAL

പൊൻശലാകകൾ -1

ഞാൻ റിയ. ..........കല്യാണം കഴിഞ്ഞു ഭർത്താവും അമ്മയുമൊത്തു താമസം. ജോലിയില്ലാത്തതുകൊണ്ടു ദിവാസ്വപ്നം കാണലാണ് ജോലി.രാവിലെ ഉണർന്നു കുളി കഴിഞ്ഞു വരുമ്പോഴേക്ക് അമ്മായിയമ്മ അടുക്കള ജോലിയൊക്കെ തീർത്തു അമ്പലത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടാവും.അത്ഭുതപ്പെടേണ്ട. അമ്മായിഅമ്മ തന്നെ. പേടിയായിരുന്നു ആദ്യം. പക്ഷെ എന്റെ സ്വന്തം അമ്മപോലും എന്നെ ഇത്ര സ്നേഹിച്ചിട്ടില്ല........................
.................................................................................................................................
ഹര്യേട്ടൻ ഓഫീസിൽ പോയി; അമ്മ അടുത്തുള്ള അമ്പലത്തിൽ സപ്താഹം കൂടാനും. തനിച്ചിരിക്കുമ്പോൾ വീടിനു പിന്നിലുള്ള കൊച്ചരുവിയിലേക്കു നോക്കി സ്വപ്നം കാണലല്ലാതെ എന്ത് ചെയ്യാൻ. ............

മൂളിപ്പാട്ടും പാടി പതഞ്ഞൊഴുകുന്ന കൊച്ചരുവി. .........
കൊക്കുരുമ്മി നീന്തിപ്പോകുന്ന താറാക്കൂട്ടങ്ങൾ
ഇടയ്ക്കിടെ വെള്ളത്തിനടിയിലേക്കു തല പൂഴ്ത്തുന്നത്
കാണാൻ രസമുണ്ട്. തലയില്ലാതെ ഒഴുകുന്ന താറാവ്. കുറച്ചു കഴിഞ്ഞു തലയുയർത്തുമ്പോൾ കാണാം കൊക്കിനുള്ളിൽ മീൻ..... ആർക്കും കൊടുക്കാതെ ഒറ്റ വിഴുങ്ങലാണ് പിന്നീട്. തൊട്ടുരുമ്മിയൊഴുകി നീങ്ങുന്ന ഇണയ്ക്ക് ഒരു പങ്കുപോലും കൊടുക്കുന്നില്ല എന്ന് തമാശയ്ക്കു ഞാൻ ഓർത്തു.

.............ഹര്യേട്ടനെപ്പോലെ. ആദ്യകാലത്തു ഹര്യേട്ടനും ഇങ്ങനെയായിരുന്നു.... ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ "തനിക്കു വേണോ" എന്നുപോലും ചോദിക്കാതെ കഴിച്ചുകളയും.

"നന്നായിട്ടുണ്ടോ" എന്ന് ഞാൻ ചോദിക്കുമ്പോഴാണ്

" ഓ താൻ ടേസ്റ്റ് ചെയ്തില്ലായിരുന്നോ. നല്ല രസം തോന്നിയതുകൊണ്ട് ഞാൻ മുഴുവൻ തട്ടി."
"വിവാഹം കഴിഞ്ഞ നാളുകളിലാണ് കേട്ടോ".

ഇപ്പോൾ എന്ത് കിട്ടിയാലും എനിക്കുകൂടി തന്നിട്ടേ കഴിക്കാൻ കൂട്ടാക്കു. ......

."ഒറ്റ മോനായതു കൊണ്ട് "പങ്കുവച്ചു ശീലമില്ല. അതാ. ഇനി എല്ലാം പഠിച്ചെടുക്കണം". ഹരിയേട്ടൻ ചമ്മലോടെയാണ് പറഞ്ഞത്.

. " സാരമില്ല". ഞാൻ സമാധാനിപ്പിച്ചു." ..

.കല്യാണം കഴിഞ്ഞു പോരുമ്പോൾ ഹര്യേട്ടന്റെ അമ്മ പറഞ്ഞിരുന്നു. . അവന് ദുഃശീലങ്ങൾ ഒന്നുമില്ല. അച്ഛയുടെയും അമ്മച്ചിയുടെയും കൂടെ കൊച്ചുകുട്ടിയായ്‌ നടന്നതുകൊണ്ട് ഒരുപാടു കാര്യങ്ങൾ മോള് വേണം അവന് പറഞ്ഞു കൊടുക്കാൻ. അവന് സ്നേഹിക്കാൻ മാത്രേ അറിയൂ. മറ്റുള്ളവർ അതൊരു ബലഹീനതയായി കണക്കാക്കി അവനെ പറ്റിക്കാറുണ്ട്.ഇനി എല്ലാം മോള് നോക്കി നടത്തുക. ഞാൻ അത്രയേ പറയുന്നുള്ളു.
അമ്മ പറഞ്ഞ കാര്യം ഞാൻ ഹര്യേട്ടനോട് പറഞ്ഞപ്പോൾ
''അമ്മ പിശുക്കിയാണെന്നറിയില്ലേ. കിട്ടുന്നതൊക്കെ ഞാൻ കൂട്ടുകാർക്കു വാരിക്കോരി കൊടുക്കയാണെന്ന അമ്മ പറയുന്നത്. താൻ അതൊന്നും കാര്യമാക്കേണ്ട " എന്ന് പറയുകയും ചെയ്തു.

ഒറ്റയ്ക്ക് വളർന്നതായതുകൊണ്ട് ആദ്യ നാളുകളിൽ ഒരുപാട് സങ്കടപ്പെടുമായിരുന്നു ഞാൻ. ഹര്യേട്ടന്റെ അമ്മ ഓരോന്നോരോന്നു പറഞ്ഞു തന്നു തന്ന്'മുൻകോപക്കാരിയായിരുന്ന താനിപ്പോൾ ക്ഷമാശീലമുള്ള നല്ല കുടുംബിനി ആയിരിക്കുന്നു. ഹര്യേട്ടന്റമ്മ എന്നും എനിക്ക് സ്വന്തം അമ്മയായിരുന്നു.
................................ഇന്ന് ഹര്യേട്ടൻ ഒരുപാട് മാറിയിരിക്കുന്നു. ..............രാത്രി അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട വിഭവങ്ങൾ ഉണ്ടാക്കി അർദ്ധരാത്രിവരെ ഉറങ്ങാതെ നോക്കിയിരിക്കുന്ന എന്നോട് അമ്മ പറയും.

" അവൻ കൂട്ടുകാരോടൊത്തു ഭക്ഷണമൊക്കെ കഴിച്ചിട്ടേ മിക്കവാറും വരൂ" മോള് കഴിച്ചു കിടന്നോളു"

................ രാത്രി 2 മണിക്കാവും മിക്കവാറും വരവ്. ഒരിക്കൽപോലും മദ്യപിച്ചിട്ടില്ല എങ്കിലും വൈകിയുള്ള വരവ് എങ്ങിനെ മാറ്റിയെടുക്കും എന്നോർത്ത് ഞാൻ വിഷമിച്ചു. അമ്മ തന്നെ അതും സോൾവ് ചെയ്തു. ഒരുദിവസം വൈകിയെത്തിയപ്പോൾ 'അമ്മ ഹര്യേട്ടനോട് പതുക്കെ പറയുന്നത് ഞാൻ കേട്ടു." ആ കൊച്ചു എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് നീ ചോദിച്ചോ?"
അദ്ദേഹം അത്ഭുതഭാവത്തിൽ "അതെന്തേ" "അമ്മയ്‌ക്കൊപ്പം കഴിച്ചുകാണും എന്നാ ഞാൻ ഓർത്തത്"

. ഹര്യേട്ടൻ ഒരുനിമിഷം എന്തോ ആലോചിച്ചു നിൽക്കുന്നത് ഇരുട്ടിൽ നിന്ന ഞാൻ കണ്ടു. ഒന്നും അറിയാത്തപോലെ കണ്ണുമടച്ചു കിടപ്പായി ഞാൻ.

കയറിവന്നു തന്നെ കുലുക്കി വിളിച്ചു. അപ്പോൾ ഉണർന്നതുപോലെ ഞാൻ എഴുന്നേറ്റു. ഒന്നും ചോദിക്കാൻ പോയില്ല. ആ പാതിരാത്രി എന്റെയൊപ്പം ഭക്ഷണം കഴിച്ചു; ആവശ്യമില്ലെങ്കിലും. പിന്നീടൊരിക്കലും ഹര്യേട്ടൻ വൈകിവരാറേയില്ല. അമ്മ എന്നും പറഞ്ഞുതരും. അല്പം ക്ഷമയോടെ നേരിട്ടാൽ ഏതു കൊലകൊമ്പൻ ഭർത്താവിനെയും വരച്ച വരയിൽ നിർത്താം. ഇടയ്ക്കു ഹര്യേട്ടൻ അമ്മയോട് ചോദിക്കുന്നത് കേൾക്കാം. 'അമ്മ എന്റെ സ്വന്തം അമ്മയോ, അതോ അമ്മായിയമ്മയോ എന്ന്"
. അമ്മ കണ്ണിറുക്കി ചിരിക്കും. "ഞാൻ അവളുടെ മാത്രം അമ്മയാ"
എന്ന്. പറഞ്ഞ്...
എന്റെ കൂട്ടുകാരികൾ ഫോണിലൂടെ എന്നും അമ്മായിയമ്മയുടെ കുറ്റങ്ങൾ നിരത്തുമ്പോൾ ഞാൻ ചോദിക്കാറുണ്ട് ..
"നിങ്ങൾ ഇതുവരെ അവരോടു മനസ്സ് തുറന്നൊന്നു സംസാരിച്ചിട്ടുണ്ടോ?"നിങ്ങള്ക്ക് നിങ്ങളുടെ ഭർത്താവിനെ ഇഷ്ടമാണോ. അദ്ദേഹത്തെ പൊന്നുപോലെ വളർത്തി പഠിപ്പിച്ചു..മിടുക്കനാക്കി..ഒരു പെങ്കൊച്ചിന്റെ കയ്യിലേൽപിച്ച ആ അമ്മയെ എന്തുകൊണ്ട് ഇഷ്ടമില്ല? ശരിയായിരിക്കാം... ഇന്നലെവരെ തന്റെ പിന്നിൽനിന്ന് മാറാതെ നടന്ന മോൻ മറ്റൊരുത്തിയുടെ വാലായി പോകുന്നത് കാണുമ്പോൾ ചില വിവരമില്ലാത്ത അമ്മായിയമ്മമാർ
അല്പം പിണങ്ങുമായിരിക്കാം. സ്നേഹം കൊണ്ട് അവരെ കീഴ്പ്പെടുത്തുക. എന്റെ 'അമ്മ എനിക്ക് തന്ന ഉപദേശം അതായിരുന്നു.

