2017 മേയ് 10, ബുധനാഴ്‌ച

RAAMAAYANATHILE MARAKKAANAAVAATHA KATHAPAATHRANGAL



കുഞ്ഞുങ്ങൾക്ക് വേണ്ടി കുറച്ചു പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലോ? മന്ഥരയെക്കുറിച്ചാവട്ടെ ആദ്യത്തെ കഥ. 1.മന്ഥര കുഞ്ഞുങ്ങളെ ഇന്നെന്തു കഥയാണ് കേൾക്കേണ്ടത്.രാമായണത്തിൽ നിന്നെടുത്ത ഏതാനും കഥകളാണ് ഞാനിവിടെ അവതരിപ്പിക്കുന്നത്. ആദ്യമായി രാമായണകഥയിലെ,ആർക്കും മറക്കാനാവാത്ത ഒരു കഥാപാത്രത്തെയാണ് ഞാൻ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നിങ്ങളറിയുമോ മന്ഥരയെ? ദശരഥ പത്നിയായ കൈകേയിയുടെ ഇഷ്ട ദാസിയാണ് ഈ മന്ഥര.കൈകേയിയ്ക്കു രാമനോട് സ്വന്തം പുത്രനെക്കാൾ കൂടുതൽ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നത്, ഭൃത്യയായ മന്ഥരയ്ക്ക് ഇഷ്ടമല്ലായിരുന്നു. എങ്ങനെയെങ്കിലും അവരെ തമ്മിലകറ്റാൻ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു അവർ. അവർക്കു ലേശം കൂനുണ്ടായിരുന്നുവെന്നതൊഴിച്ചാൽ വാക്ചാതുരി കൊണ്ട് ആരെയും വശീകരിക്കാൻ അസാമാന്യ കഴിവുള്ള സ്ത്രീയായിരുന്നു അവർ. അവരുടെ ഏഷണിയിൽ തകർന്നു തരിപ്പണമായത് ഒരച്ഛന്റെ സ്വപ്നങ്ങളായിരുന്നു; ഒരു ജനതയുടെ, ഒരു നാടിൻറെ, എന്തിന്? ഒരു രാജകുലത്തിന്റെ അടിത്തറയായിരുന്നു.അതാണ് ഇന്ന് ഞാൻ പറഞ്ഞു തരുന്നത് . രഘുവംശ രാജനായിരുന്ന ദശരഥൻ അയോദ്ധ്യ ഭരിച്ചിരുന്ന കാലം. ദശരഥരാജന് കൗസല്യ,കൈകേയി,സുമിത്ര എന്നിങ്ങനെ 3 ഭാര്യമാരുണ്ടായിരുന്നു. കൗസല്യയുടെ പുത്രൻ ശ്രീരാമൻ;കൈകേയിയുടെ മകൻ ഭരതൻ; സുമിത്രയുടെ പുത്രന്മാർ ശത്രുഘ്‌നനും ലക്ഷ്മണനും. കുമാരന്മാർ വളർന്നു വലുതായി. മൂത്തപുത്രനായ ശ്രീരാമനെ യുവരാജാവായി വാഴിക്കാൻ ദശരഥ മഹാരാജൻ തീരുമാനിച്ചു.അദ്ദേഹം ശ്രീരാമനെ അടുത്തേക്ക് വിളിച്ചു ഇപ്രകാരം പറഞ്ഞു."മകനേ, എനിയ്ക്കു വയസ്സായി. ഇത്രയും കാലംകൊണ്ട് ഞാൻ നമ്മുടെ രാജ്യത്തിൻറെ യശസ്സും ഐശ്വര്യവും വർദ്ധി പ്പിച്ചിട്ടേയുള്ളു. ഇനി രാജ്യത്തിൻറെ ഭരണാധികാരിയായി ഞാൻ നിന്നെയാണ് അവരോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എനിക്കെന്തോ ആപത്തു വരുമെന്ന് മനസ്സ് പറയുന്നു.അതു കൊണ്ടു അധികം താമസിപ്പിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നാളെയാണ് നിന്റെ സിംഹാസനാരോഹണം.പ്രിയപ്പെട്ട മകനേ നാളെത്തന്നെ ആവശ്യമായ വ്രതാനുഷ്ടാനങ്ങളോടെ തയ്യാറായി വരിക. ശ്രീരാമൻ അച്ഛന്റെ വാക്കുകൾ ശിരസ്സാ വഹിച്ച് നേരെ പോയത് അമ്മമാരേ കാണാനാണ്. അവിടെ കൗസല്യയും സുമിത്രയും സീതയും,ലക്ഷ്മണനും ശ്രീരാമനെ സന്തോഷപൂർവം സ്വീകരിച്ചു. "മകനേ പ്രജാക്ഷേമ തല്പരനായ രാജാവായിരിക്കുക. നിനക്ക് എല്ലാ മംഗളങ്ങളും ഭവിക്കും" അവരെല്ലാവരും ശ്രീരാമനെ അനുഗ്രഹിച്ചു. ശ്രീരാമൻ സീതയോടൊപ്പം കുലഗുരുവായ വസിഷ്ടൻറെ നിർദ്ദേശാനുസരണം വ്രതാനുഷ്ടാനങ്ങളിൽ മുഴുകി........