PALAZHIMADHANAM
ശേഷം വായിച്ചാലും .......
4.
ഹിന്ദുപുരാണ കഥകളിലെ അതിമനോഹരവും വൈചിത്ര്യനിർഭരവുമായ " ഒന്നാണ് പാലാഴിമഥനം ".പല പുരാണങ്ങളിലും ഈ കഥ വ്യത്യസ്തമായിട്ടാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഇവിടെ ആശ്രയിച്ചിരിക്കുന്നത് ഭാഗവതത്തെയും കുറച്ചൊക്കെ വ്യാസമഹാഭാരതത്തെയുമാണ്. മഹാവിഷ്ണുവിന്റെ ആസ്ഥാനമായ "പാലാഴി "കടയുന്നതിന് മുൻപ് കുറച്ചു സംഭവങ്ങൾ പറയാതെ പോകുവാൻ കഴിയില്ല.
.............
അസ്ഥിമാത്രശേഷിതനായ വൃദ്ധനായ ദേവേന്ദ്രനെയും വൃദ്ധകളായ ദേവകളെയും കണ്ട ബ്രഹ്‌മാവ് അമ്പരന്നു. കാര്യമെല്ലാം ഗ്രഹിച്ച പിതാമഹൻ ഇപ്രകാരം പറഞ്ഞു." കുട്ടികളേ ഇതൊരു വലിയ ദുർഘടാവസ്ഥ തന്നെ. മഹാവിഷ്ണുവിന്റെ ആസ്ഥാനമായ പാലാഴി കടയുകയോ? എനിക്കിതു മനസ്സിലാകുന്നില്ല.നമുക്കെല്ലാവർക്കും കൂടി ശ്രീപരമേശ്വരനെ ശരണം പ്രാപിക്കാം. മഹേശ്വരൻ അറിയാതെ യാതൊന്നും സംഭവ്യമോ സാദ്ധ്യമോ അല്ല "പിതാമഹന്റെ നേതൃത്വത്തിൽ ദേവന്മാർ കൈലാസത്തിലെത്തി. കാര്യങ്ങളറിഞ്ഞ മഹേശ്വരൻ ഇപ്രകാരം പറഞ്ഞു. " ഈ വൻദുര്ഘടസന്ധിയിൽ പരംപുരുഷനായ വിഷ്ണുഭഗവാൻ മാത്രമാണ് നമ്മുടെ ഏക ആശ്രയം. അതുകൊണ്ടു നമുക്കെല്ലാവർക്കും കൂടി പാലാഴിയിലേക്കു പോകാം.പാർവതികൂടി എന്നോടൊപ്പം വരും.എന്തെന്നാൽ പാലാഴിമഥനത്തിനു ഭഗവാൻ മഹാവിഷ്ണു അനുവദിക്കയാണെങ്കിൽ എന്തും നടന്നേക്കാം. പാർവതിയുടെ സാന്നിദ്ധ്യംഎനിക്കാവശ്യമായിവരും. "പാലാഴിയിലെത്തിയ ബ്രഹ്മാ-മഹേശ്വരന്മാരും ദേവകളും മഹേശ്വരനെ സ്തുതിച്ചു. സർവ കാര്യങ്ങളും മുൻകൂട്ടി ഗ്രഹിച്ചിരുന്ന ഭഗവാൻ യോഗനിദ്രയിൽനിന്നുണർന്ന് ഒന്നുമറിയാത്തപോലെ ചോദിച്ചു " മഹേശ്വര ബ്രഹ്മദേവാ എന്താണ് ഞാനീ കാണുന്നത്? ഈ വൃദ്ധ ജനങ്ങളാരാണ്?" യാതൊന്നും അറിയാൻ വയ്യെന്ന് വെറുതെ നടിച്ച മഹാവിഷ്ണുവിനോട് മഹേശ്വരൻ കാര്യങ്ങൾ വിശദമായി പറഞ്ഞു. ഇതെല്ലം കേട്ടു മഹാവിഷ്ണു ദേവേന്ദ്രനെയും ദേവകളെയും നോക്കി ചിരി തുടങ്ങി. കണ്ടുനിന്ന ശിവനും ബ്രഹ്മാവും വിഷ്ണുവിനോടൊപ്പം ചേർന്ന് ചിരിച്ചു. ചിരിച്ചു തകർക്കുന്ന ത്രിമൂർത്തികളെ ആദ്യമായി കണ്ട് ദേവേന്ദ്രൻ ഭയപ്പെട്ടു. "പാലാഴിയൊന്നും കടഞ്ഞു കഷ്ടപ്പെടേണ്ട .