2018 ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

"MEESHAPPEDI

കൊച്ചുകഥ .

-^-മീശപ്പേടി-^-
.......
ആറുമണിയുടെ പാസ്സന്ജർ,സൈറൺ മുഴക്കി കടന്നുപോയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. കിഴക്കു വെള്ളിനൂലുപോലെ പ്രഭാതം കണ്ണുമിഴിക്കുന്നു. ഇനിയും അരമണിക്കൂർ കഴിഞ്ഞേ പത്രം വരൂ. ഇതൊക്കെ സ്ഥിരം കലാപരിപാടിയാണെങ്കിലും എന്റെ ജീവിതം ഇതേ റൂട്ടിലൂടെ എന്നുംഓടിക്കൊണ്ടിരിക്കുന്നു. . ഇനി പത്രം വരാനുള്ള കാത്തിരിപ്പാണ്. അമ്മമ്മ ഫ്ലാസ്കിൽ കട്ടൻ എടുത്തുവച്ചിരിക്കും. മുഖമൊന്നുകഴുകി അല്പം കട്ടൻ ഊതിയൂതി കുടിച്ചുകൊണ്ട് ഒരു പത്തുമിനിറ്റ് അങ്ങോട്ടുമൊങ്ങോട്ടും നടക്കും. അപ്പോഴേക്കും വെളുപ്പിനേയുള്ള നിർമ്മാല്യം തൊഴുത് കൈയ്യിലൊരു ഇലച്ചീന്തിൽ പുഷ്പവും ചന്ദനവും ഒരു കുഞ്ഞിക്കിണ്ടിയിൽ പുണ്യാഹവുമായി അമ്മമ്മയെത്തും. "എന്നും."

.............
പതിവുപോലെ മേശമേൽ ഫ്ലാസ്ക് കാണുന്നില്ല. അമ്മമ്മ ചായ എടുത്തുവയ്ക്കാൻ മറന്നതാവും. അടുക്കളയിലേക്കു നടന്നു. ചായ തിളപ്പിച്ച ലക്ഷണമൊന്നും കാണുന്നില്ല. ദൈവമേ! അമ്മമ്മയ്ക്കെന്തെങ്കിലും? മുറിയിലേയ്‌ക്കോടി. മൂടിപ്പുതച്ചുറക്കമാണ്.
എന്തെ സുഖമില്ലേ അമ്മമ്മയ്ക്കു? പുതപ്പു മാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു? "യ്യോ ഉറങ്ങിപ്പോയി അമ്മമ്മ. മോന് കോളേജിൽ പോകാനായോ. ദാ ഇപ്പൊ ചായ തരാം.

" ചായയൊക്ക അവിടെ നിൽക്കട്ടെ. ഇന്നെന്താ അമ്പലത്തിൽ പോവാത്തത്? "
'അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് പെൻഷൻ ആയശേഷം അമ്മമ്മ ഒരു ദിവസംപോലും നിർമ്മാല്യം തൊഴൽ മുടക്കിയിട്ടില്ലെന്ന്."അമ്മമ്മയ്ക്കു കൂട്ടുകാരായി അമ്പലത്തിൽ ഒരുപാടു പേരുണ്ടെന്ന്".

" വല്ല അസ്‌കിതയുണ്ടോ?ആശുപത്രിയിൽ പോകണോ?" എനിക്കൊരുദിവസം കോളേജിൽ പോയില്ലെങ്കിലും കുഴപ്പമില്ല. വേഗം ഡ്രസ്സ് മാറ്റു" ഞാൻ തിരക്ക് കൂട്ടി.

" നിക്ക് കുഴപ്പമൊന്നുമില്ലെടാ. കുറച്ചുദിവസമായി എന്റെ കൂട്ടുകാരൊന്നും അമ്പലത്തിൽ വരുന്നില്ല" "എമ്പ്രാന്തിരി പറയുവാ അവരെ ആരൊക്കെയോ കളിയാക്കുന്നുവത്രെ."

"ശരിയാ കഴിഞ്ഞ ദിവസം എനിക്കും തോന്നി. പതിവില്ലാത്തൊരു അർത്ഥം വച്ചുള്ള ചിരിയും മറ്റും ".
...................

കഴിഞ്ഞദിവസം ഒരു പുസ്തകത്തെയും അതെഴുതിയ നോവലിസ്റ്റിന്റെ രചനാസ്വാതന്ത്ര്യത്തെയും പുകഴ്ത്തിക്കൊണ്ട് മുഖപുസ്തകത്തിൽ വീറോടെ വാദിച്ച എന്നെ നോക്കി ഞാൻ കണ്ണുമിഴിച്ചു.

ഭാനുമോഹൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