^...............................................^................................... രാജ്യമാകെ അണിഞ്ഞൊരുങ്ങി...ആളുകളെല്ലാവരും സന്തോഷ സാഗരത്തിലാറാടുകയാണ്. ശ്രീരാമചന്ദ്രൻ അവരുടെ രക്ഷകനാകുന്ന ദിവസം സമാഗതമാകുകയാണ്. അവർമംഗളഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും അവരുടെ ഉത്സാഹം പങ്കു വയ്ക്കുകയാണ്.... ഇതെല്ലം കണ്ടപ്പോൾ കൈകേയിയുടെ ഭൃത്യയായ മന്ഥരയ്ക്ക് അസൂയ മൂത്തു. അവർ കൈകേയിയുടെ കൊട്ടാരത്തിലേക്ക് പാഞ്ഞുചെന്നു.................................. സന്തോഷത്തോടെ വിശ്രമിച്ചിരുന്ന കൈകേയിയോട് വിളിച്ചുപറഞ്ഞു. " നിനക്ക് നാശമാണ് വരാൻ പോകുന്നത്.നിന്നെ രാജാവ് വഞ്ചിച്ചിരിക്കുന്നു. നിന്റെ മകനായ ഭരതനെ അവന്റെ മാതുലന്റെ അടുത്തേക്ക് പറഞ്ഞുവിട്ടിട്ട് നാളെ ശ്രീരാമനെ രാജാവാക്കുന്നു. ഇനി ഈ രാജ്യത്തിൻറെ അധിപൻ ശ്രീരാമനാവാൻ പോകുന്നു.നിനക്ക് നാശം വരുന്നതും നോക്കി ഞാനെങ്ങനെ അടങ്ങിയിരിക്കും. നിന്റെ രാജാവ് മധുരവചനം കൊണ്ട് നിന്നെ വഞ്ചിച്ചിരിക്കുന്നു. കൗസല്യ നിന്റെ ശത്രുവാണ്. രാമൻ നാടുവാഴുമ്പോൾ ഭരതൻറെസ്ഥാനം എന്താവും. വീരനായ ഭരതനെ രാമൻ ഒരു ശത്രുവായല്ലേകാണുകയുള്ളു . നാളെ മുതൽ രാമമാതാവ് കൗസല്യയ്ക്ക് മുൻപിൽ ഭരതമാതാവായ കൈകേയി കുമ്പിട്ടു നിൽക്കേണ്ടിവരുമെന്നു നീ മറന്നോ?" ഭൃത്യയുടെ വാക്കുകൾ കൈകേയിയെ വിസ്മയിപ്പിച്ചു. "ശ്രീരാമൻ രാജാവായാൽ എനിക്കേറ്റവും സന്തോഷമായിരിക്കും. സത്യവും വിനയവുമാണ് ശ്രീരാമന്റെ ഗുണങ്ങൾ.അവൻ സ്വന്തം അമ്മയായാണ് എന്നെ കാണുന്നത്. നീ രാമനെ ഒട്ടും പേടിക്കരുത്. നിനക്ക് ഈശ്വരൻ സൽബുദ്ധി നൽകട്ടെ." കൈകേയി ഭൃത്യയെ സമാധാനിപ്പിച്ചു. "അല്ലയോ റാണി,രാമൻ രാജാവായിക്കഴിഞ്ഞാൽ പിന്നീട് ഭരതന് രാജാവാകാൻ എങ്ങനെ പറ്റും? രാമന്റെ കാലം കഴിഞ്ഞാൽ രാജ്യം പുത്രന് കിട്ടും. പിന്നീട് അവന്റെ പുത്രൻ. പിന്തുടർച്ചാവകാശം അങ്ങനെ തുടർന്നുപോകും. ഒരിക്കലും ഭരതന് രാജാവാകാൻ കഴിയില്ല. കൗസല്യക്ക് നിന്നോട് അസൂയയുണ്ട്. മകൻ രാജാവായാൽ നിന്നോടു കൗസല്യ പകരം വീട്ടും. റാണി, നീ എന്താണ്ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം."ഭരതനാണ് രാജാവാകേണ്ടത്. രാമൻ രാജ്യത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടണം." മന്ഥരയുടെ കുടിലബുദ്ധിയിൽ കൈകേയിയുടെ മനസ്സിൽ ഭയം വേരോടി."" രാജ്യാഭിഷേകത്തിനു ഭരതനില്ലാതെ നാളെത്തന്നെ നടത്തേണ്ട കാര്യമുണ്ടോ? മനപ്പൂർവം ഭരതനെ മാറ്റിനിർത്തിയതല്ലേ" അവർ വീണ്ടും കൈകേയിയുടെ മനസ്സ് കയ്യിലെടുത്തു. ഏതുസ്ത്രീയെയും പോലെ നിമിഷനേരത്തേക്ക് കൈകേയി ഒരു സാധാരണ സ്ത്രീയായി. " എന്റെ മകൻ ഒരു സാധാരണപൗരനായി നിൽക്കുക ; ഞാൻ കൗസല്യയുടെ ഭൃത്യയാകേണ്ടിവരിക. ഞാനെന്തുചെയ്യും. എനിക്കൊരു വഴി പറഞ്ഞു തരു " കൈകേയി തളർന്നു. വൃദ്ധദാസി ഇതൊരു അവസരമാക്കി. "പണ്ട് ദേവാസുര യുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കാൻ ദശരഥരാജാവ് ദേവലോകത്തു പോയപ്പോൾ കൂടെ ദേവിയുമുണ്ടായിരുന്നില്ലേ. ശംബരനെന്ന അസുരന്റെ മായായുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കുന്നതിനിടയിൽ രാജാവിന്റെ തേരിന്റെ ചക്രം ഊരിപ്പോകാൻ തുടങ്ങിയപ്പോൾ ചാവി അമര്ത്തിപ്പിടിച്ച് തേരിനു കേടു പറ്റാതെ സൂക്ഷിച്ചത് റാണിയല്ലേ?അന്ന് സന്തുഷ്ടനായ രാജാവ് റാണിയോട് ഇഷ്ടമുള്ള രണ്ടു വരം ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടത് ഓർക്കുന്നില്ലേ. ആവശ്യം വരുമ്പോൾ ആവശ്യപ്പെടാം എന്ന് ദേവി പറയുകയും ചെയ്തിരുന്നു. "ഇപ്പോൾ ആ വരം ചോദിക്കുക. ഒന്നാമത് ഭരതനെ രാജാവായി വാഴിക്കുക; രണ്ടാമത് രാമനെ 14 വർഷത്തേക്ക് വനവാസത്തിന്അയക്കണം." ദാസിയുടെ ബുദ്ധിയിൽ കൈകേയി വീണു.അവർ രാജാവിനെ കാത്തിരുന്നു. ഇതൊന്നുമറിയാതെദശരഥൻ സന്തോഷത്തോടെ കൈകേയിയുടെ അടുത്തെത്തി. കൈകേയിയുടെ ദുഃഖഭാവത്തിന്റെ കാരണം ആരാഞ്ഞു. പണ്ട് നൽകാമെന്ന് പറഞ്ഞിരുന്ന രണ്ടു വരങ്ങൾ റാണി ആവശ്യപ്പെട്ടു. ദശരഥൻ നടുങ്ങി. "രാമൻ ധർമ്മാവതാരമാണെന്നു നിനക്കറിയില്ലേ.രാമൻ നിന്റെയും മകനല്ലേ"എന്നൊക്കെ ദശരഥൻ കൗസല്യയോട് ന്യായവാദം ഉന്നയിച്ചെങ്കിലും കൈകേയി അണുവിട മാറാൻ തയ്യാറായില്ല. സത്യത്തിന് വില കൽപ്പിക്കുന്ന രാജാവ് കൈകേയിയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. തീരാദുഃഖത്താൽ തളർന്നു വീണദശരഥൻ നാടുനീങ്ങി. ശ്രീരാമൻ വനവാസത്തിന് പോയി. ഭരതൻ വിവരമറിഞ്ഞു ദുഃഖിതനായി. ജ്യേഷ്ഠനെ അന്വേഷിച്ചു വനത്തിലെത്തി. ശ്രീരാമൻ ഭരതന് ധർമ്മോപദേശം നൽകി നാട്ടിലേക്കു തിരിച്ചയച്ചു. ഇതിനെല്ലാം കാരണക്കാരിയായ ഒരു മന്ഥര ഇല്ലായിരുന്നെങ്കിൽ രാമായണകഥ ഇങ്ങനെയൊന്നുമാകില്ലായിരിക്കാം. വിധിവിഹിതമാവാം. ഇതെല്ലം കണ്ടു മന്ഥര സന്തോഷാശ്രു പൊഴിക്കുന്നുണ്ടാവാം. കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണുമല്ലോ? (ഈ കഥയിൽ കൈകേയിക്ക് ദശരഥനിൽനിന്നും വരം കിട്ടാനുണ്ടായ കാരണം അറിയേണ്ടേ. നാളെ പറയാം കേട്ടോ )