ഇങ്ങനെതന്നെ ഇരുന്നാൽ മതി എന്നെങ്ങാനുമായിരിക്കുമോ? ഈ ചിരിയുടെ അർഥം?അടുത്തതായി ദേവേന്ദ്രനെ ചിന്താകുഴപ്പത്തിലാക്കിയ ഒന്നാണ് സംഭവിച്ചത്.ത്രിമൂർത്തികൾ ചിരിച്ചുചിരിച്ചു കെട്ടിപ്പുണരുകയും തൽക്ഷണം മൂന്നുപേരും ഏകരൂപം പൂണ്ടു.അതിനുശേഷം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഒറ്റ രൂപമായി കാണപ്പെട്ടു. ദേവേന്ദ്രനും മറ്റുള്ള ദേവകളും ത്രിമൂർത്തികളെ സ്തുതിച്ചു പാടാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ മൂന്നുപേരും സ്വന്തരൂപത്തിൽ കാണപ്പെട്ടു. അതിനുശേഷം മഹാവിഷ്ണു ഇങ്ങനെ പറഞ്ഞു. "ദേവേന്ദ്രാ പാൽക്കടൽ മഥനത്തിനു ഞാൻ സമ്മതിച്ചിരിക്കുന്നു. പക്ഷെ ഇതൊരു ചെറിയ കാര്യമല്ല. ഇത് വിശ്വത്തിന്റെ ചരിത്രം പോലും മാറ്റും. ഞങ്ങൾ ത്രിമൂർത്തികൾ ഏകാഗ്രചിത്തത്തോടെ ചിന്തിച്ചതതാണ്. ഈ ഉദ്യമത്തിൽ പർവതങ്ങൾ വരെ പിഴുതെടുക്കേണ്ടി വന്നേക്കാം "ഇത് വിശ്വത്തിന്റെ ചരിത്രം പോലും മാറ്റും.ഈ ഉദ്യമത്തിൽ പർവതങ്ങൾ പിഴുതെടുക്കേണ്ടിവന്നേക്കാം. ദേവാസുര സന്ധി ആവശ്യമായേക്കാം. എനിക്ക് തന്നെ അവതാരാവശ്യം വന്നേക്കാം.
പാലാഴി കടയുന്നതിനു അസുരന്മാരുടെസഹായംഅത്യന്താപേക്ഷിതമായതിനാൽ, മഹാവിഷ്ണുവിന്റെ ആദ്യത്തെ നിർദ്ദേശം ദേവന്മാരും അസുരരുമായി ഒരു താൽക്കാലിക സന്ധിയുണ്ടാക്കണമെന്നുള്ളതായിരുന്നു. അതിനായി മഹാവിഷ്ണു തന്റെ ദൂതന്മാരെ, അന്നത്തെ അസുരചക്രവർത്തിയായ ഹിരണ്യാക്ഷന്റെ പക്കലേക്കയച്ചു. പക്ഷെ അദ്ദേഹം വിഷ്ണുവിന്റെ അപേക്ഷ സ്വീകരിക്കുവാൻ വിസമ്മതിച്ചു. അവസാനം ശിവൻ തന്റെ ഭൂതഗണങ്ങളെ ഹിരണ്യാക്ഷന്റെ അടുത്തേക്കയച്ചു. ശിവഭക്തനായ ഹിരണ്യാക്ഷൻ അദ്ദേഹത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞില്ല.
അപേക്ഷ സ്വീകരിച്ച ഹിരണ്യാക്ഷൻ ഇങ്ങനെ അറിയിച്ചു."മഹാഭൂതങ്ങളെ, മഹേശ്വരന്റെ അപേക്ഷ ഞാൻ തള്ളിക്കളയില്ല. ദേവകളുമായി സഹകരിച്ചു പാലാഴി കടയാൻ ഞാൻ അസുരരെ വിട്ടു തരുന്നുണ്ടെന്നു മഹേശ്വരനോട് പറഞ്ഞാലും; സമയമാകുമ്പോൾ അവരെ വിളിച്ചുകൊണ്ടു പൊയ്ക്കൊള്ളുക ."അങ്ങനെ ഒരു പ്രശ്നം പരിഹരിക്കപ്പെട്ടു. അടുത്ത പ്രശ്‍നം കടൽ കടയുന്നതിനാവശ്യമായ കടകോലായിരുന്നു.
ബാക്കി നാളെ
ശേഷം വായിച്ചാലും .....
ഭാനുമോഹൻ
5.
.......