"പിന്നെ..എനിക്ക് സംസാരിക്കാൻ എന്റെ അമ്മയുണ്ട്ഞാൻ അവരോടു എന്ത് പറയാൻ."
" പണ്ട് കാലത്തേ അമ്മായിയമ്മയല്ല ഇന്നത്തേത്"
എന്നൊക്കെ പറയുമ്പോൾ ...എനിക്ക് വട്ടാണെന്ന് പറഞ്ഞു അവർ ചിരിക്കും.
കൂടുതലും വിവാഹബന്ധങ്ങൾ തകരുന്നത് ..പരസ്പരം മനസ്സിലാക്കാത്തതുകൊണ്ടാണെന്നു റിയ ഓർത്തു. .....

ഓ അമ്മയുടെ വിളി കേൾക്കുന്നുണ്ട്. ഞാൻ എഴുന്നേറ്റു...

അല്ലെങ്കിൽ 'അമ്മ അന്വേഷിച്ചു വരും....

............^................................^..........................^.........

നാളെ ഞായറാഴ്ചയാണല്ലോ എന്നോർത്ത് ടീവിയിൽ സിനിമയും കണ്ടിരുന്ന്
ഉറങ്ങിയപ്പോൾ ഒരുപാടു വൈകി. രാവിലെ ഉണർന്ന് കുളിച്ചൊരുങ്ങി
താഴെയെത്തിയപ്പോൾ അമ്മയെവിടെയോ യാത്രയ്‌ക്കൊരുങ്ങി നിൽക്കുന്നു.
" മോളുണർന്നോ? ഞാനൊന്നു തറവാട്ടിൽ പോയി വരാം. അമ്മയ്ക്കിത്തിരി അസുഖം കൂടുതലാ. ചിലപ്പോൾ 2 ദിവസം നിൽക്കേണ്ടിവരും. കാളുവമ്മ
സഹായത്തിനു വരും. രണ്ടുപേരുംകൂടി വീടുവരെ പോകുന്നെങ്കിൽ പോയി വാ.
"ഹര്യേട്ടൻ എഴുന്നേറ്റില്ല. ഞാൻ വിളിക്കാം ".
" ഒഴിവുദിവസമല്ലേ അവനുറങ്ങിക്കോട്ടെ.
പറഞ്ഞാൽ മതി"
. ..പുഴ കടന്നാലേ അമ്മയുടെ വീട്ടിലേക്കുള്ള ബസ് കിട്ടു. പുഴയിൽ വാസുവേട്ടന്റെ വഞ്ചി കിടക്കുന്നിടം വരെ ഞാനും കൂടി അമ്മയോടൊപ്പം നടന്നു.
വഞ്ചി അകലുംവരെ 'അമ്മ കൈവീശി. ..........

ഒരുപാട്‌ദിവസമായി വീട്ടിൽ പോയിട്ട്. ഹര്യേട്ടനെ ഉണർത്താം...
വിളിക്കാതെതന്നെ ഹര്യേട്ടൻ വന്നു. അമ്മ പോയകാര്യം പറഞ്ഞപ്പോഴാണ് ഏട്ടൻ പറഞ്ഞത് " ഇന്ന് നമുക്കൊരു ഫങ്ക്ഷന് അറ്റൻഡ് ചെയ്യാനുണ്ട് .
ഒരുങ്ങിക്കോളു. ബ്രേക്‌ഫാസ്റ് കഴിഞ്ഞു ഞങ്ങൾ പുറപ്പെട്ടു. ഏട്ടന്റെഓഫീസിലെഒരുസഹപ്രവർത്തകന്റെ കുട്ടിയുടെ പിറന്നാൾ വലിയ ഹോട്ടലിൽ ആയിരുന്നു
അറേഞ്ച് ചെയ്തിരുന്നത്. ഓഫീസിലുള്ള എല്ലാവരും ചേർന്ന് നല്ലൊരു സമ്മാനമൊക്കെ
വാങ്ങിയിരുന്നു. അവിടെനിന്നു തിരിയെപോരുമ്പോൾ ഞാൻ ഏട്ടനോട് പറഞ്ഞു.
" നമുക്ക് ഒന്ന് അമ്മമ്മയെപോയി കണ്ടിട്ട് പോന്നാലോ? ഇന്നിനി വേണോ?
ഹര്യേട്ടൻ മടിച്ചു. പക്ഷെ എനിക്കെന്തോ ഒന്ന് പോയാലോ എന്ന് തോന്നി.
ബൈക്കിന്റെ ശബ്ദം കേട്ടാവണം അകത്തുനിന്നു ആരൊക്കെയോ പുറത്തേക്കു
വന്നു. "നമ്മുടെ ഹരിയും ഭാര്യയുമാ". വീടിനുള്ളിൽ നിറയെ ആളുകളാണ്.
" അമ്മമ്മയ്ക്കെന്തെങ്കിലും?.....പോവാനുള്ള സമയമായീന്നാ തോന്നുന്നേ.
ഞങ്ങൾ വേഗം അകത്തേക്കോടി. കയ്യിൽ കൊച്ചു കപ്പിൽ നിന്ന് 'അമ്മ
അമ്മമ്മയുടെ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുക്കയാണ്. ഹര്യേട്ടനും
വേഗം സ്പൂണിൽ അൽപ്പം വെള്ളം ആ വായിലേക്ക് ഒഴിച്ച് കൊടുത്തു.
ഒരുനിമിഷം ആ കണ്ണൊന്നു തുറന്നടഞ്ഞു. അമ്മ എന്നെ കെട്ടിപ്പിടിച്ചു.
തിരിച്ചുപോരുമ്പോൾ മനസ്സിലെന്തോ വലിയ സമാധാനം തോന്നി.
ഹര്യേട്ടനെ ആ അമ്മമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു എപ്പോഴുംപറയുമായിരുന്നു.
" ഇന്ന് നമുക്ക് സിനിമയ്ക്ക് പോവാമെന്നു ഹര്യേട്ടൻ
പറഞ്ഞിട്ടും സമ്മതിക്കാതെ അവിടെ പോകാൻ തോന്നിയതിനും
അവസാനമായി ഒരിറ്റു വെള്ളം കൊടുക്കാൻ ഹര്യേട്ടന് കഴിഞ്ഞതിനും ദൈവത്തോട് നന്ദി പറഞ്ഞു......
ബൈക്കിൽ അദ്ദേഹത്തോട് തൊട്ടിരിക്കുമ്പോൾ മനസ്സിലെവിടെയോ.....ഒരു തരി വെട്ടം മിന്നി.

2017 മേയ് 20, ശനിയാഴ്‌ച

3.HAIKKU POEMS

1.സർവംസഹ! സ്ത്രീ;
"നെല്ലിപ്പലക കണ്ടു."
ക്ഷമിക്കു ഭൂവേ

2.തോരാത്ത മഴ;
മുറ്റം നിറയെ വെള്ളം.
"ഇലയിൽ എറുമ്പ്"

3.തംബുരു മൂകം!
പാടാൻ മറന്നു പോയി;
പ്രക്ഷുബ്ധ മനം.

Bhanumohan


SANKOLI

--^--ശംഖൊലി--^--
***
സ്വർണ്ണ രുദ്രാക്ഷം ഇന്ന്
കഴുത്തിലണിയുമ്പോൾ
ദീപ്തമായമ്മതൻ ശോണാധരം.
ഭക്തിതൻ ലേബലിൽ
മുക്തിതൻ മാറ്റുരയ്ക്കാം;
മറ്റുള്ളവർ തൻ കണ്ണിൽ
വെട്ടപ്പെടാതെയുമിരിക്കാം;
വമ്പൻ സാമ്രാജ്യങ്ങൾ
വെട്ടിപിടിക്കുമ്പോഴെല്ലാം
കൈപിടിച്ച് കാലിടറാതെ
കുഴിയിലടരാതെ
നെഞ്ചോടമർത്തി
ഇണ്ടലറിയിക്കാതഞ്ചും
വലുതാക്കിയതാരോർക്കാൻ?
സ്വർണക്കൊടിമരവും
കാരുണ്യഭാരവും
പേറി ചുമലുകൾ
ചായുമ്പോഴും
പെറ്റമ്മയ്ക്കല്പം
മധുരം, കയ്പായാലും!
രുചിച്ചോ എന്നോർമിക്കാൻ
മറന്നിരിക്കുന്നോർ;
മറന്നോട്ടെ
അമ്മയ്ക്ക് തങ്ങാനിടം
കണ്ടുവച്ചല്ലോമക്കൾ
സ്വർണം കെട്ടിയ
രുദ്രാക്ഷവും കാഷായ
വസ്ത്രവും.
തളരുമ്പോൾ കൂട്ടിനു
ശരണാലയവും.
Bhanumohan

2017 മേയ് 14, ഞായറാഴ്‌ച

PAALAAZHIMADHANAM

ബ്രഹ്‌മാവും വിഷ്ണുവും,ദേവേന്ദ്രനും,ഗന്ധർവന്മാരും,അപ്സരസ്സുകളുമെല്ലാം കഥാപാത്രങ്ങളാവുന്ന,രസനീയവും,ഒപ്പം ചിന്തിക്കാൻ   വക  നല്കുന്നവയുമായ കുറച്ചു പുരാണ കഥാപാത്രങ്ങളെ നമുക്കിനിയും പരിചയപ്പെടാം. രാമായണത്തിലേക്കും,മഹാഭാരതത്തിലേക്കും,മഹാഭാഗവതത്തിലേക്കും ഇടയ്ക്കിടെ നമുക്കൊന്ന് എത്തിനോക്കുകയുമാവാം.എന്റെ എളിയ സംരംഭമാണ്. മഹാരഥന്മാർ  എഴുതിത്തെളിയിച്ച ദീപത്തിൽനിന്ന് ഒരു ചെറു നാളം.

അദ്ധ്യായം -7
പുരാണകഥാപാത്രങ്ങൾ

 1.ദേവലോകത്തിലെഅപ്‌സരസ്സുകൾ .