PART-II



ഈ കഥയിൽ കൈകേയിക്ക് ദശരഥനിൽനിന്നും വരം കിട്ടാനുണ്ടായ

കാരണം അറിയേണ്ടേ. അത് പറയുന്നതിനുമുമ്പ് ദശരഥൻ ആരായിരുന്നു
വെന്നറിയേണ്ടേ. ഇന്നത്തെ കഥ അതാവട്ടെ.

രണ്ടാം അധ്യായം. ദശരഥന്റെ കഥ.

സൂര്യവംശത്തിലെ പ്രശസ്തനായ രാജാവും ശ്രീരാമചന്ദ്രൻറെ അച്ഛനുമായിരുന്നു
ദശരഥൻ. അദ്ദേഹം ഒരു വില്ലാളിവീരനായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥനാമം
"നേമി" എന്നായിരുന്നു. നേമിക്കു ദശരഥനെന്ന പേര് കിട്ടിയതിന് പിന്നിൽ ഒരു കഥയുണ്ട്.
വർഷങ്ങൾ നീണ്ടുനിന്ന ദേവാസുരയുദ്ധത്തിൽ ശംബരാസുരൻ
ദേവലോകം കീഴടക്കി. ദേവന്മാരെല്ലാം ഓടിയൊളിച്ചു. മഹാമായാവിയായിരുന്ന
ശംബരാസുരനെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വർഗ്ഗം തിരിച്ചുപിടിക്കുന്നതിനു
വഴികാണാതെ ദേവന്മാർ ബ്രഹ്‌മാവിനെ
അഭയം പ്രാപിച്ചു. ദേവന്മാരോട് ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞു. "നിങ്ങൾക്ക്
ശംബരാസുരന്റെ മായാശക്തിയെ നേരിടാനാവില്ല. അദ്ദേഹത്തെ തോൽപ്പി
ക്കണമെങ്കിൽ നല്ല യുദ്ധവൈദഗ്ദ്ധ്യം വേണം.അത് നിങ്ങൾക്കില്ല.
എന്നാൽ ആ വൈദഗ്ദ്ധ്യം അയോദ്ധ്യാരാജാവായ നേമിക്കുണ്ട്.
അതുകൊണ്ട് നിങ്ങൾ ദേവേന്ദ്രനോട് പറഞ്ഞ് നേമിയെ ദേവലോകത്തേയ്‌ക്ക്‌
ക്ഷണിച്ചു ശംബാസുരനോട് യുദ്ധം ചെയ്ത് തോൽപ്പിച്ചു ദേവലോകം വീണ്ടെടുത്ത്
തരണം എന്നപേക്ഷിക്കുക. അദ്ദേഹം നിങ്ങളെ ഉപേക്ഷിക്കുകയില്ല.
ദേവേന്ദ്രൻ ബ്രഹ്മാവ് പറഞ്ഞതുപോലെ ചെയ്‌തു. രാജാവ് ഭാര്യയായ
കൈകേയിയോടൊന്നിച്ചു ദേവന്മാർ നൽകിയ ദിവ്യരഥത്തിൽ കയറി അസുര
സൈന്യങ്ങളെ നേരിട്ട്. തന്റെ ധനുർവൈദഗ്ദ്ധ്യത്താൽ നിഷ്പ്രയാസം തോൽപ്പിച്ചു
പലായനം ചെയ്യിച്ചു. ഇതുകണ്ട ശംബാസുരൻ കോപിഷ്ടനാകുകയും നേമിയുടെ നേർക്ക്
കുറെ മായാപ്രയോഗങ്ങൾ പ്രയോഗിക്കാൻ തീരുമാനിക്കുകയും ചെയ്‌തു.നിമിഷനേരം
കൊണ്ട് ശംബാസുരൻ പത്തു ശരീരങ്ങൾ സ്വീകരിച്ചു ഒരേസമയം പത്തുദിശകളിൽനിന്നും
നേമിയെ ആക്രമിച്ചു.
ശംബാസുരന്റെ മായകണ്ട്‌ അത്ഭുതപ്പെട്ട നേമി, പരിഭ്രാന്തനാകാതെ
പത്തു ശംബരന്മാരെയും ഒരേ സമയം നേരിടാൻതന്നെ തീരുമാനിച്ചു.
ഇതിനു ഒരേസമയം അതിവേഗത്തിൽ രഥം വട്ടം കറക്കേണ്ടിയിരുന്നു.
ദേവന്മാർ നൽകിയ സാരഥിക്കു ഇതിനുവേണ്ടത്ര ചാതുര്യം ഇല്ലാതിരുന്നതു
കൊണ്ടു നേമി സ്വയം സാരഥ്യം ഏറ്റെടുത്തു. അപ്പോഴൊക്കെ രഥത്തിൽ
കൂടെ കൈകേയിയുമുണ്ടായിരുന്നു.
അതിവേഗം കറങ്ങിക്കൊണ്ടിരുന്ന രഥത്തിൽനിന്നും നേമി പത്തുദിശയിൽനിന്നും
പത്തുശംബരന്മാരുടെ നേർക്ക് ഒരേസമയം അസ്ത്രപ്രയോഗം നടത്തി പത്തുപേരെയും
നിരായുധരാക്കി. നിരായുധൻമാരായതോടെ പത്തുശംബരന്മാരും യുദ്ധക്കളത്തിൽ നിന്നും
തിരിഞ്ഞോടി.അങ്ങനെ നേമി ദേവലോകം വീണ്ടെടുത്തു ദേവേന്ദ്രനെ ഏൽപ്പിക്കുകയും
ചെയ്‌തു.ഒരു രഥം കൊണ്ടുമാത്രം പത്തു രഥം കൊണ്ടെന്നപോലെ ഒരേ സമയം പത്തു ദിശകളിലേക്കും
അമ്പെയ്തു പൊരുതിജയിച്ച നേമിക്കു, സന്തുഷ്ടനായ ബ്രഹ്മാവ് ദശരഥൻ എന്ന് പേര് നൽകി.
അങ്ങനെയാണ് നേമിക്കു ദശരഥനെന്ന് പേര് വന്നത്.
ഇപ്രകാരമാണ് അയോദ്ധ്യാരാജാവും പിൽക്കാലത്തു ശ്രീരാമചന്ദ്രന്റെ
പിതാവുമായിത്തീർന്ന നേമി"ദശരഥ"രാജാവായത്.
കൈകേയിക്ക് വരം ലഭിച്ചതെങ്ങനെയെന്നറിയേണ്ടേ? ഇന്ന് അതാണ് പറയാൻ പോകുന്നത്.