അതിനായി മഹാവിഷ്ണു നിർദ്ദേശിച്ചത് മന്ദരപർവതമായിരുന്നു. മഹാമേരുവിന്റെ ഭാഗമായ മന്ദരപർവ്വതത്തിനു 88,000 മൈൽ ഉയരവും അത്രയും തന്നെ ഭൂമിയുടെ
അടിയിലേക്ക് ആഴവും ഉണ്ട്.88,൦൦൦ ഗന്ധർവന്മാരും അതിന്റെ നാലിരട്ടി യക്ഷകിന്നരന്മാരും അനേകസഹസ്രം അപ്സരസ്സുകളും മന്ദര പർവതത്തിന്റെ മുകളിൽ താമസക്കാരാണ്.ഈ പർവതത്തെ ഭൂമിയിൽനിന്നു പറിച്ചെടുത്തു പാലാഴിയുടെ തീരത്തേക്ക് കൊണ്ടുവരുന്നതിന് ദേവന്മാരും അസുരന്മാരും ഒത്തൊരുമിച്ചു ശ്രമിക്കണമെന്ന് മഹാവിഷ്ണു നിർദ്ദേശിച്ചു. ശിവന് കൊടുത്ത വാക്ക് പാലിച്ചു ഹിരണ്യാക്ഷൻ ലക്ഷക്കണക്കിന് അസുരവൃന്ദങ്ങളെ പാലാഴിമഥനത്തിനു സഹായിക്കാൻ അയച്ചു കൊടുത്തു. ഇവരെല്ലാവരും ഒത്തു ശ്രമിച്ചിട്ടും മന്ദരപർവതം ഇളക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ മഹാവിഷ്ണു ആയിരം ഫണങ്ങളുള്ള അനന്തനെ മന്ദരപർവതം ഇളക്കിയെടുത്തുകൊണ്ടുവരാൻ നിയോഗിച്ചു.അത്ഭുതകരമെന്നേ പറയേണ്ടു,സഹസ്രശിരസ്സോടുകൂടിയ ഫണീന്ദ്രൻ ഏകനായി മന്ദര പർവതത്തെ ഇളക്കിയെടുത്തു ആനപ്പുറത്തു ഒരു തവളയെ എന്നതുപോലെ തന്റെ ഒറ്റ ഫണത്തിനുമുകളിൽ വഹിച്ചുകൊണ്ട് പാൽക്കടലിന്റെ തീരത്തെത്തിച്ചു.അടുത്ത പ്രശ്നം കടകോലായ മന്ദരപർവതത്തെ ചുറ്റികെട്ടാനുള്ള കയറായിരുന്നു. ഇക്കാര്യത്തിൽ മഹാവിഷ്ണുവിന്റെ നിർദ്ദേശം അനന്തന്റെ സഹോദരനും നാഗരാജാവുമായ വാസുകിയെ പാശമായി ഉപയോഗിക്കാമെന്നായിരുന്നു. പക്ഷെ അവിടെയുമുണ്ട് പ്രശ്നം. അനന്തൻ പോന്നശേഷം നാഗലോകത്തിന്റെ ഭരണച്ചുമതല അനുജനായ വാസുകിയിൽ വന്നുചേർന്നു. എന്നാൽ വാസുകി അനുജനായ തക്ഷകനെ നാഗരാജാവായി വാഴിച്ചശേഷം കൈലാസത്തിൽപോയി ശിവനെ തപസ്സുചെയ്ത് ശിവന്റെ അനുയായി ആയും ചിലപ്പോഴൊക്കെ ശിവന്റെ കണ്ഠാഭരണമായും വർത്തിച്ചുകൊണ്ട് കൈലാസത്തിൽ തന്നെ വസിക്കുന്നതിനു ശിവൻ അനുവദിച്ചു. എന്തായാലും പാലാഴിമഥനത്തിനു വാസുകിയെ കയറായി ഉപയോഗിച്ചുകൊള്ളാൻ ശിവൻ അനുമതി നൽകി.പക്ഷെ അതല്ല പ്രശ്നം. വാസുകിയെ എങ്ങനെ പാലാഴി തീരത്തെത്തിക്കും?