          ദേവേന്ദ്രനുചുറ്റും വിഹരിക്കുന്ന 27അപ്സരകന്യകമാരായിരുന്നു.മേനക,രംഭ,
അലംബുഷ,അരുണ,വിദ്യുൽപർണ്ണ,സുബാഹു,പ്രമാഥിനി,അസിത,പിശാചി,
ഘൃതാചി ,മനോരമ,കാമ്യ,വിദ്യുൽമാല,സുകേശിനി,കാഞ്ചനമാല,ചന്ദ്രപ്രഭ,
കർണികാ,പ്രേംലോച,മരീചി,സുരജ,സുഗന്ധ,സുപ്രിയ,സുരത,അംബിക,ക്ഷേമ,രെക്ഷിത,സഹജന്യ
എന്നിവർ.അന്ന്  ഉർവ്വശിയോ,തിലോത്തമയോ  സൃഷിക്കപ്പെട്ടിരുന്നില്ല.
പിൽക്കാലത്തു  ഇവർ രണ്ടുപേരും ദേവസദസ്സിൽ വന്നു ഒന്നും രണ്ടുംസ്ഥാനം കയ്യടക്കിയത്രേ.
ദേവസദസ്സിലെ  ഗാന,നൃത്ത,സംഗീത,നാട്യകലാപ്രവീണമാരാണിവർ.(മഹർഷിമാരുടെ
തപസ്സുകൾ മുടക്കുവാൻ ഇവർ ബഹു മിടുക്കികളാണ് കേട്ടോ).
                    ഒരുദിവസം ഇവർ 27 പേരും ചേർന്ന് ഒരു വിനോദയാത്ര പോകുവാൻ നിശ്ചയിച്ചു.
ഓരോരുത്തരുടെയും കയ്യിൽ സ്വർഗ്ഗീയ മനോഹാരിതയാർന്ന സുഗന്ധപുഷ്പങ്ങൾ നിറച്ച
ഓരോ പൂക്കൂടയുമുണ്ടായിരുന്നു. അവർ നടന്നു നടന്നു മാനസ്സസരസ്സിന്റെ തീരത്തു എത്തിച്ചേർന്നു.
അവർ ഒന്നിച്ചിരുന്നു പൂക്കൂടകളിലേ സ്വർലോക കുസുമങ്ങൾ കൊണ്ട് ഒരു വാടാമലർമാല
കൊരുത്തു .ഈ മാല ആർക്കു കാഴ്ചവയ്ക്കണം?
കന്യകമാരെല്ലാവരും കൂടി തലപുകഞ്ഞാലോചിച്ചു.ഭൂലോകത്തിപ്പോൾ
 മനുഷ്യവാസം പോലുമില്ല. അവിടെയതുകൊണ്ടു ആർക്കും കൊടുക്കാനാവില്ല.
ഇപ്പോൾ പിതാമഹൻ സൃഷ്ടിച്ചിരിക്കുന്ന പ്രജാപതിമാരും മഹർഷിമാരും
മനുഷ്യരാണെങ്കിലും അവരെല്ലാവരും ദേവലോകത്തും ശിവലോകത്തും
 ചുറ്റിപ്പറ്റി കഴിയുന്നവരാണ്.പിന്നെ നമ്മൾ ഈ മാല ആർക്കാ ഇപ്പൊ കൊടുക്കുക?
ശിവന് കൊടുത്താൽ അതപ്പോൾത്തന്നെ പാർവതിക്ക് കൊടുക്കും.ഉറപ്പ്.വിഷ്ണുദേവന്
കൊടുത്താൽ ആ മാല രണ്ടായി പകുത്തു ഓരോ കഷ്ണം ലക്ഷ്മിക്കും  ധരയ്‌ക്കുമായി
  കൊടുക്കും.പിതാമഹന് കൊടുക്കാമെന്നു വച്ചാൽ ആദ്യമായി അവിടെ എത്തുന്ന
 നാരദന് കൊടുത്തിരിക്കും. ഓ...നാരദർ നമ്മൾ കൊരുത്ത വിശേഷപ്പെട്ട ഈ മാല
ധരിച്ചുകൊണ്ട് നടക്കുന്നത് ഓർക്കാൻതന്നെ വയ്യ. വലിയ ഏഷണിക്കാരനുമാണയാൾ.
അത് വേണ്ട. പിന്നെ ആരുണ്ട് ഈ മാല കൊടുക്കാൻ? ഹിമവൽസാനുക്കളിൽ തപസ്സുചെയ്യുന്ന
രണ്ടു മഹർഷിമാരുണ്ട്.ഒന്ന് വസിഷ്ഠൻ;രണ്ടാമതായി ദുർവാസാവ്.വസിഷ്ഠന് കൊടുത്താൽ
അതപ്പോൾത്തന്നെ പത്നിയായ അരുന്ധതീദേവിക്ക്‌ കൊടുക്കും.മുനിപത്നിമാർക്കു
 മാല കെട്ടിക്കൊടുക്കുന്ന പതിവൊന്നും നമുക്കില്ല. എന്തിന്‌? ദേവേന്ദ്രന്റെ
പത്നിയായ സചിദേവിക്ക്‌ പോലും
നാമിതുവരെ ഒരുമാലപോലും കൊരുത്തുകൊടുത്തിട്ടില്ല.അവസാനം അവർ
മാല ദുർവാസാവ് മഹർഷിക്ക് കൊടുക്കാമെന്നു നിശ്ചയിച്ചു.അദ്ദേഹത്തിന്
ഭാര്യയുമില്ല. മുൻകോപിയാണെങ്കിലും ആൾ
നല്ലവനാണെന്നാ കേട്ടിട്ടുള്ളത്. എന്തായാലും നമുക്കീ വാടാമലർമാല
അദ്ദേഹത്തിന് തന്നെ കൊടുക്കാം. ഒരു കാര്യം ചെയ്യാം. നാമെല്ലാവർക്കും
വേണ്ടി മേനകതന്നെ മാല മുനിവര്യന്റെ കയ്യിൽ കൊടുക്കണം.
ഇപ്രകാരം ചിന്തിച്ചുറച്ച വിദ്യാധരിമാർ  ഹിമാലയസാനുപ്രദേശത്തുള്ള
 ദുർവാസാവിന്റെ ആശ്രമത്തിൽ പ്രവേശിച്ചു. മുനിയെ വന്ദിച്ച
കന്യകമാരെ അദ്ദേഹം സ്നേഹപുരസ്സരം സ്വീകരിച്ചു.
തങ്ങളുടെ  ഭൂലോകപര്യടനവേളയിൽ സ്വർഗ്ഗത്തിൽനിന്നൊരെളിയ
ഉപഹാരം കൊണ്ടുവന്നിട്ടുണ്ടെന്നും അത് മഹർഷി സന്തോഷത്തോടെ
സ്വീകരിക്കണമെന്നും എല്ലാവര്ക്കും വേണ്ടി മേനക മുനിയോടഭ്യർത്ഥിച്ചു.
സന്തുഷ്ടനായ ദുർവാസാവ് മഹർഷി മനോമോഹനവും ദിവ്യസുഗന്ധവാഹി
നിയുമായ ആ മാല മേനകയിൽനിന്നും സ്വീകരിച്ചു. ആ മാലയിൽനിന്നും
 പ്രവഹിച്ച സൗരഭ്യം ചുറ്റുപാടെല്ലാം പരിമളപൂരിതമാക്കി.അപ്സരകന്യകമാർക്കു
 ഫലമൂലാദികൾ നൽകി സൽക്കരിച്ചശേഷം മുനി അവരെ യാത്രയാക്കി.
                                *****************************
        അവരെ യാത്രയാക്കിയശേഷം,ദുർവാസാവ് ഇപ്രകാരം ചിന്തിച്ചു."ഞാൻ
ഈ മാല കന്യകമാരിൽനിന്നും സ്വീകരിച്ചത് എന്റെ ജടയിൽ ചൂടാനൊന്നുമല്ല.
എന്നോടുള്ള അവരുടെ സ്നേഹാദരങ്ങൾ കണ്ടപ്പോൾ ഇത് സ്വീകരിക്കാതെയി
രുന്നാൽ അതവരെ അത്യന്തം ദുഃഖിതരാക്കുമല്ലോ എന്നോർത്താണ്‌.പക്ഷെ
 ബ്രഹ്മചാരിയും താപസനും വിഭാര്യനുമായ എനിക്ക് ഈ മാല എന്തുചെയ്യാനാണ്.
 അപ്സരസ്സുകൾ എനിക്ക് തന്ന ഈ മാലയാൽ ആകർഷിക്കപ്പെട്ട് എന്റെ
 ആശ്രമാന്തർഭാഗവും,പരിസരങ്ങളും   മത്തഭൃംഗങ്ങളാൽ നിറയപ്പെടുന്ന
തിനുമുൻപ്  ആർക്കെങ്കിലും കൊടുത്തേ തീരു.