PART-III

രാമായണം അദ്ധ്യായം-3 .

സംബാസുരനുമായുള്ള യുദ്ധത്തിൽ ദശരഥൻ വഹിച്ച പങ്ക്,അദ്ദേഹത്തിന്റെ
ജീവിതത്തിലെ അത്യന്തം ദുഃഖഭൂയിഷ്ഠമായ സംഭവവികാസങ്ങൾക്കും ഒടുവിൽ
അദ്ദേഹത്തിന്റെ അകാലനിര്യാണത്തിനും വഴിയൊരുക്കിയെന്നതാണ് വിധിവൈചിത്ര്യം
യുദ്ധസമയത്ത് ദശരഥനുമൊരുമിച്ചു തേരിലുണ്ടായിരുന്ന കൈകേയി മൂലമാണ്
ഈ അനന്തരസംഭവങ്ങൾ ഉളവായത്‌.
...............................^...........................................^...........................................^.......................

സംബാസുരനുമായുള്ള യുദ്ധത്തിൽ സ്വയം സാരഥ്യം വഹിച്ചുകൊണ്ട്,
ഒരേസമയം തേര് അതിശീഘ്രം വട്ടം കറക്കുകയും
അസ്ത്രപ്രയോഗം നടത്തുകയും ചെയ്തിരുന്ന രാജാവ്,തേർ
ചക്രങ്ങളിലൊന്നിന്റെ ചാവി ഊരിപ്പോയ
കാര്യം അറിഞ്ഞില്ല.ഇത് മനസ്സിലാക്കിയ കൈകേയി ആത്മധൈര്യം കൈവെടിയാതെ ചാവി
ദ്വാരത്തിൽ അവളുടെ ചൂണ്ടാണിവിരൽ ഇടുകയും അങ്ങനെ തേരിന്റെ ചക്രം ഊരിത്തെറിച്ചു
പോകാതെ സൂക്ഷിക്കുകയും ചെയ്തു.അവളുടെ വിരൽ ചതഞ്ഞു ഗുരുതരമായി ക്ഷതമേൽക്കുകയും
ധാരാളം രക്തം പ്രവഹിക്കുകയും ചെയ്തു. ശംബരൻ പരാജിതനായശേഷം
ഈ വിവരമറിഞ്ഞ ദശരഥരാജാവ് കൈകേയിയുടെ പ്രവർത്തിയിൽ അത്യധികം സന്തുഷ്ടനായി.
അവർക്കിഷ്ടമുള്ള ഏതെങ്കിലും രണ്ടു വരങ്ങൾ നൽകാൻ തയ്യാറായി.ഇപ്പോൾ തനിക്കു
വരങ്ങളൊന്നും ആവശ്യമില്ലെന്നും ഏതെങ്കിലും ഒരവസരത്തിൽ വരങ്ങൾ വേണമെന്ന്
തോന്നിയാൽ,അപ്പോൾ ചോദിച്ചുകൊള്ളാമെന്നു കൈകേയി പറഞ്ഞു.
രാജാവ് സമ്മതിച്ചു. കാലങ്ങൾ കടന്നുപോയി. .......
പിൽക്കാലത്ത് ശ്രീരാമന്റെ പട്ടാഭിഷേകസമയത്തു, മന്ഥരയുടെ കുബുദ്ധിയാൽ,
കൈകേയി ഈ വരങ്ങളാണ് ആവശ്യപ്പെട്ടത്. ശ്രീരാമന്റെ പട്ടാഭിഷേകം മുടക്കി, ഭരതനെ
രാജാവാക്കണമെന്നും,രാമൻ പതിനാലുകൊല്ലം വനവാസത്തിനായി നാടുപേക്ഷിച്ചു പോകണ
മെന്നും ഉള്ള രണ്ടാവശ്യങ്ങൾ കൈകേയി രാജാവിനുമുന്പിൽ അവതരിപ്പിച്ചു. സത്യധർമത്തിൽ
വലിയ വിശ്വാസം അർപ്പിച്ച രാജാവ് കൈകേയിക്ക് രണ്ടു വരങ്ങളും നിറവേറ്റാൻ അനുമതി നൽകി.
പിന്നീട് രാമലക്ഷ്മണന്മാർ സീതയുമൊത്തു വനവാസത്തിനുപോയപ്പോൾ ഒരു മുനിയുടെ ശാപഫലമായി
പുത്രദുഃഖം മൂലം ദശരഥ മഹാരാജാവ് നാട് നീങ്ങുകയും ചെയ്തു. ..
(മുനിയുടെ ശാപത്തെക്കുറിച്ചുള്ള കഥയറിഞ്ഞാലേ ഈ കഥ പൂർത്തിയാവു.
അത് അടുത്ത ദിവസം പറയാം)

