പണ്ട്.. പണ്ട് ഒരിടത്തൊരു കച്ചവടക്കാരനുണ്ടായിരുന്നു.ധനാഢ്യനായ അദ്ദേഹത്തിന് ഒരേ ഒരു മകൻ. അലസനും,മടിയനുമായ,ഒരു ജോലിയും ചെയ്യാൻ താല്പര്യമില്ലാത്ത,അവനെക്കുറിച്ചോർത്തു ദുഃഖിതനായ കച്ചവടക്കാരൻ തന്റെ സ്വത്തുക്കളെല്ലാം വ്യർത്ഥമായിപ്പോകുമല്ലോ എന്ന് ഭയപ്പെട്ടു. ഇതിനൊരു പരിഹാരം കണ്ടെത്തണമല്ലോ? വ്യാപാരി ചിന്താധീനായി. ഒരു വഴി മുന്നിൽ തെളിഞ്ഞു വന്നു. പതിവുപോലെ പ്രഭാത ഭക്ഷണമൊക്ക കഴിച്ചു വിശ്രമിക്കാൻ തുടങ്ങിയ മകനെ, വ്യാപാരി അടുത്തേക്ക് വിളിച്ചു. " ഇനി ഭക്ഷണം കഴിക്കണമെങ്കിൽ നീ പോയി എന്തെങ്കിലും സമ്പാദിച്ചു കൊണ്ടുവരണം". അച്ഛൻ പറഞ്ഞാൽ അതുപോലെ ചെയ്യുന്നവനാണെന്നവനറിയാം. ഇതുവരെ ഒരു ജോലിയും ചെയ്യാത്ത ഞാൻ എങ്ങനെ കാശുണ്ടാക്കാനാ. അവൻ അമ്മയുടെ അടുത്തുചെന്നു കരയാൻ ആരംഭിച്ചു. മാതൃഹൃദയമല്ലേ. 'അമ്മ അച്ഛൻ കാണാതെ ഒരു നാണയം അവനു കൊടുത്തു. അതുംകൊണ്ട് അവൻ വ്യാപാരിയുടെ അടുത്തെത്തി. "നീ ഇന്ന് എന്താ സമ്പാദിച്ചത്? അച്ഛൻ ചോദിച്ചു. അവൻ ആ നാണയം ഉയർത്തികാണിച്ചു. "കൊള്ളാം. ഒരു കാര്യം ചെയ്യൂ. അത് ആ കാണുന്ന
കിണറ്റിൽ കൊണ്ടിട്ടോളു "അച്ഛൻ പറഞ്ഞു. ഒരു വിഷമവും കൂടാതെ അവൻ ആ നാണയം കിണറ്റിലിട്ടു. കാര്യം മനസ്സിലായ വ്യാപാരി അമ്മയെ അവിടെനിന്നും വീട്ടിലേക്കു തൽക്കാലം മാറ്റി നിർത്തി. .പിറ്റേന്നും എന്തെങ്കിലും സമ്പാദിച്ചു കൊണ്ടുവന്നാലേ ഭക്ഷണം തരൂ എന്ന് വ്യാപാരി മകനോട് പറഞ്ഞു. ഇന്ന് അവന്റെ സങ്കടം കാണാൻ അമ്മയ്ക്ക് പകരം ചേച്ചിയുണ്ടായിരുന്നു. അവർ അവനു രണ്ടു നാണയങ്ങൾ കൊടുത്തു.
പതിവുപോലെ അവൻ സുസ്മേരവദനനായി അച്ഛന്റെ അടുത്തെത്തി. "ഇന്നെന്തേ കിട്ടിയത് ? അച്ഛൻ ചോദിച്ചു തീരും മുൻപ് അവൻ നാണയങ്ങൾ കാണിച്ചുകൊടുത്തു." അത് വേഗം കൊണ്ട് പോയി കിണറ്റിലേക്ക് എറിയൂ എന്ന് അച്ഛൻ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ അവൻ ആ നാണയങ്ങൾ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. വ്യാപാരിക്കു കാര്യം മനസ്സിലായി. പിറ്റേ ദിവസംതന്നെ മകളെ ഭർതൃഗൃഹത്തിലേക്കു പറഞ്ഞയച്ച ശേഷം, ആരും മകനെ സഹായിക്കരുതെന്നു ചട്ടം കെട്ടുകയുംചെയ്തു. പിറ്റേ ദിവസം വ്യാപാരി കർശനമായി മകനോട് പറഞ്ഞു. " ഇന്ന് എന്തെങ്കിലും സമ്പാദിച്ചു കൊണ്ടുവന്നില്ലെങ്കിൽ ഇവിടെനിന്നും ആഹാരമൊന്നും കിട്ടുമെന്ന് കരുതേണ്ടാ".പട്ടിണി കിടക്കുന്ന കാര്യത്തെക്കുറിച്ചു അവന് ആലോചിക്കാനേ വയ്യായിരുന്നു.അവൻ ഓരോരുത്തരെ സഹായത്തിനായി സമീപിച്ചു. ആരും ഒന്നും കൊടുത്തില്ല. വിശന്നു തളർന്നു റോഡരികിൽ അവൻ ഇരുപ്പായി. പെട്ടെന്ന് ഒരാൾ ഒരു വലിയ പെട്ടിയുമായി അവനെ സമീപിച്ചു. ഈ പെട്ടി എന്റെ വീട്ടിൽ എത്തിച്ചുതന്നാൽ നിനക്ക് ഞാൻ കൂലി തരാം. ഇത്ര വലിയ പെട്ടി എങ്ങനെ എടുക്കും എന്ന് ഒരു നിമിഷം അവൻ ആലോചിച്ചു. "വിശപ്പിനെ കുറിച്ച് ഓർത്തപ്പോൾ അവൻ പെട്ടി ചുമന്നു കൊടുക്കാമെന്നു സമ്മതിച്ചു. പ്രതിഫലവും വാങ്ങി അവൻ പിതാവിനെ സമീപിച്ചു.വല്ലാതെ വിയർത്തു
കുളിച്ചു അവശനായി വരുന്ന മകനെ കണ്ടു വ്യാപാരിക്കു വിഷമം തോന്നിയെങ്കിലും പുറത്തു അതൊന്നും കാണിക്കാതെ അവനോടു അദ്ദേഹം ചോദിച്ചു. " ഇന്ന് എന്ത് സമ്പാദിച്ചു? അവൻ പെട്ടി ചുമന്നു കിട്ടിയ തുക അച്ഛനെ കാണിച്ചു കൊടുത്തു. "അതും കിണറ്റിലെറിയൂ" അച്ഛൻ ആവശ്യപ്പെട്ടു." ഞാൻ ജോലി ചെയ്തു ക്ഷീണിച്ചുണ്ടാക്കിയ കാശു കിണറ്റിലിടാനൊ? നടക്കില്ലച്ഛാ.അവൻ
കാശു പോക്കറ്റിലിട്ടു തിരിച്ചു നടന്നു. വ്യാപാരി പുഞ്ചിരിയോടെ നിശ്വസിച്ചു.പിന്നീട് മകൻ അലസതയൊക്കെ കളഞ്ഞു എല്ലാകാര്യത്തിലും അച്ഛനെ സഹായിക്കുകയും, വ്യാപാരി തന്റെ എല്ലാ വ്യവസായങ്ങളും അവനെ ഏല്പിച്ചു സമാധാനത്തോടെ ജീവിതം കഴിക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