                      ഈ മാല ധരിക്കാനേറ്റവും ഉത്തമൻ ദേവേന്ദ്രൻ തന്നെയാണെന്നാണെനിക്ക്
 തോന്നുന്നത്. ദേവേന്ദ്രനെ വിളിച്ചു വരുത്തുക തന്നെ.മഹാമുനി ദേവേന്ദ്രനെ
മനസ്സിൽ സ്മരിച്ചു. മുനിയുടെ വിചാരവീചികൾ അങ്ങ് സ്വർഗ്ഗത്തിൽ ലഭിച്ച
 ദേവേന്ദ്രൻ ഇപ്രകാരം ചിന്തിച്ചു. "ദുർവാസാവ് മഹർഷി എന്നെ വിളിക്കുന്നുണ്ട്.
എന്തിനാണാവോ? കണ്ണടച്ചുതുറക്കുന്നതിനുമുന്പ് ഞാൻ അദ്ദേഹത്തിന്റെ
ആശ്രമത്തിൽ എത്താത്തപക്ഷം അദ്ദേഹം കോപിഷ്ഠനായി ശപിച്ചാലോ?
മനോവേഗമുള്ള സ്വന്തം വാഹനമായ മത്തഹസ്തിയുടെ പുറത്തുകയറി
കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളിൽ ഹിമാലയസാനുവിലുള്ള ദുർവാസാവ്
മഹർഷിയുടെ ആശ്രമത്തിലെത്തി മഹർഷിയെ വന്ദിച്ചു.മഹർഷി,ദേവേന്ദ്രനെ
വിളിക്കാനുണ്ടായ കാരണങ്ങൾ വിവരിച്ചു. ആ മാല ധരിക്കാനേറ്റവും ഉത്തമപുരുഷൻ
ദേവേന്ദ്രനാണെന്നും  അതിനാൽ താനാ മാല ദേവേന്ദ്രന് നൽകുകയാണെന്നും മഹർഷി
അറിയിച്ചു.  ദേവേന്ദ്രൻ സന്തോഷത്തോടുകൂടി ആ മാല സ്വീകരിച്ചു. മുനിയോട് യാത്ര
പറഞ്ഞു തിരിച്ചുപോരാനായി ദേവേന്ദ്രൻ ആശ്രമമുറ്റത്തു  നിന്നിരുന്ന തന്റെ വാഹനമായ
 മത്തഹസ്തിയുടെ  പുറത്തുകയറി. മാലയെടുത്തു മുടിയിൽ ചൂടുന്നതിനുമുന്പ്
മുടിയൊന്നു ചീകിയൊതുക്കാനായി മാലയെടുത്തു
നിമിഷനേരത്തേക്കു മത്തഹസ്തിയുടെ മസ്തകത്തിൽവച്ചു.
ദിവ്യപുഷ്പത്തിൽനിന്നും പരന്ന സൗരഭ്യത്തിൽ ആകൃഷ്ടരായി
 മൂളിപ്പറന്ന വണ്ടുകൾ ആനയെ വല്ലാതെ കോപിഷ്ടനാക്കി.
നാൽകൊമ്പൻ മസ്തകത്തിലിരുന്ന മലർമാല തുമ്പിക്കയ്യാലെടുത്ത്
 ഭൂമിയിലിട്ടു കാൽകൊണ്ട് ചവിട്ടിയരച്ചു. ഇത് കണ്ടത്യന്തം പരിഭ്രമിച്ച ദേവേന്ദ്രൻ
 ആനപ്പുറത്തുനിന്ന്‌ താഴെയിറങ്ങി.മഹാമുനി ഇതെല്ലാം കണ്ടുകൊണ്ടിരുന്നു.
തൻറെ കണ്മുന്നിൽ വച്ചുതന്നെ ദിവ്യമായ ആ പൂമാല ആന ചവിട്ടിയരയ്ക്കാനിടയായത്
 ദേവേന്ദ്രൻറെ അശ്രദ്ധയും അഹങ്കാരവും മൂലമാണെന്നും അയാൾക്ക് തന്നോടുള്ള
അനാദരവിന്റെ ഒരു സൂചനയാണതെന്നും ദുർവ്വാസാവിനു തോന്നി. അദ്ദേഹം
 കോപിഷ്ഠനായി,എന്തുപറയണമെന്നറിയാതെ കുഴഞ്ഞുനിൽക്കുന്ന ദേവേന്ദ്രനെ നോക്കി അലറി.
"ഹേ...അഹങ്കാരിയായ ദേവേന്ദ്രാ;താങ്കൾക്കെന്നോട് തെല്ലുപോലും ആദരവുണ്ടായിരുന്നെങ്കിൽ
ഇങ്ങനെ സംഭവിക്കുമായിരുന്നോ? ആനയുടെ മസ്തകത്തിലണിയിക്കാനായിരുന്നോ ഞാൻ
ഹാരംനൽകിയത്? നിന്നെയും നിന്റെ അഹങ്കാരികളായ ദേവവർഗ്ഗത്തെയും  ഞാനിതാ
ശപിക്കുന്നു "ഇന്നുമുതൽ നിനക്കും സർവ ദേവലോകവാസികൾക്കും   ജരാനരയും വാർദ്ധക്യവും
ബാധിക്കട്ടെ" ദേവലോകവാസികളുടെ സൗന്ദര്യവും യുവത്വവും, ജരാനരയാലും,വാർദ്ധക്യത്താലും
 മൂടപ്പെടട്ടെ."മുനി ഇത്രയും പറഞ്ഞുതീരും മുൻപ് ദേവേന്ദ്രൻ മുടിയും നരച്ചു വയോവൃദ്ധനായി
 മുനിയുടെ കാൽക്കൽ വീണു ശാപമോക്ഷത്തിനായി യാചിച്ചു. പാലക്കാട കടഞ്ഞു കിട്ടുന്ന
അമൃത് ഭുജിച്ചാൽ ദേവലോകവാസികളുടെ ജരാനരയും വാർദ്ധക്യവും വിട്ടൊഴിയും.
നിമിഷങ്ങൾക്കുമുന്പ്  കാമദേവനെപ്പോലെ സുന്ദരനും സൂര്യനെപ്പോലെ
തേജസ്വിയും മഹേശ്വരനെപ്പോലെ യൗവ്വനയുക്തനുമായിരുന്ന ദേവേന്ദ്രൻ
കൂനി കുരച്ചു വളരെ പ്രയാസപ്പെട്ടു മത്തഹസ്തിയുടെ പുറത്തുകയറി
ദേവലോകത്തേയ്ക്കു യാത്രയായി.

ജരാനരകളുടെയും വൈരൂപ്യത്തിന്റെയും വിചിത്രലോകമായി
 മാറിയ ദേവലോകം കണ്ടു ബ്രഹ്മാവ് അമ്പരന്നു. മൂന്നുലോകങ്ങളും
വിവർണ്ണമായി. ചെടികളും വള്ളികളും ക്ഷയിച്ചു. യാഗങ്ങൾ നടക്കാതെയായി.
ഈ ക്ഷീണാവസ്ഥ കണ്ട അസുരന്മാർ ദേവന്മാരെ എതിർക്കാനുള്ള ശ്രമം തുടങ്ങി.
വിവശരായ ദേവന്മാർ വിഷ്ണുദേവനെ അഭയം പ്രാപിച്ചു. വിഷ്ണുദേവൻ ഇങ്ങനെ അരുളിച്ചെയ്തു.
"നിങ്ങൾ അസുരന്മാരോടുകൂടി സകല ഔഷധികളും കൊണ്ടുവന്നു പാൽക്കടലിൽ ഇട്ടു
മഹാമേരുപർവ്വതത്തെ കടകോലും വാസുകിയെ കയറുമാക്കി അമൃതം കടഞ്ഞെടുക്കുക.
 അത് പാനംചെയ്താൽ നിങ്ങള്ക്ക് പഴയപോലെ  ബലവാന്മാരും മരണമില്ലാത്തവരും
 ആയിത്തീരും. അസുരന്മാർ ക്ലേശത്തിൽമാത്രം പങ്കുകൊള്ളാവിനും കടഞ്ഞുകിട്ടുന്ന
അമൃതിൽ പങ്കുകാരാകാതിരിക്കാനും ഞാൻ വേണ്ടത് ചെയ്തുകൊള്ളാം"
                 ********************

പാലാഴിമഥനം പുരോഗമിച്ചു തുടങ്ങി. പാലാഴിയിൽനിന്നും വിവിധ ജീവികളും
വസ്തുക്കളും ഓരോന്നോരോന്നായി ഉയർന്നുവരാൻ തുടങ്ങി.
ആദ്യമായി ഉയർന്നുവന്നത് സുരഭി അഥവാ കാമധേനു (നന്ദിനി )
എന്നറിയപ്പെടുന്ന;എല്ലായ്പ്പോഴും പാൽ ചുരത്തുന്ന,ഏതാഗ്രഹവും
നിറവേറ്റിത്തരുന്ന പശുവാണ്.മഹർഷിമാരുടെ ആശ്രമാവശ്യങ്ങൾക്കും
ദേവകളുടെ പ്രത്യേകാവശ്യങ്ങൾക്കുമായി കാമധേനുവിനെ ബ്രഹ്മലോകത്തു
സൂക്ഷിച്ചുകൊള്ളാൻ  മഹാവിഷ്ണു  ബ്രഹ്മാവിനോട് പറഞ്ഞു. അടുത്തതായി
പാൽകടലിൽനിന്നും പൊങ്ങിവന്നത് തൂവെള്ള നിറമുള്ള  ഒരു നാൽക്കൊമ്പൻ
 ആനയാണ്. ഐരാവതമെന്നു പേരായ ഈ ഗജത്തിനെ ഇന്ദ്രന് വേണമെന്ന്
പറഞ്ഞപ്പോൾ മഹാവിഷ്ണു സമ്മതിച്ചു.
  ഐരാവതത്തിനുശേഷം പൊങ്ങിവന്നത്  "ഉച്ചൈശ്രവസ്സ്"  എന്നുപേരായ
 തൂവെള്ള നിറമുള്ള അശ്വമാണ്.മനോവേഗമുള്ള ഈ കുതിരയെയും
ഇന്ദ്രന് വേണമെന്ന് പറഞ്ഞതു വിഷ്ണു  സമ്മതിച്ചു.  പിന്നീട് പൊങ്ങിയത്
അതിമനോഹരമായ ചന്ദ്രക്കലയാണ്.ശിവൻ ആ ചന്ദ്രക്കല തൻറെ
ശീർഷാഭരണമായി സ്വീകരിച്ചു.അടുത്തതായി പൊന്തിവന്നത് "കൗസ്തുഭം"
എന്ന രത്‌നമായിരുന്നു.ഈ  കമനീയ രത്നമാണ്  മഹാവിഷ്ണുവിന്റെ
മാർത്തടാലങ്കാരമായി ഇന്നും ശോഭിക്കുന്നു. അതിനുശേഷം ദിവ്യമായ
പരിമളം പരത്തുന്ന പൂക്കളോടുകൂടിയ പാരിജാതച്ചെടിയും അതിനും
പുറകിലായി ഹൃദയാഭിലാഷങ്ങൾ നിർവിഘ്‌നം നിറവേറ്റുന്ന
കല്പകവൃക്ഷവും പൊങ്ങിവന്നു. ഇവ രണ്ടും ദേവേന്ദ്രൻ
സ്വർഗ്ഗലോകത്തേയ്ക്കുവേണ്ടി എടുത്തു മാറ്റിവച്ചു.പിന്നീട്
അതിസൗന്ദര്യവതികളായ അനേകം അപ്സരകന്യകമാർ
ഉയർന്നുവന്നു. അവരെയെല്ലാം ദേവേന്ദ്രൻ ദേവലോകത്തിനു
വേണ്ടി സ്വീകരിച്ചു.
                   ആറാമത് പാൽക്കടലിൽനിന്നും ഉയർന്നുവന്ന വിഷാംശത്തെ
 നാഗങ്ങൾ വലിച്ചെടുത്തു. അതിനുശേഷം ശുഭ്രവസ്ത്രധാരിയായ ധന്വന്തരി
ഭഗവാൻ അമൃതം നിറഞ്ഞ കമണ്ഡലുവും എടുത്തുകൊണ്ട് ഉയർന്നുവന്നു.
ഇതുകണ്ട് എല്ലാവരും അത്യന്തം സന്തുഷ്ടരായി.പിന്നീട് കയ്യിൽ കമലവുമേന്തി
തിളങ്ങുന്ന കാന്തിയോടുകൂടി വിടർന്നുനിൽക്കുന്ന താമരപ്പൂവിൽ ഇരുന്നു
മഹാലക്ഷ്മി ആവിർഭവിച്ചു.ആ ദേവിക്കുവേണ്ടി ഗന്ധർവന്മാർ ഗാനങ്ങൾ
ആലപിച്ചു.അപ്സരസ്ത്രീകൾ നൃത്തമാടി; ആ ഭഗവതിയുടെ നീരാട്ടിനായി
ഗംഗാദേവി കൈവഴികളോടെ ചേർന്നു.പാലാഴിതന്നെ മൂർത്തിമാനായി
മുന്നിൽ വന്ന് ഒരിക്കലും വാടിപ്പോകാത്ത താമരപുഷ്പങ്ങൾ കൊണ്ടൊരു
മാല കൊരുത്തു ദേവിക്കു സമർപ്പിച്ചു

