2017 മാർച്ച് 20, തിങ്കളാഴ്‌ച

DINANTHYAM

ദിനാന്ത്യം
കായലിൻ മുറിപ്പാടിൽ
കാറ്റുമ്മവയ്ക്കുന്നു.
വിഹ്വലയാമൊരു
കുരുന്നു പെണ്ണിൻ
നിശ്വാസങ്ങളേറ്റു
വിറകൊള്ളുന്നു
കുഞ്ഞോളങ്ങൾ;
ഒന്നുമറിയാത്ത
കാറ്റിൻ കൈകൾ
താലോലം പാടുന്നു;
തൊങ്ങൽ പിടിപ്പിച്ച
പായ്‌വഞ്ചികളിൽ
കൂമ്പൻ തൊപ്പികൾ
ഇളകുന്നു
മുനിഞ്ഞുകത്തും
മൺവിളക്കുകൾ
കണ്ണടച്ച് തുറക്കുന്നു;
വലയിൽ കുടുങ്ങിയ
കൊച്ചു വരാലുകൾ
കൈകാലടിച്ച്
അലറി വിളിക്കുന്നു ;
കായലും കടലും
ആലിംഗനത്തിലമരുന്നു
അഴിമുഖം നാണത്താൽ
ചുവന്നു തുടുക്കുന്നു;
ചോര വാർന്നു വിളറിയ
അന്തിക്കതിരോൻ
അലയാഴിക്കിടയിൽ
കാൽ തെറ്റി വീഴുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