PARTIV
പുത്രദുഃഖം മൂലം മരിക്കുമെന്ന് ഒരു മുനിവര്യൻ ദശരഥ- രാജാവിനെ ശപിച്ച കഥയാണിന്നു പറയുന്നത്. രാമായണ കഥ അദ്ധ്യായം-4 . യുവരാജാവ് സരയു നദിതീരത്തു ദുഷ്ടമൃഗങ്ങളെ വേട്ടയാടിക്കൊണ്ടിരുന്ന ഒരു ദിവസം,പെട്ടെന്ന് നേരം ഇരുട്ടിത്തുടങ്ങി.നദിയുടെ തീരത്തുകൂടി വളരെ പതുക്കെ നടന്നുകൊണ്ടിരുന്ന യുവരാജാവ് പെട്ടെന്നാണ് "ഗുളു ഗുളു"എന്ന ശബ്ദം കേട്ടത്. ആന വെള്ളം കുടിക്കുകയാണെന്നു ധരിച്ച രാജാവ് ശബ്ദം കേട്ടിടത്തേക്കു അമ്പയച്ചു.തൽക്ഷണം ഒരു ദീനവിലാപംഉയരുന്നതുകേട്ട രാജാവ് അവിടേയ്ക്കോടിയെത്തിയപ്പോൾ അമ്പേറ്റു പിടയുന്ന ഒരു മുനികുമാരനെയാണ് കണ്ടത്. സമീപത്തെ നദിയിൽ ഒരുമൺകുടംകമിഴ്ന്നുപൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു. തനിക്കു അറിയാതെ പറ്റിയ അബദ്ധമാണെന്നും തന്നെ ശപിക്കരുതെന്നും,കണ്ണീർവാർത്തുകൊണ്ടു രാജൻ,മുനികുമാരനോട് കേണപേക്ഷിച്ചു. ഇതുകേട്ട മുനികുമാരൻ രാജാവിനോട് ഇപ്രകാരം പറഞ്ഞു."അങ്ങറിയാതെ സംഭവിച്ച തെറ്റല്ലേ. ഞാനതു ക്ഷമിക്കുന്നു.എന്റെ പേര് ശ്രാവണൻ എന്നാണ്. എന്റെ വൃദ്ധരായ മാതാപിതാക്കൾ ഇവിടെയടുത്തുള്ള ആശ്രമത്തിലുണ്ട്. അവർ അന്ധരാണ്. നദിയിൽ നിന്ന് അവർക്കുവേണ്ടി വെള്ളം കൊണ്ടുവരാൻ വേണ്ടി എന്നെ നിയോഗിച്ചതാണ്. ഭവാൻ ഒരു കാര്യം ചെയ്യൂ.ഈ മൺകുടത്തിൽ വെള്ളം നിറച്ചു ആശ്രമത്തിലേക്കു പോകുക. ഞാൻ മടങ്ങിവരാത്തതിനുള്ള കാരണം അവരോടു പറഞ്ഞാലും.ഉഗ്രതപസ്വിയായ എന്റെ പിതാവിനെകോപിഷ്ടനാക്കാതെഅങ്ങ്സാന്ത്വനപ്പെടുത്തിയാലും. മഹാധാർമ്മികനായ എന്റെ പിതാവ് സത്യം ഗ്രഹിക്കുമ്പോൾ ഉഗ്രമായ ശാപത്തിൽനിന്നും ഒഴിവാക്കും. ഇനി ഈ അമ്പ് എന്റെ ശരീരത്തിൽ നിന്നും വലിച്ചൂരിയാലും. ഭവാന് മംഗളം ഭവിക്കട്ടെ. ഉറക്കെ കരഞ്ഞുകൊണ്ട് രാജാവ് മുനികുമാരന്റെ ശരീരത്തിൽനിന്നും ശരം വലിച്ചൂരി. തൽക്ഷണം മുനികുമാരൻ മരിച്ചു കുടം നിറയെ വെള്ളവുമായി രാജാവ് തപ്പിത്തടഞ്ഞു ആശ്രമത്തിലെത്തി. കാൽപ്പെരുമാറ്റം കേട്ട് വൃദ്ധമുനി,അത് തന്റെ പുത്രനാണെന്ന് ധരിച്ചു ഇപ്രകാരം ചോദിച്ചു."മകനെ ശ്രാവണാ..നീയെന്താണിത്ര വൈകിയത്?". വിറയ്ക്കുന്ന കൈകാലുകളോടും ഗദ്ഗദത്താൽ ഇടറുന്ന കണ്ഠത്തോടും കൂടി യുവരാജാവ് പറഞ്ഞു." മഹാമുനേ,ഞാൻ അങ്ങയുടെ പുത്രനല്ല.