                  സർവാഭരണ വിഭൂഷിതയായ  ലക്ഷ്മീദേവിയെ  മഹാവിഷ്ണു ഭാര്യയായി
സ്വീകരിച്ചു.  ഇതുകണ്ട് ഇഷ്ടപ്പെടാതെ അസുരന്മാർ ധന്വന്തരിയുടെ കയ്യിലിരുന്ന
 അമൃതകുംഭം അപഹരിച്ചു കടന്നു കളഞ്ഞു. അമൃത് നഷ്ടപ്പെട്ടതോടെ ദേവന്മാരുടെ
 കാര്യം പരുങ്ങലിലായി. അമൃതകുംഭം കൈക്കലാക്കാൻ,മഹാവിഷ്ണു  അതി
സുന്ദരിയായ മോഹിനിയായി വേഷപ്രച്ഛന്നയായി അസുരന്മാരുടെ അടുത്തെത്തി;
താൻ ധന്വന്തരിയുടെ സഹോദരിയാണെന്നും അമൃത് കിട്ടിയപ്പോൾ എല്ലാവരും
 കടന്നുകളഞ്ഞെന്നും താൻ തനിച്ചായെന്നും അസുരന്മാരെ വിശ്വസിപ്പിച്ചു.
" തങ്ങളുടെ  കൈവശമുള്ള അമൃത് ഓരോരുത്തർക്കായി വിളമ്പിക്കൊടുക്ക
ണമെന്നും ഒടുവിൽ അവരിൽ ഒരാളെ വിവാഹം കഴിക്കണമെന്നും അസുരന്മാർ
ആവശ്യപ്പെട്ടു. മോഹിനി അത് സമ്മതിച്ചു. എല്ലാവരും കണ്ണടച്ചിരിക്കണം.ഞാൻ
അമൃത് വിളമ്പിത്തരാം. അവസാനം കണ്ണുതുറക്കുന്നയാളെ ഞാൻ വിവാഹവും  ചെയ്യാം.
മോഹിനി അസുരന്മാരോട് പറഞ്ഞു.  മോഹിനിയെ വിശ്വസിച്ച അസുരന്മാർ
കണ്ണടച്ചിരുന്ന തക്കം നോക്കി മോഹിനീരൂപം
പൂണ്ട വിഷ്ണുദേവൻ അമൃതകുംഭവുമായി ദേവലോകത്തേക്കു തിരിച്ചു.
ഇന്ദ്രാദികളായ ദേവന്മാർ അമൃത് പാനം ചെയ്യുകയും പൂർവാധികം
ശക്തന്മാരാവുകയും ചെയ്തു. അമൃത് നഷ്ടപെട്ട അസുരന്മാർ കുപിതനായി
ദേവന്മാരെ ആക്രമിച്ചു. പക്ഷെ അമൃത് പാനം ചെയ്ത് അതിശക്തി പ്രാപിച്ച
ദേവന്മാർ അസുരന്മാരെ തോൽപ്പിച്ചു നാനാദിക്കുകളിലേയ്ക്കും ഓടിച്ചു. അങ്ങനെ
ത്രൈലോകങ്ങളും ഐശ്വര്യപൂർണമായിത്തീർന്നു


2017 മേയ് 10, ബുധനാഴ്‌ച

RAAMAAYANATHILE MARAKKAANAAVAATHA KATHAPAATHRANGAL



കുഞ്ഞുങ്ങൾക്ക് വേണ്ടി കുറച്ചു പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലോ? മന്ഥരയെക്കുറിച്ചാവട്ടെ ആദ്യത്തെ കഥ. 1.മന്ഥര കുഞ്ഞുങ്ങളെ ഇന്നെന്തു കഥയാണ് കേൾക്കേണ്ടത്.രാമായണത്തിൽ നിന്നെടുത്ത ഏതാനും കഥകളാണ് ഞാനിവിടെ അവതരിപ്പിക്കുന്നത്. ആദ്യമായി രാമായണകഥയിലെ,ആർക്കും മറക്കാനാവാത്ത ഒരു കഥാപാത്രത്തെയാണ് ഞാൻ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നിങ്ങളറിയുമോ മന്ഥരയെ? ദശരഥ പത്നിയായ കൈകേയിയുടെ ഇഷ്ട ദാസിയാണ് ഈ മന്ഥര.കൈകേയിയ്ക്കു രാമനോട് സ്വന്തം പുത്രനെക്കാൾ കൂടുതൽ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നത്, ഭൃത്യയായ മന്ഥരയ്ക്ക് ഇഷ്ടമല്ലായിരുന്നു. എങ്ങനെയെങ്കിലും അവരെ തമ്മിലകറ്റാൻ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു അവർ. അവർക്കു ലേശം കൂനുണ്ടായിരുന്നുവെന്നതൊഴിച്ചാൽ വാക്ചാതുരി കൊണ്ട് ആരെയും വശീകരിക്കാൻ അസാമാന്യ കഴിവുള്ള സ്ത്രീയായിരുന്നു അവർ. അവരുടെ ഏഷണിയിൽ തകർന്നു തരിപ്പണമായത് ഒരച്ഛന്റെ സ്വപ്നങ്ങളായിരുന്നു; ഒരു ജനതയുടെ, ഒരു നാടിൻറെ, എന്തിന്? ഒരു രാജകുലത്തിന്റെ അടിത്തറയായിരുന്നു.അതാണ് ഇന്ന് ഞാൻ പറഞ്ഞു തരുന്നത് . രഘുവംശ രാജനായിരുന്ന ദശരഥൻ അയോദ്ധ്യ ഭരിച്ചിരുന്ന കാലം. ദശരഥരാജന് കൗസല്യ,കൈകേയി,സുമിത്ര എന്നിങ്ങനെ 3 ഭാര്യമാരുണ്ടായിരുന്നു. കൗസല്യയുടെ പുത്രൻ ശ്രീരാമൻ;കൈകേയിയുടെ മകൻ ഭരതൻ; സുമിത്രയുടെ പുത്രന്മാർ ശത്രുഘ്‌നനും ലക്ഷ്മണനും. കുമാരന്മാർ വളർന്നു വലുതായി. മൂത്തപുത്രനായ ശ്രീരാമനെ യുവരാജാവായി വാഴിക്കാൻ ദശരഥ മഹാരാജൻ തീരുമാനിച്ചു.അദ്ദേഹം ശ്രീരാമനെ അടുത്തേക്ക് വിളിച്ചു ഇപ്രകാരം പറഞ്ഞു."മകനേ, എനിയ്ക്കു വയസ്സായി. ഇത്രയും കാലംകൊണ്ട് ഞാൻ നമ്മുടെ രാജ്യത്തിൻറെ യശസ്സും ഐശ്വര്യവും വർദ്ധി പ്പിച്ചിട്ടേയുള്ളു. ഇനി രാജ്യത്തിൻറെ ഭരണാധികാരിയായി ഞാൻ നിന്നെയാണ് അവരോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എനിക്കെന്തോ ആപത്തു വരുമെന്ന് മനസ്സ് പറയുന്നു.അതു കൊണ്ടു അധികം താമസിപ്പിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നാളെയാണ് നിന്റെ സിംഹാസനാരോഹണം.പ്രിയപ്പെട്ട മകനേ നാളെത്തന്നെ ആവശ്യമായ വ്രതാനുഷ്ടാനങ്ങളോടെ തയ്യാറായി വരിക. ശ്രീരാമൻ അച്ഛന്റെ വാക്കുകൾ ശിരസ്സാ വഹിച്ച് നേരെ പോയത് അമ്മമാരേ കാണാനാണ്. അവിടെ കൗസല്യയും സുമിത്രയും സീതയും,ലക്ഷ്മണനും ശ്രീരാമനെ സന്തോഷപൂർവം സ്വീകരിച്ചു. "മകനേ പ്രജാക്ഷേമ തല്പരനായ രാജാവായിരിക്കുക. നിനക്ക് എല്ലാ മംഗളങ്ങളും ഭവിക്കും" അവരെല്ലാവരും ശ്രീരാമനെ അനുഗ്രഹിച്ചു. ശ്രീരാമൻ സീതയോടൊപ്പം കുലഗുരുവായ വസിഷ്ടൻറെ നിർദ്ദേശാനുസരണം വ്രതാനുഷ്ടാനങ്ങളിൽ മുഴുകി........^...............................................^................................... രാജ്യമാകെ അണിഞ്ഞൊരുങ്ങി...ആളുകളെല്ലാവരും സന്തോഷ സാഗരത്തിലാറാടുകയാണ്. ശ്രീരാമചന്ദ്രൻ അവരുടെ രക്ഷകനാകുന്ന ദിവസം സമാഗതമാകുകയാണ്. അവർമംഗളഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും അവരുടെ ഉത്സാഹം പങ്കു വയ്ക്കുകയാണ്.... ഇതെല്ലം കണ്ടപ്പോൾ കൈകേയിയുടെ ഭൃത്യയായ മന്ഥരയ്ക്ക് അസൂയ മൂത്തു. അവർ കൈകേയിയുടെ കൊട്ടാരത്തിലേക്ക് പാഞ്ഞുചെന്നു.................................. സന്തോഷത്തോടെ വിശ്രമിച്ചിരുന്ന കൈകേയിയോട് വിളിച്ചുപറഞ്ഞു. " നിനക്ക് നാശമാണ് വരാൻ പോകുന്നത്.നിന്നെ രാജാവ് വഞ്ചിച്ചിരിക്കുന്നു. നിന്റെ മകനായ ഭരതനെ അവന്റെ മാതുലന്റെ അടുത്തേക്ക് പറഞ്ഞുവിട്ടിട്ട് നാളെ ശ്രീരാമനെ രാജാവാക്കുന്നു. ഇനി ഈ രാജ്യത്തിൻറെ അധിപൻ ശ്രീരാമനാവാൻ പോകുന്നു.നിനക്ക് നാശം വരുന്നതും നോക്കി ഞാനെങ്ങനെ അടങ്ങിയിരിക്കും. നിന്റെ രാജാവ് മധുരവചനം കൊണ്ട് നിന്നെ വഞ്ചിച്ചിരിക്കുന്നു. കൗസല്യ നിന്റെ ശത്രുവാണ്. രാമൻ നാടുവാഴുമ്പോൾ ഭരതൻറെസ്ഥാനം എന്താവും. വീരനായ ഭരതനെ രാമൻ ഒരു ശത്രുവായല്ലേകാണുകയുള്ളു . നാളെ മുതൽ രാമമാതാവ് കൗസല്യയ്ക്ക് മുൻപിൽ ഭരതമാതാവായ കൈകേയി കുമ്പിട്ടു നിൽക്കേണ്ടിവരുമെന്നു നീ മറന്നോ?" ഭൃത്യയുടെ വാക്കുകൾ കൈകേയിയെ വിസ്മയിപ്പിച്ചു. "ശ്രീരാമൻ രാജാവായാൽ എനിക്കേറ്റവും സന്തോഷമായിരിക്കും. സത്യവും വിനയവുമാണ് ശ്രീരാമന്റെ ഗുണങ്ങൾ.അവൻ സ്വന്തം അമ്മയായാണ് എന്നെ കാണുന്നത്. നീ രാമനെ ഒട്ടും പേടിക്കരുത്. നിനക്ക് ഈശ്വരൻ സൽബുദ്ധി നൽകട്ടെ." കൈകേയി ഭൃത്യയെ സമാധാനിപ്പിച്ചു. "അല്ലയോ റാണി,രാമൻ രാജാവായിക്കഴിഞ്ഞാൽ പിന്നീട് ഭരതന് രാജാവാകാൻ എങ്ങനെ പറ്റും? രാമന്റെ കാലം കഴിഞ്ഞാൽ രാജ്യം പുത്രന് കിട്ടും. പിന്നീട് അവന്റെ പുത്രൻ. പിന്തുടർച്ചാവകാശം അങ്ങനെ തുടർന്നുപോകും. ഒരിക്കലും ഭരതന് രാജാവാകാൻ കഴിയില്ല. കൗസല്യക്ക് നിന്നോട് അസൂയയുണ്ട്. മകൻ രാജാവായാൽ നിന്നോടു കൗസല്യ പകരം വീട്ടും. റാണി, നീ എന്താണ്ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം."ഭരതനാണ് രാജാവാകേണ്ടത്. രാമൻ രാജ്യത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടണം." മന്ഥരയുടെ കുടിലബുദ്ധിയിൽ കൈകേയിയുടെ മനസ്സിൽ ഭയം വേരോടി."" രാജ്യാഭിഷേകത്തിനു ഭരതനില്ലാതെ നാളെത്തന്നെ നടത്തേണ്ട കാര്യമുണ്ടോ? മനപ്പൂർവം ഭരതനെ മാറ്റിനിർത്തിയതല്ലേ" അവർ വീണ്ടും കൈകേയിയുടെ മനസ്സ് കയ്യിലെടുത്തു. ഏതുസ്ത്രീയെയും പോലെ നിമിഷനേരത്തേക്ക് കൈകേയി ഒരു സാധാരണ സ്ത്രീയായി. " എന്റെ മകൻ ഒരു സാധാരണപൗരനായി നിൽക്കുക ; ഞാൻ കൗസല്യയുടെ ഭൃത്യയാകേണ്ടിവരിക. ഞാനെന്തുചെയ്യും. എനിക്കൊരു വഴി പറഞ്ഞു തരു " കൈകേയി തളർന്നു. വൃദ്ധദാസി ഇതൊരു അവസരമാക്കി. "പണ്ട് ദേവാസുര യുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കാൻ ദശരഥരാജാവ് ദേവലോകത്തു പോയപ്പോൾ കൂടെ ദേവിയുമുണ്ടായിരുന്നില്ലേ. ശംബരനെന്ന അസുരന്റെ മായായുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കുന്നതിനിടയിൽ രാജാവിന്റെ തേരിന്റെ ചക്രം ഊരിപ്പോകാൻ തുടങ്ങിയപ്പോൾ ചാവി അമര്ത്തിപ്പിടിച്ച് തേരിനു കേടു പറ്റാതെ സൂക്ഷിച്ചത് റാണിയല്ലേ?അന്ന് സന്തുഷ്ടനായ രാജാവ് റാണിയോട് ഇഷ്ടമുള്ള രണ്ടു വരം ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടത് ഓർക്കുന്നില്ലേ. ആവശ്യം വരുമ്പോൾ ആവശ്യപ്പെടാം എന്ന് ദേവി പറയുകയും ചെയ്തിരുന്നു. "ഇപ്പോൾ ആ വരം ചോദിക്കുക. ഒന്നാമത് ഭരതനെ രാജാവായി വാഴിക്കുക; രണ്ടാമത് രാമനെ 14 വർഷത്തേക്ക് വനവാസത്തിന്അയക്കണം." ദാസിയുടെ ബുദ്ധിയിൽ കൈകേയി വീണു.അവർ രാജാവിനെ കാത്തിരുന്നു. ഇതൊന്നുമറിയാതെദശരഥൻ സന്തോഷത്തോടെ കൈകേയിയുടെ അടുത്തെത്തി. കൈകേയിയുടെ ദുഃഖഭാവത്തിന്റെ കാരണം ആരാഞ്ഞു. പണ്ട് നൽകാമെന്ന് പറഞ്ഞിരുന്ന രണ്ടു വരങ്ങൾ റാണി ആവശ്യപ്പെട്ടു. ദശരഥൻ നടുങ്ങി. "രാമൻ ധർമ്മാവതാരമാണെന്നു നിനക്കറിയില്ലേ.രാമൻ നിന്റെയും മകനല്ലേ"എന്നൊക്കെ ദശരഥൻ കൗസല്യയോട് ന്യായവാദം ഉന്നയിച്ചെങ്കിലും കൈകേയി അണുവിട മാറാൻ തയ്യാറായില്ല. സത്യത്തിന് വില കൽപ്പിക്കുന്ന രാജാവ് കൈകേയിയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. തീരാദുഃഖത്താൽ തളർന്നു വീണദശരഥൻ നാടുനീങ്ങി. ശ്രീരാമൻ വനവാസത്തിന് പോയി. ഭരതൻ വിവരമറിഞ്ഞു ദുഃഖിതനായി. ജ്യേഷ്ഠനെ അന്വേഷിച്ചു വനത്തിലെത്തി. ശ്രീരാമൻ ഭരതന് ധർമ്മോപദേശം നൽകി നാട്ടിലേക്കു തിരിച്ചയച്ചു. ഇതിനെല്ലാം കാരണക്കാരിയായ ഒരു മന്ഥര ഇല്ലായിരുന്നെങ്കിൽ രാമായണകഥ ഇങ്ങനെയൊന്നുമാകില്ലായിരിക്കാം. വിധിവിഹിതമാവാം. ഇതെല്ലം കണ്ടു മന്ഥര സന്തോഷാശ്രു പൊഴിക്കുന്നുണ്ടാവാം. കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണുമല്ലോ? (ഈ കഥയിൽ കൈകേയിക്ക് ദശരഥനിൽനിന്നും വരം കിട്ടാനുണ്ടായ കാരണം അറിയേണ്ടേ. നാളെ പറയാം കേട്ടോ )