ദേവന്മാരും അസുരന്മാരും കൂടി കെട്ടിച്ചുമന്നു കൊണ്ടു വരാമെന്നേറ്റു. അവർ വാസുകിയെ അനേകം ചുരുളുകളായി മടക്കി. ചുരുളുകൾ പർവതസമാനമായപ്പോൾ അത്രയും ഭാഗം പാശം കൊണ്ട് ബന്ധിച്ചു. പിന്നെയും കിടക്കുന്നു വാസുകിയുടെ അനന്തമായ നീളം. ഏകദേശം വാസുകിയുടെ നീളത്തിന്റെ മദ്ധ്യ ഭാഗത്തുവച്ചാണ് ചുരുളുകളാക്കി ബന്ധിച്ചതു.ആദ്യത്തെ ചുരുളിനപ്പുറവും ഇപ്പുറവുമായി വേറെ രണ്ടു ചുരുളുകൾ കൂടി ഉണ്ടാക്കി ബന്ധിച്ചു. ഇപ്പോൾ മൂന്നു മഹാശൈലങ്ങൾ അടുത്തടുത്ത് നിൽക്കുന്നതുപോലായി. പിന്നെയും കിടക്കുന്നു; ശിരോഭാഗത്തേക്കും വാൽഭാഗത്തേക്കും അന്തമറ്റ ദൂരം.
(ഇനിയുള്ള രസകരമായ ഭാഗം അടുത്തദിവസം
V.
ഒടുവിൽ അസുരന്മാരും ദേവകളും ഈ ഉദ്യമത്തിൽനിന്നും പിന്മാറാൻ തീരുമാനിച്ചു. അവർ വിഷ്ണുവിനെ അറിയിച്ചു. വിഷ്ണു ഗരുഡനെ വിളിച്ചിപ്രകാരം പറഞ്ഞു. "പക്ഷിരാജാ, അങ്ങുപോയി വാസുകിയെ പൊക്കിയെടുത്തുകൊക്കിലാക്കിക്കൊണ്ട് പറന്നുപോരുക. നാഗരാജാവിന്റെ സമ്മതത്തോടെ വേണം അദ്ദേഹത്തെ പൊക്കിയെടുത്തുകൊണ്ടു പറക്കാൻ. നാഗരാജാവിനെയും കൊണ്ട് പറക്കുമ്പോൾ അദ്ദേഹത്തിന്റെ ദേഹത്തിനു അവിടുത്തെ കൊക്കിൽനിന്നോ നഖത്തിൽനിന്നോ യാതൊരു ക്ഷതവും ഏൽക്കരുത്."
ഇതുകേട്ട് മഹേശ്വരൻ പുഞ്ചിരിച്ചു. അഹങ്കാരിയായ ഗരുഡൻ വാസുകി കിടന്നിരുന്ന സ്ഥലത്തെത്തി വാസുകിയോടു പറഞ്ഞു. "അങ്ങയെ എന്റെ കൊക്കിലെടുത്തു കൊണ്ടുവരാൻ വിഷ്ണുഭഗവാൻ എന്നെ നിയോഗിച്ചിരിക്കുകയാണ്. അവിടുത്തെ ശരീരത്തിലെ ഏതു ഭാഗമാണ് ഞാൻ കൊക്കിലൊതുക്കി ഉയർന്നു പറക്കേണ്ടതെന്നു പറഞ്ഞാലും ".ഇതുകേട്ട വാസുകി പറഞ്ഞു "സഹോദര എന്റെ മദ്ധ്യഭാഗം കൊക്കിലൊതുക്കി മേൽപ്പോട്ടുയർന്നു കൊള്ളുക.എന്നിട്ടങ്ങേയ്‌ക്ക് സൂര്യമണ്ഡലത്തിനു താഴെ ചിറകിനു കേടു പറ്റാതെ എത്ര ഉയരത്തിൽ പറക്കാമോ അത്ര ഉയരത്തിൽ പറന്നു പൊങ്ങിയാലും. പിന്നീട് പാലാഴി ലക്ഷ്യമാക്കി പറക്കുക."വാസുകിയുടെ മദ്ധ്യഭാഗത്തെ കൊക്കിലൊതുക്കിക്കൊണ്ടു പറന്നുയർന്ന ഗരുഡൻ വീണ്ടും വീണ്ടും പറന്നുയർന്നിട്ടും വാസുകിയുടെ ഭൂരിഭാഗവും ഭൂമിയിൽ തന്നെ കിടന്നു.ഏതുനാഗങ്ങളെയും അനായാസേന പൊക്കിയെടുത്തുകൊണ്ടു പറക്കാമെന്ന ഗരുഡന്റെ അഹങ്കാരം പൊയ്‌പോയി. അദ്ദേഹം വാസുകിയെ പാലാഴിയിലെത്തിക്കാൻ കഴിയില്ലെന്ന് വിഷ്ണുദേവനെ ധരിപ്പിച്ചു മടങ്ങി. മഹാവിഷ്ണു ശിവനെ കാര്യം ധരിപ്പിച്ചു. ശിവൻ ഉടനെത്തന്നെ കൈലാസത്തിലെത്തി വാസുകിയുടെ മുൻപിൽ തന്റെ ഉള്ളങ്കൈ വച്ചുകൊടുത്തു. ശിവന്റെ ഉള്ളങ്കയ്യിൽ ചാടിക്കയറിയ വാസുകി ഒരു കങ്കണതുല്യനായി കയ്യിൽ ഒതുങ്ങി.ശിവൻ വാസുകിയെ ഉള്ളങ്കയ്യിലാക്കി കൊണ്ടുവരുന്ന കാഴ്ച കണ്ട അസുരരും ദേവകളും അത്ഭുതസ്‌തബ്ധരായി.