ഞാൻഅയോദ്ധ്യാരാജനാണ്.ഞാൻ പറയുന്നത് കോപിഷ്ടനാകാതെയും,വികാരഭരിതനാകാതെയും അങ്ങ് കേൾക്കണം.ഏറ്റവും ഗുരുതരമായ തെറ്റ് എന്നിൽനിന്ന് ഞാനറിയാതെ സംഭവിച്ചു.നദിയിൽനിന്നു അങ്ങയുടെ പുത്രൻ കുടത്തിൽ വെള്ളം നിറയ്ക്കുന്ന ശബ്ദം ശ്രവിച്ച ഞാൻ ആന വെള്ളം കുടിക്കയാണെന്നു തെറ്റിദ്ധരിച്ചു ശബ്ദം പുറപ്പെടുന്ന സ്ഥലത്തെ ലക്ഷ്യമാക്കി ദൂരെ ഇരുട്ടിൽനിന്നും ഒരമ്പെയ്തു. അത് ചെന്ന് കൊണ്ടത് അങ്ങയുടെ പുത്രന്റെ ശരീരത്തിലാണ് .ആർത്തനാദം കേട്ട് ഓടിയെത്തിയപ്പോൾ മനസ്സിലായി എനിക്ക് അബദ്ധം പറ്റിയെന്നു." "അറിയാതെ സംഭവിച്ച ഈ തെറ്റിന് കുമാരന് എന്നോട് യാതൊരു വിദ്വേഷവുമില്ലെന്നും ആശ്രമത്തിലെത്തി അച്ഛനമ്മമാരെവിവരംധരിപ്പിക്കണമെന്നും,മഹാമനസ്ക്കനായ അച്ഛൻ അറിയാതെ സംഭവിച്ച തെറ്റ് പൊറുക്കുമെന്നും പറഞ്ഞശേഷം ജീവൻ വെടിഞ്ഞു പശ്ചാത്താപത്താൽ നീറുന്ന ഹൃദയവുമായി ഞാനിതാ അങ്ങയുടെ മുൻപിൽ വന്നിരിക്കുന്നു. അങ്ങെന്നെശപിച്ചുശിലയോചാമ്പലോആക്കേണമെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക എന്നുപറഞ്ഞു യുവരാജാവ് മുനിയുടെ മുൻപിൽ കൈകൂപ്പിനിന്നു. രാജവചനം കേട്ട് പൊട്ടിക്കരഞ്ഞ അന്ധദമ്പതിമാർ,തങ്ങളെ ശ്രാവണൻ മരിച്ചുകിടക്കുന്ന നദീതീരത്തേക്കു കൂട്ടിക്കൊണ്ടുപോകുവാൻ നേമിയോട് ആവശ്യപ്പെട്ടു. അദ്ദേഹം വൃദ്ധദമ്പതിമാരെ നദീതീരത്ത് കുമാരൻ മരിച്ചുകിടക്കുന്ന സ്ഥലത്തു കൊണ്ടുവന്നു. മുനിയുടെ ആവശ്യപ്രകാരം ചിതയുണ്ടാക്കി മുനികുമാരന്റെ ശരീരം രാജാവ് ദഹിപ്പിച്ചു.വൃദ്ധനായ മുനി രാജാവിനോടിങ്ങനെ പറഞ്ഞു "യുവരാജാവേ, അങ്ങറിയാതെ വന്നുകൂടിയ തെറ്റാണെങ്കിൽപോലും വൃദ്ധരും അന്ധരുമായ ഞങ്ങൾക്കിതു സഹിക്കാനാവില്ല.ഞങ്ങൾക്കിനി ജീവിതം ദുഃസ്സഹമാണ് ഞങ്ങൾ ഈ ചിതയിൽ ചാടി ദേഹത്യാഗം ചെയ്യുന്നു. പുത്രന്റെ വേർപാട്മൂലം ഉണ്ടാകുന്ന ദുഃഖത്താൽ അങ്ങും ചരമഗതി പ്രാപിക്കാൻ ഇടവരട്ടെ." തുടർന്ന് വൃദ്ധദമ്പതിമാർമകന്റെ ചിതയിൽ ചാടി ദേഹത്യാഗം ചെയ്തു.ഈ മുനിശാപം മൂലമാണ് ദശരഥൻ ശ്രീരാമന്റെ വേർപാടിൽ ഹൃദയം നൊന്ത്അകാലചരമമടഞ്ഞതെന്നു പുരാണങ്ങൾ പറയുന്നു.