PART-II



ഈ കഥയിൽ കൈകേയിക്ക് ദശരഥനിൽനിന്നും വരം കിട്ടാനുണ്ടായ

കാരണം അറിയേണ്ടേ. അത് പറയുന്നതിനുമുമ്പ് ദശരഥൻ ആരായിരുന്നു
വെന്നറിയേണ്ടേ. ഇന്നത്തെ കഥ അതാവട്ടെ.

രണ്ടാം അധ്യായം. ദശരഥന്റെ കഥ.

സൂര്യവംശത്തിലെ പ്രശസ്തനായ രാജാവും ശ്രീരാമചന്ദ്രൻറെ അച്ഛനുമായിരുന്നു
ദശരഥൻ. അദ്ദേഹം ഒരു വില്ലാളിവീരനായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥനാമം
"നേമി" എന്നായിരുന്നു. നേമിക്കു ദശരഥനെന്ന പേര് കിട്ടിയതിന് പിന്നിൽ ഒരു കഥയുണ്ട്.
വർഷങ്ങൾ നീണ്ടുനിന്ന ദേവാസുരയുദ്ധത്തിൽ ശംബരാസുരൻ
ദേവലോകം കീഴടക്കി. ദേവന്മാരെല്ലാം ഓടിയൊളിച്ചു. മഹാമായാവിയായിരുന്ന
ശംബരാസുരനെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വർഗ്ഗം തിരിച്ചുപിടിക്കുന്നതിനു
വഴികാണാതെ ദേവന്മാർ ബ്രഹ്‌മാവിനെ
അഭയം പ്രാപിച്ചു. ദേവന്മാരോട് ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞു. "നിങ്ങൾക്ക്
ശംബരാസുരന്റെ മായാശക്തിയെ നേരിടാനാവില്ല. അദ്ദേഹത്തെ തോൽപ്പി
ക്കണമെങ്കിൽ നല്ല യുദ്ധവൈദഗ്ദ്ധ്യം വേണം.അത് നിങ്ങൾക്കില്ല.
എന്നാൽ ആ വൈദഗ്ദ്ധ്യം അയോദ്ധ്യാരാജാവായ നേമിക്കുണ്ട്.
അതുകൊണ്ട് നിങ്ങൾ ദേവേന്ദ്രനോട് പറഞ്ഞ് നേമിയെ ദേവലോകത്തേയ്‌ക്ക്‌
ക്ഷണിച്ചു ശംബാസുരനോട് യുദ്ധം ചെയ്ത് തോൽപ്പിച്ചു ദേവലോകം വീണ്ടെടുത്ത്
തരണം എന്നപേക്ഷിക്കുക. അദ്ദേഹം നിങ്ങളെ ഉപേക്ഷിക്കുകയില്ല.
ദേവേന്ദ്രൻ ബ്രഹ്മാവ് പറഞ്ഞതുപോലെ ചെയ്‌തു. രാജാവ് ഭാര്യയായ
കൈകേയിയോടൊന്നിച്ചു ദേവന്മാർ നൽകിയ ദിവ്യരഥത്തിൽ കയറി അസുര
സൈന്യങ്ങളെ നേരിട്ട്. തന്റെ ധനുർവൈദഗ്ദ്ധ്യത്താൽ നിഷ്പ്രയാസം തോൽപ്പിച്ചു
പലായനം ചെയ്യിച്ചു. ഇതുകണ്ട ശംബാസുരൻ കോപിഷ്ടനാകുകയും നേമിയുടെ നേർക്ക്
കുറെ മായാപ്രയോഗങ്ങൾ പ്രയോഗിക്കാൻ തീരുമാനിക്കുകയും ചെയ്‌തു.നിമിഷനേരം
കൊണ്ട് ശംബാസുരൻ പത്തു ശരീരങ്ങൾ സ്വീകരിച്ചു ഒരേസമയം പത്തുദിശകളിൽനിന്നും
നേമിയെ ആക്രമിച്ചു.
ശംബാസുരന്റെ മായകണ്ട്‌ അത്ഭുതപ്പെട്ട നേമി, പരിഭ്രാന്തനാകാതെ
പത്തു ശംബരന്മാരെയും ഒരേ സമയം നേരിടാൻതന്നെ തീരുമാനിച്ചു.
ഇതിനു ഒരേസമയം അതിവേഗത്തിൽ രഥം വട്ടം കറക്കേണ്ടിയിരുന്നു.
ദേവന്മാർ നൽകിയ സാരഥിക്കു ഇതിനുവേണ്ടത്ര ചാതുര്യം ഇല്ലാതിരുന്നതു
കൊണ്ടു നേമി സ്വയം സാരഥ്യം ഏറ്റെടുത്തു. അപ്പോഴൊക്കെ രഥത്തിൽ
കൂടെ കൈകേയിയുമുണ്ടായിരുന്നു.
അതിവേഗം കറങ്ങിക്കൊണ്ടിരുന്ന രഥത്തിൽനിന്നും നേമി പത്തുദിശയിൽനിന്നും
പത്തുശംബരന്മാരുടെ നേർക്ക് ഒരേസമയം അസ്ത്രപ്രയോഗം നടത്തി പത്തുപേരെയും
നിരായുധരാക്കി. നിരായുധൻമാരായതോടെ പത്തുശംബരന്മാരും യുദ്ധക്കളത്തിൽ നിന്നും
തിരിഞ്ഞോടി.അങ്ങനെ നേമി ദേവലോകം വീണ്ടെടുത്തു ദേവേന്ദ്രനെ ഏൽപ്പിക്കുകയും
ചെയ്‌തു.ഒരു രഥം കൊണ്ടുമാത്രം പത്തു രഥം കൊണ്ടെന്നപോലെ ഒരേ സമയം പത്തു ദിശകളിലേക്കും
അമ്പെയ്തു പൊരുതിജയിച്ച നേമിക്കു, സന്തുഷ്ടനായ ബ്രഹ്മാവ് ദശരഥൻ എന്ന് പേര് നൽകി.
അങ്ങനെയാണ് നേമിക്കു ദശരഥനെന്ന് പേര് വന്നത്.
ഇപ്രകാരമാണ് അയോദ്ധ്യാരാജാവും പിൽക്കാലത്തു ശ്രീരാമചന്ദ്രന്റെ
പിതാവുമായിത്തീർന്ന നേമി"ദശരഥ"രാജാവായത്.
കൈകേയിക്ക് വരം ലഭിച്ചതെങ്ങനെയെന്നറിയേണ്ടേ? ഇന്ന് അതാണ് പറയാൻ പോകുന്നത്.

