^മായുന്ന പകൽ^
എവിടുന്നോ
പാറിവീണു
ചെറിയൊരു
മഴത്തുള്ളി.
ഉണക്കാൻ വിരിച്ചിട്ട
തുണിക്കെട്ടുകൾ
വാരിയെടുത്ത്
മേഘങ്ങൾ
പാഞ്ഞുപോയി.
അന്തിമാനം
തളിർവെറ്റിലയിൽ
നൂറുതേച്ച്
മുറുക്കിത്തുപ്പി.
മുറ്റം നിറയെ
തെറിച്ചുവീണ ചെഞ്ചായം.
മേലാകെ ചുട്ടുപഴുത്ത്
വിയർത്തൊലിച്ച്
കയറിവന്ന പകലോൻ
കാലുതെറ്റി
കടലിലേക്കൊരു
കൂപ്പുകുത്തൽ.
ഇരുൾ പടർന്ന
മേലാപ്പിൽ
എഴുതിരിയിട്ട
വിളക്കുമായ്,
പകലുറക്കം
കഴിഞ്ഞു കുളിച്ചു
കുറിതൊട്ട
ചന്ദ്രിക പെൺകൊടി
ചിരിതൂകിനിന്നു.
ആകാശച്ചെരുവിൽ
അലഞ്ഞുനടന്ന
മേഘക്കുഞ്ഞുങ്ങൾ
ക്കിടയിൽ
നക്ഷത്രകുമാരികൾ
കണ്ണുചിമ്മി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