Part-V


ഇനി നമുക്ക് സീതയെക്കുറിച്ചു അല്പം വിശേഷമാവാം.
രാമായണം-അദ്ധ്യായം-5
(കമ്പരാമായണം ബാലകാണ്ഡം എന്നീ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചത് )


രാവണൻ ഒരിക്കൽ,സകല രാജാക്കന്മാരേയും ജയിച്ചടക്കി
വിജയശ്രീലാളിതനായി ഹിമവൽപ്രാന്തത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.
ആ സമയത്തു് അതിസുന്ദരിയായ വേദവതി (ദേവവതി) എന്നൊരു രാജകുമാരി
മഹാവിഷ്ണുവിനെ ഭർത്താവായിക്കിട്ടാൻ വല്ക്കലധാരിയായി തപസ്സുചെയ്യുന്നത്
കാണാനിടയായി. അദ്ദേഹം ആ പെൺകുട്ടിയോട് തന്നെ വിവാഹം ചെയ്യണമെന്ന്
ആവശ്യപ്പെട്ടു. അവൾ നിഷ്ക്കരുണം രാവണന്റെ അപേക്ഷ തിരസ്ക്കരിച്ചു.
കുപിതനായ രാവണൻ അവളുടെ കയ്യിൽ കടന്നുപിടിച്ചു. രാവണന്റെ കരസ്പർശമേറ്റു
അപമാനിതയായ പെൺകുട്ടി അദ്ദേഹത്തിന്റെ മുൻപിൽ വച്ചുതന്നെ അഗ്നികൂട്ടി അതിൽ ചാടി മരിച്ചു.
കടുത്ത ദുഃഖത്തിൽ അകപ്പെട്ട രാവണൻ ആ പെൺകുട്ടിയുടെ
ചിതാഭസ്മം എടുത്തു ലങ്കയിലേക്ക് കൊണ്ടുപോയി ഒരു പൊൻപെട്ടിയിൽ
അടച്ചു ഒരു വിജനപ്രദേശത്തു സൂക്ഷിച്ചു. എല്ലാദിവസവും രാവണൻ ആ
പെട്ടി വച്ച സ്ഥലം സന്ദർശിക്കാൻ തുടങ്ങി. ആ പെട്ടിയിലെ ചിതാഭസ്മം അവിടെ
സൂക്ഷിക്കാൻ തുടങ്ങിയതുമുതൽ രാജ്യത്ത് ചില ദുർനിമിത്തങ്ങൾ കണ്ടുതുടങ്ങി.
ആയിടെ അവിടം സന്ദർശിച്ച നാരദരോട് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന
ദുർനിമിത്തങ്ങളുടെ കാരണമെന്തെന്ന്
രാവണൻ അന്വേഷിച്ചു. രാവണൻ സൂക്ഷിക്കുന്ന പേടിയാണ് കാരണമെന്നും ഇനിയും അത് ഇവിടെ സൂക്ഷിച്ചാൽ നാശങ്ങൾ ഉണ്ടാകുമെന്നും, ആ പെട്ടി നശിപ്പിച്ചാൽ വലിയ വലിയ ആപത്തുകൾ സംഭവിക്കുമെന്നും ആ പെട്ടി തുറക്കുകയോ,കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ
ലങ്കയ്‌ക്കു പുറത്തുള്ള ഏതെങ്കിലും സ്ഥലത്തു നിക്ഷേപിക്കണമെന്നും നാരദർ
ഉപദേശിച്ചു. അതനുസരിച്ചു രാവണൻ പെട്ടി എടുപ്പിച്ചു കടലിൽ നിക്ഷേപിച്ചു.
തിരയടിച്ചടിച്ചു പെട്ടി നീങ്ങിനീങ്ങി ഭാരതഭൂവിന്റെ തീരത്തുവന്നടിഞ്ഞുകയറി.
സ്വർണ്ണനിർമ്മിതമായ പേടകം കണ്ട കുറെ കള്ളന്മാർ അതെടുത്തു വടക്കോട്ടു
പോയി ഒരുകാട്ടിൽ ഒളിച്ചുവച്ചു. പിന്നീട് എന്തുകൊണ്ടോ ആ പെട്ടി എടുത്തുകൊണ്ടു
പോകുവാൻ ആ കള്ളന്മാർ വന്നില്ല. എങ്ങിനെയോ പെട്ടി എത്തിപ്പെട്ടത് മിഥിലാ
രാജ്യത്തുള്ള ഒരു നദീതീരത്താണ്. ജനകമഹാരാജാവ് യാഗസ്ഥലമായി തിരഞ്ഞെടുത്തത്
ഈ സ്ഥലമായിരുന്നു. ആ പുണ്യ സ്ഥലത്തിരുന്ന് സ്വർണപേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന
വേദവതിയുടെ ദേഹഭസ്മം ജീവൻ വയ്ക്കുകയും അതൊരു ശിശുവായിത്തീരുകയും ചെയ്തു.
ജനകമഹാരാജാവ് യാഗം നടത്താനുള്ള സ്ഥലം (യാഗത്തറ )ഉഴുതുമറിച്ചപ്പോൾ ആ സ്വർണപ്പെട്ടി
അദ്ദേഹത്തിന് ലഭിച്ചു.പെട്ടി തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ ഒരു ശിശു. അദ്ദേഹം
ആ കുട്ടിയെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി സീത എന്ന് പേരിട്ടു വളർത്തി.സീത
ജനകന്റെ കൊട്ടാരത്തിൽ വളർന്നു വന്നു. കൊട്ടാരത്തിൽ ജനകരാജാവിന്റെ
അനുജനായ കശധ്വജന്റെ മൂന്നു പെണ്മക്കൾ കൂടി സീതയോടൊപ്പം വളരുന്നുണ്ടായിരുന്നു.
മാണ്ഡവി,ഊർമ്മിള,ശ്രുതകീർത്തി എന്നിവർ സീതയോടൊപ്പം വളരെ
സ്നേഹത്തോടെയാണ് വളർന്നു വന്നത്. സീത യൗവ്വനയുക്തയായപ്പോൾ
പല രാജാക്കന്മാരും അവളെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു വന്നു.ജനകരാജൻ അവയെല്ലാം നിരസിച്ചു.
സീതയുടെ വിവാഹത്തെക്കുറിച്ചു അടുത്തദിവസം എഴുതാം .........RAAMAAYANATHILE MARAKKAANAAVAATHA KATHAPAATHRANGAL

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