PART-III

രാമായണം അദ്ധ്യായം-3 .

സംബാസുരനുമായുള്ള യുദ്ധത്തിൽ ദശരഥൻ വഹിച്ച പങ്ക്,അദ്ദേഹത്തിന്റെ
ജീവിതത്തിലെ അത്യന്തം ദുഃഖഭൂയിഷ്ഠമായ സംഭവവികാസങ്ങൾക്കും ഒടുവിൽ
അദ്ദേഹത്തിന്റെ അകാലനിര്യാണത്തിനും വഴിയൊരുക്കിയെന്നതാണ് വിധിവൈചിത്ര്യം
യുദ്ധസമയത്ത് ദശരഥനുമൊരുമിച്ചു തേരിലുണ്ടായിരുന്ന കൈകേയി മൂലമാണ്
ഈ അനന്തരസംഭവങ്ങൾ ഉളവായത്‌.
...............................^...........................................^...........................................^.......................

സംബാസുരനുമായുള്ള യുദ്ധത്തിൽ സ്വയം സാരഥ്യം വഹിച്ചുകൊണ്ട്,
ഒരേസമയം തേര് അതിശീഘ്രം വട്ടം കറക്കുകയും
അസ്ത്രപ്രയോഗം നടത്തുകയും ചെയ്തിരുന്ന രാജാവ്,തേർ
ചക്രങ്ങളിലൊന്നിന്റെ ചാവി ഊരിപ്പോയ
കാര്യം അറിഞ്ഞില്ല.ഇത് മനസ്സിലാക്കിയ കൈകേയി ആത്മധൈര്യം കൈവെടിയാതെ ചാവി
ദ്വാരത്തിൽ അവളുടെ ചൂണ്ടാണിവിരൽ ഇടുകയും അങ്ങനെ തേരിന്റെ ചക്രം ഊരിത്തെറിച്ചു
പോകാതെ സൂക്ഷിക്കുകയും ചെയ്തു.അവളുടെ വിരൽ ചതഞ്ഞു ഗുരുതരമായി ക്ഷതമേൽക്കുകയും
ധാരാളം രക്തം പ്രവഹിക്കുകയും ചെയ്തു. ശംബരൻ പരാജിതനായശേഷം
ഈ വിവരമറിഞ്ഞ ദശരഥരാജാവ് കൈകേയിയുടെ പ്രവർത്തിയിൽ അത്യധികം സന്തുഷ്ടനായി.
അവർക്കിഷ്ടമുള്ള ഏതെങ്കിലും രണ്ടു വരങ്ങൾ നൽകാൻ തയ്യാറായി.ഇപ്പോൾ തനിക്കു
വരങ്ങളൊന്നും ആവശ്യമില്ലെന്നും ഏതെങ്കിലും ഒരവസരത്തിൽ വരങ്ങൾ വേണമെന്ന്
തോന്നിയാൽ,അപ്പോൾ ചോദിച്ചുകൊള്ളാമെന്നു കൈകേയി പറഞ്ഞു.
രാജാവ് സമ്മതിച്ചു. കാലങ്ങൾ കടന്നുപോയി. .......
പിൽക്കാലത്ത് ശ്രീരാമന്റെ പട്ടാഭിഷേകസമയത്തു, മന്ഥരയുടെ കുബുദ്ധിയാൽ,
കൈകേയി ഈ വരങ്ങളാണ് ആവശ്യപ്പെട്ടത്. ശ്രീരാമന്റെ പട്ടാഭിഷേകം മുടക്കി, ഭരതനെ
രാജാവാക്കണമെന്നും,രാമൻ പതിനാലുകൊല്ലം വനവാസത്തിനായി നാടുപേക്ഷിച്ചു പോകണ
മെന്നും ഉള്ള രണ്ടാവശ്യങ്ങൾ കൈകേയി രാജാവിനുമുന്പിൽ അവതരിപ്പിച്ചു. സത്യധർമത്തിൽ
വലിയ വിശ്വാസം അർപ്പിച്ച രാജാവ് കൈകേയിക്ക് രണ്ടു വരങ്ങളും നിറവേറ്റാൻ അനുമതി നൽകി.
പിന്നീട് രാമലക്ഷ്മണന്മാർ സീതയുമൊത്തു വനവാസത്തിനുപോയപ്പോൾ ഒരു മുനിയുടെ ശാപഫലമായി
പുത്രദുഃഖം മൂലം ദശരഥ മഹാരാജാവ് നാട് നീങ്ങുകയും ചെയ്തു. ..
(മുനിയുടെ ശാപത്തെക്കുറിച്ചുള്ള കഥയറിഞ്ഞാലേ ഈ കഥ പൂർത്തിയാവു.
അത് അടുത്ത ദിവസം പറയാം)

PARTIV
പുത്രദുഃഖം മൂലം മരിക്കുമെന്ന് ഒരു മുനിവര്യൻ ദശരഥ- രാജാവിനെ ശപിച്ച കഥയാണിന്നു പറയുന്നത്. രാമായണ കഥ അദ്ധ്യായം-4 . യുവരാജാവ് സരയു നദിതീരത്തു ദുഷ്ടമൃഗങ്ങളെ വേട്ടയാടിക്കൊണ്ടിരുന്ന ഒരു ദിവസം,പെട്ടെന്ന് നേരം ഇരുട്ടിത്തുടങ്ങി.നദിയുടെ തീരത്തുകൂടി വളരെ പതുക്കെ നടന്നുകൊണ്ടിരുന്ന യുവരാജാവ് പെട്ടെന്നാണ് "ഗുളു ഗുളു"എന്ന ശബ്ദം കേട്ടത്. ആന വെള്ളം കുടിക്കുകയാണെന്നു ധരിച്ച രാജാവ് ശബ്ദം കേട്ടിടത്തേക്കു അമ്പയച്ചു.തൽക്ഷണം ഒരു ദീനവിലാപംഉയരുന്നതുകേട്ട രാജാവ് അവിടേയ്ക്കോടിയെത്തിയപ്പോൾ അമ്പേറ്റു പിടയുന്ന ഒരു മുനികുമാരനെയാണ് കണ്ടത്. സമീപത്തെ നദിയിൽ ഒരുമൺകുടംകമിഴ്ന്നുപൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു. തനിക്കു അറിയാതെ പറ്റിയ അബദ്ധമാണെന്നും തന്നെ ശപിക്കരുതെന്നും,കണ്ണീർവാർത്തുകൊണ്ടു രാജൻ,മുനികുമാരനോട് കേണപേക്ഷിച്ചു. ഇതുകേട്ട മുനികുമാരൻ രാജാവിനോട് ഇപ്രകാരം പറഞ്ഞു."അങ്ങറിയാതെ സംഭവിച്ച തെറ്റല്ലേ. ഞാനതു ക്ഷമിക്കുന്നു.എന്റെ പേര് ശ്രാവണൻ എന്നാണ്. എന്റെ വൃദ്ധരായ മാതാപിതാക്കൾ ഇവിടെയടുത്തുള്ള ആശ്രമത്തിലുണ്ട്. അവർ അന്ധരാണ്. നദിയിൽ നിന്ന് അവർക്കുവേണ്ടി വെള്ളം കൊണ്ടുവരാൻ വേണ്ടി എന്നെ നിയോഗിച്ചതാണ്. ഭവാൻ ഒരു കാര്യം ചെയ്യൂ.ഈ മൺകുടത്തിൽ വെള്ളം നിറച്ചു ആശ്രമത്തിലേക്കു പോകുക. ഞാൻ മടങ്ങിവരാത്തതിനുള്ള കാരണം അവരോടു പറഞ്ഞാലും.ഉഗ്രതപസ്വിയായ എന്റെ പിതാവിനെകോപിഷ്ടനാക്കാതെഅങ്ങ്സാന്ത്വനപ്പെടുത്തിയാലും. മഹാധാർമ്മികനായ എന്റെ പിതാവ് സത്യം ഗ്രഹിക്കുമ്പോൾ ഉഗ്രമായ ശാപത്തിൽനിന്നും ഒഴിവാക്കും. ഇനി ഈ അമ്പ് എന്റെ ശരീരത്തിൽ നിന്നും വലിച്ചൂരിയാലും. ഭവാന് മംഗളം ഭവിക്കട്ടെ. ഉറക്കെ കരഞ്ഞുകൊണ്ട് രാജാവ് മുനികുമാരന്റെ ശരീരത്തിൽനിന്നും ശരം വലിച്ചൂരി. തൽക്ഷണം മുനികുമാരൻ മരിച്ചു കുടം നിറയെ വെള്ളവുമായി രാജാവ് തപ്പിത്തടഞ്ഞു ആശ്രമത്തിലെത്തി. കാൽപ്പെരുമാറ്റം കേട്ട് വൃദ്ധമുനി,അത് തന്റെ പുത്രനാണെന്ന് ധരിച്ചു ഇപ്രകാരം ചോദിച്ചു."മകനെ ശ്രാവണാ..നീയെന്താണിത്ര വൈകിയത്?". വിറയ്ക്കുന്ന കൈകാലുകളോടും ഗദ്ഗദത്താൽ ഇടറുന്ന കണ്ഠത്തോടും കൂടി യുവരാജാവ് പറഞ്ഞു." മഹാമുനേ,ഞാൻ അങ്ങയുടെ പുത്രനല്ല.ഞാൻഅയോദ്ധ്യാരാജനാണ്.ഞാൻ പറയുന്നത് കോപിഷ്ടനാകാതെയും,വികാരഭരിതനാകാതെയും അങ്ങ് കേൾക്കണം.ഏറ്റവും ഗുരുതരമായ തെറ്റ് എന്നിൽനിന്ന് ഞാനറിയാതെ സംഭവിച്ചു.നദിയിൽനിന്നു അങ്ങയുടെ പുത്രൻ കുടത്തിൽ വെള്ളം നിറയ്ക്കുന്ന ശബ്ദം ശ്രവിച്ച ഞാൻ ആന വെള്ളം കുടിക്കയാണെന്നു തെറ്റിദ്ധരിച്ചു ശബ്ദം പുറപ്പെടുന്ന സ്ഥലത്തെ ലക്ഷ്യമാക്കി ദൂരെ ഇരുട്ടിൽനിന്നും ഒരമ്പെയ്തു. അത് ചെന്ന് കൊണ്ടത് അങ്ങയുടെ പുത്രന്റെ ശരീരത്തിലാണ് .ആർത്തനാദം കേട്ട് ഓടിയെത്തിയപ്പോൾ മനസ്സിലായി എനിക്ക് അബദ്ധം പറ്റിയെന്നു." "അറിയാതെ സംഭവിച്ച ഈ തെറ്റിന് കുമാരന് എന്നോട് യാതൊരു വിദ്വേഷവുമില്ലെന്നും ആശ്രമത്തിലെത്തി അച്ഛനമ്മമാരെവിവരംധരിപ്പിക്കണമെന്നും,മഹാമനസ്ക്കനായ അച്ഛൻ അറിയാതെ സംഭവിച്ച തെറ്റ് പൊറുക്കുമെന്നും പറഞ്ഞശേഷം ജീവൻ വെടിഞ്ഞു പശ്ചാത്താപത്താൽ നീറുന്ന ഹൃദയവുമായി ഞാനിതാ അങ്ങയുടെ മുൻപിൽ വന്നിരിക്കുന്നു. അങ്ങെന്നെശപിച്ചുശിലയോചാമ്പലോആക്കേണമെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക എന്നുപറഞ്ഞു യുവരാജാവ് മുനിയുടെ മുൻപിൽ കൈകൂപ്പിനിന്നു. രാജവചനം കേട്ട് പൊട്ടിക്കരഞ്ഞ അന്ധദമ്പതിമാർ,തങ്ങളെ ശ്രാവണൻ മരിച്ചുകിടക്കുന്ന നദീതീരത്തേക്കു കൂട്ടിക്കൊണ്ടുപോകുവാൻ നേമിയോട് ആവശ്യപ്പെട്ടു. അദ്ദേഹം വൃദ്ധദമ്പതിമാരെ നദീതീരത്ത് കുമാരൻ മരിച്ചുകിടക്കുന്ന സ്ഥലത്തു കൊണ്ടുവന്നു. മുനിയുടെ ആവശ്യപ്രകാരം ചിതയുണ്ടാക്കി മുനികുമാരന്റെ ശരീരം രാജാവ് ദഹിപ്പിച്ചു.വൃദ്ധനായ മുനി രാജാവിനോടിങ്ങനെ പറഞ്ഞു "യുവരാജാവേ, അങ്ങറിയാതെ വന്നുകൂടിയ തെറ്റാണെങ്കിൽപോലും വൃദ്ധരും അന്ധരുമായ ഞങ്ങൾക്കിതു സഹിക്കാനാവില്ല.ഞങ്ങൾക്കിനി ജീവിതം ദുഃസ്സഹമാണ് ഞങ്ങൾ ഈ ചിതയിൽ ചാടി ദേഹത്യാഗം ചെയ്യുന്നു. പുത്രന്റെ വേർപാട്മൂലം ഉണ്ടാകുന്ന ദുഃഖത്താൽ അങ്ങും ചരമഗതി പ്രാപിക്കാൻ ഇടവരട്ടെ." തുടർന്ന് വൃദ്ധദമ്പതിമാർമകന്റെ ചിതയിൽ ചാടി ദേഹത്യാഗം ചെയ്തു.ഈ മുനിശാപം മൂലമാണ് ദശരഥൻ ശ്രീരാമന്റെ വേർപാടിൽ ഹൃദയം നൊന്ത്അകാലചരമമടഞ്ഞതെന്നു പുരാണങ്ങൾ പറയുന്നു.