വാസുകിയെ മന്ദര പർവ്വതത്തിനു ചുറ്റും ബന്ധിച്ചു. ദേവന്മാർ ശിരോഭാഗവും അസുരന്മാർ വാൽഭാഗവും പിടിച്ചുകൊണ്ട് കടയൽ ആരംഭിക്കാൻ വിഷ്ണു നിർദ്ദേശിച്ചു. ഇത് അസുരന്മാരെ ചൊടിപ്പിച്ചു. വാൽഭാഗം ഞങ്ങളെകൊണ്ട് പിടിപ്പിക്കുന്നത് ഞങ്ങളെ അപമാനിക്കലാണ്. ഞങ്ങളിതാ പോകുന്നു എന്നായി അസുരന്മാർ . വിഷ്ണുദേവൻ ഇടപെട്ടു. വാൽഭാഗം ദേവകൾ പിടിക്കാൻ നിർദ്ദേശം കൊടുത്തു.
അങ്ങിനെ ദേവാസുരവൃന്ദങ്ങൾ പാൽക്കടൽ കടയാൻ തുടങ്ങി.മരങ്ങൾ ,പക്ഷിമൃഗാദികൾ തുടങ്ങി പാറക്കെട്ടുകൾ,കടൽജീവികൾ,ഭൂതങ്ങൾ തുടങ്ങിയ ചരാചര വസ്തുക്കൾ പാൽക്കടലിൽ അരഞ്ഞുചേർന്നു. സമ്മർദ്ദം കൊണ്ട് പാതാളം,ഭൂമി,സ്വർഗ്ഗം എന്നീ ത്രിലോകങ്ങളുടെയും അടിത്തറ ഇളകിത്തുടങ്ങി.അതിനിടയ്ക്ക് ഒരു നിര്ഭാഗ്യസംഭവം നടന്നു. പർവതവുമായുള്ള വാസുകിയുടെ ബന്ധനമഴിഞ്ഞു മന്ദരഗിരി സമുദ്രത്തിലേക്ക് താണു.അടിതൊട്ട് മുടിവരെ ഒരുലക്ഷത്തിഎഴുപത്താറായിരം മൈൽ ഉയരമുള്ള മന്ദരപർവതം പാൽക്കടലിൽ മുങ്ങിയതുകണ്ട്,സംഗതികളുടെ ഗൗരവമറിയാതെ അസുരന്മാർ ആർത്തട്ടഹസിച്ചു. ദേവകൾ പരിഭ്രാന്തരായി വിഷ്ണുവിനെ സ്തുതിച്ചു. മഹാവിഷ്ണു കൂർമ്മമായവതരിച്ചു കടലിനടിയിൽച്ചെന്നു പർവതത്തെ മേൽപ്പോട്ടുയർത്തി. ഉയർത്തിയപ്പോൾ കുറെയേറെ ഉയർന്നുപോകുകയും സമുദ്ര മഥനത്തിനുപയോഗിക്കുവാൻ വയ്യാത്ത സ്ഥിതിയിലാകുകയും ചെയ്തു. സമുദ്രനിരപ്പിനു മുകളിൽ വന്നു കൂർമ്മമായ വിഷ്ണുദേവൻ സ്വന്തരൂപം അവലംബിച്ചു.പർവതത്തെ പൂർവ്വസ്ഥിതിയിലെത്തിക്കാൻ മഹാവിഷ്ണു വീണ്ടും പക്ഷിരൂപം പൂണ്ടു പർവ്വതശിഖരത്തിൽ ചെന്നിരുന്നു. ആവശ്യാനുസരണം താഴ്ന്ന പർവതം വീണ്ടും വാസുകിയാൽ ബന്ധിക്കപ്പെട്ടു മഥനം ആരംഭിച്ചു.
ഇനിയുള്ള സംഭവബഹുലമായ വിശേഷങ്ങൾ നാളെ......
ഭാനുമോഹൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