ഗുഡ് നൈററ്
അസ്തമനസൂര്യൻ കടലിലേക്കെടുത്തു ചാടാൻ റെഡിയായിക്കഴിഞ്ഞു.വയസ്സൻ ക്ലബ്ബ് പിരിച്ചു വിട്ടിരിക്കുന്നു.നാളെ ജീവനോടുണ്ടെങ്കിൽ ഇതേ സമയം ഇതേ സ്ഥലം.വീണ്ടും കാണാം.അന്നത്തെ സായാഹ്ന സൌഹൃദ സമ്മേളനം അവസാനിച്ചു,എല്ലാവർക്കും വീട്ടിലേക്കു മടങ്ങാം. എന്നാണ് വർമ്മ സാർ പറഞ്ഞതിൻറെ പൊരുൾ. ഞങ്ങൾ നാലു പേര്.ഞാൻ ഭാസി എന്ന ഭാസ്ക്കരൻ, രവി എന്ന രവീന്ദ്രനാഥ പണിക്കർ,ജോസ് എന്ന ജോസഫ് പീററർ,വർമ്മ എന്ന വർമ്മസാർ. ഞങ്ങൾ പെൻഷനേഴ്സ് എന്ന ആർക്കും വേണ്ടാത്ത ഒരു വിഭാഗമെന്ന് ഞങ്ങൾ തന്നെ അവകാശപ്പെടുന്നു.വാകമരങ്ങൾ ഞങ്ങളുടെ സായാഹ്നങ്ങൾക്കു തണലേകുന്നു.മറൈൻ ഡ്രൈവിൻറെ തെക്കെ അററത്തെ സിമൻറ് ബഞ്ചിൽ ചാരിയിരുന്ന് സർവ്വീസിലിരുന്ന കാലത്തെ മധുരിയ്ക്കുന്നതും കയ്ക്കുന്നതുമായ കൊച്ചു വിശേഷങ്ങൾ,നിത്യരോഗിയായ ഭാര്യയെ കുറിച്ചുള്ള വ്യാകുലതകൾ,വല്ലപ്പോഴും വിരുന്നു വരുന്ന കൊച്ചുമക്കളുടെ കാര്യങ്ങൾ,ഇവയൊക്കെയായി ഞങ്ങളുടെ ദിവസങ്ങൾ കടന്നുപോകുന്നു. കപ്പലണ്ടി വില്ക്കുന്ന പരീക്ക,ലോട്ടറിക്കാരൻ ജോയി,ഉന്തുവണ്ടിയിൽ ഐസ്ക്രീമുമായി വരുന്ന പേരറിയാത്തയാൾ ഇവരൊക്കെ ഞങ്ങൾക്കു പ്രിയപ്പെട്ടവരാണ്.ഒരു ദിവസം ഞങ്ങളിൽ ഒരാൾ ആബ്സൻറായാൽ അവർ ഓരോരുത്തരായി വന്നു കാര്യം തിരക്കും. കുറച്ചുനേരം സൊറ പറഞ്ഞിരുന്ന ശേഷം ഞങ്ങൾ നേരേ വച്ചു പിടിക്കും വടക്കു ഭാഗത്തേക്ക്.നടന്ന് നടന്ന് റെയിൻബോ ബിഡ്ജ് കയറുമ്പോഴേക്ക് കിതച്ചു തുടങ്ങും.പാലത്തിനിരുവശവും നിറഞ്ഞു നില്ക്കുന്ന ജനക്കൂട്ടത്തിനിടയിൽ ബിഡ്ജിൻറെ കൈവരിയിൽ ചാരി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നമട്ടിൽ നില്ക്കുന്ന ഞങ്ങളെ നോക്കി വെമ്പനാട്ടു കായൽ പുഞ്ചിരിക്കും,ഞാനെത്ര മഹാന്മാരെ കണ്ടിരിക്കുന്നുവെന്ന മട്ടിൽ. പാലമിറങ്ങി നടന്നുനടന്നു ഹൈക്കോർട്ടു ജെട്ടിയിലെത്തും.അപ്പോഴേക്കും സൂര്യൻ തൻറെ ജോലി പൂർത്തിയാക്കി പോയിരിക്കും. ഇരുളിൻറെ കരിനിഴൽ മറൈൻ ഡ്രൈവിനെ മൂടാൻ തുടങ്ങിയിരിക്കും.ഇനി ഇവിടം സുരക്ഷിതമല്ലായെന്ന് ഞങ്ങൾക്കറിയാം.നാളെ ജീവിച്ചിരിപ്പുണ്ടെങ്കിൽ വീണ്ടും വരാനായി ഞങ്ങളും ബൈ പറഞ്ഞു പിരിയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