Part-V


ഇനി നമുക്ക് സീതയെക്കുറിച്ചു അല്പം വിശേഷമാവാം.
രാമായണം-അദ്ധ്യായം-5
(കമ്പരാമായണം ബാലകാണ്ഡം എന്നീ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചത് )


രാവണൻ ഒരിക്കൽ,സകല രാജാക്കന്മാരേയും ജയിച്ചടക്കി
വിജയശ്രീലാളിതനായി ഹിമവൽപ്രാന്തത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.
ആ സമയത്തു് അതിസുന്ദരിയായ വേദവതി (ദേവവതി) എന്നൊരു രാജകുമാരി
മഹാവിഷ്ണുവിനെ ഭർത്താവായിക്കിട്ടാൻ വല്ക്കലധാരിയായി തപസ്സുചെയ്യുന്നത്
കാണാനിടയായി. അദ്ദേഹം ആ പെൺകുട്ടിയോട് തന്നെ വിവാഹം ചെയ്യണമെന്ന്
ആവശ്യപ്പെട്ടു. അവൾ നിഷ്ക്കരുണം രാവണന്റെ അപേക്ഷ തിരസ്ക്കരിച്ചു.
കുപിതനായ രാവണൻ അവളുടെ കയ്യിൽ കടന്നുപിടിച്ചു. രാവണന്റെ കരസ്പർശമേറ്റു
അപമാനിതയായ പെൺകുട്ടി അദ്ദേഹത്തിന്റെ മുൻപിൽ വച്ചുതന്നെ അഗ്നികൂട്ടി അതിൽ ചാടി മരിച്ചു.
കടുത്ത ദുഃഖത്തിൽ അകപ്പെട്ട രാവണൻ ആ പെൺകുട്ടിയുടെ
ചിതാഭസ്മം എടുത്തു ലങ്കയിലേക്ക് കൊണ്ടുപോയി ഒരു പൊൻപെട്ടിയിൽ
അടച്ചു ഒരു വിജനപ്രദേശത്തു സൂക്ഷിച്ചു. എല്ലാദിവസവും രാവണൻ ആ
പെട്ടി വച്ച സ്ഥലം സന്ദർശിക്കാൻ തുടങ്ങി. ആ പെട്ടിയിലെ ചിതാഭസ്മം അവിടെ
സൂക്ഷിക്കാൻ തുടങ്ങിയതുമുതൽ രാജ്യത്ത് ചില ദുർനിമിത്തങ്ങൾ കണ്ടുതുടങ്ങി.
ആയിടെ അവിടം സന്ദർശിച്ച നാരദരോട് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന
ദുർനിമിത്തങ്ങളുടെ കാരണമെന്തെന്ന്
രാവണൻ അന്വേഷിച്ചു. രാവണൻ സൂക്ഷിക്കുന്ന പേടിയാണ് കാരണമെന്നും ഇനിയും അത് ഇവിടെ സൂക്ഷിച്ചാൽ നാശങ്ങൾ ഉണ്ടാകുമെന്നും, ആ പെട്ടി നശിപ്പിച്ചാൽ വലിയ വലിയ ആപത്തുകൾ സംഭവിക്കുമെന്നും ആ പെട്ടി തുറക്കുകയോ,കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ
ലങ്കയ്‌ക്കു പുറത്തുള്ള ഏതെങ്കിലും സ്ഥലത്തു നിക്ഷേപിക്കണമെന്നും നാരദർ
ഉപദേശിച്ചു. അതനുസരിച്ചു രാവണൻ പെട്ടി എടുപ്പിച്ചു കടലിൽ നിക്ഷേപിച്ചു.
തിരയടിച്ചടിച്ചു പെട്ടി നീങ്ങിനീങ്ങി ഭാരതഭൂവിന്റെ തീരത്തുവന്നടിഞ്ഞുകയറി.
സ്വർണ്ണനിർമ്മിതമായ പേടകം കണ്ട കുറെ കള്ളന്മാർ അതെടുത്തു വടക്കോട്ടു
പോയി ഒരുകാട്ടിൽ ഒളിച്ചുവച്ചു. പിന്നീട് എന്തുകൊണ്ടോ ആ പെട്ടി എടുത്തുകൊണ്ടു
പോകുവാൻ ആ കള്ളന്മാർ വന്നില്ല. എങ്ങിനെയോ പെട്ടി എത്തിപ്പെട്ടത് മിഥിലാ
രാജ്യത്തുള്ള ഒരു നദീതീരത്താണ്. ജനകമഹാരാജാവ് യാഗസ്ഥലമായി തിരഞ്ഞെടുത്തത്
ഈ സ്ഥലമായിരുന്നു. ആ പുണ്യ സ്ഥലത്തിരുന്ന് സ്വർണപേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന
വേദവതിയുടെ ദേഹഭസ്മം ജീവൻ വയ്ക്കുകയും അതൊരു ശിശുവായിത്തീരുകയും ചെയ്തു.
ജനകമഹാരാജാവ് യാഗം നടത്താനുള്ള സ്ഥലം (യാഗത്തറ )ഉഴുതുമറിച്ചപ്പോൾ ആ സ്വർണപ്പെട്ടി
അദ്ദേഹത്തിന് ലഭിച്ചു.പെട്ടി തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ ഒരു ശിശു. അദ്ദേഹം
ആ കുട്ടിയെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി സീത എന്ന് പേരിട്ടു വളർത്തി.സീത
ജനകന്റെ കൊട്ടാരത്തിൽ വളർന്നു വന്നു. കൊട്ടാരത്തിൽ ജനകരാജാവിന്റെ
അനുജനായ കശധ്വജന്റെ മൂന്നു പെണ്മക്കൾ കൂടി സീതയോടൊപ്പം വളരുന്നുണ്ടായിരുന്നു.
മാണ്ഡവി,ഊർമ്മിള,ശ്രുതകീർത്തി എന്നിവർ സീതയോടൊപ്പം വളരെ
സ്നേഹത്തോടെയാണ് വളർന്നു വന്നത്. സീത യൗവ്വനയുക്തയായപ്പോൾ
പല രാജാക്കന്മാരും അവളെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു വന്നു.ജനകരാജൻ അവയെല്ലാം നിരസിച്ചു.
സീതയുടെ വിവാഹത്തെക്കുറിച്ചു അടുത്തദിവസം എഴുതാം .........RAAMAAYANATHILE MARAKKAANAAVAATHA KATHAPAATHRANGAL