2018 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

PURANA KATHAATHRANGAL-3

PALAZHIMADANAM CONTINUATION

പാലാഴിമഥനം പുരോഗമിച്ചു തുടങ്ങി.മഥനം അതിശക്തമായപ്പോൾ പരിക്ഷീണിതനായ വാസുകിയുടെ വായിൽനിന്നും വമിച്ച ഉഗ്രവിഷജ്വാലകളേറ്റു അനേകശതം അസുരന്മാർ ബോധംകെട്ടുവീണു.ഇതുകണ്ട് മഹാവിഷ്ണു മഹേ ശ്വരനോടിപ്രകാരം പറഞ്ഞു."ഇനി വാസുകിയിൽനിന്നും വിശ്വസംഹാരിയായ വിഷം വമിപ്പിക്കുമെന്നുറപ്പാണ് .എന്തെങ്കിലും ചെയ്തേ തീരു."അങ്ങ് വിഷമിക്കേണ്ട. ഈ വിഷത്തിനു ഞാൻ പരിഹാരമുണ്ടാക്കാം" എന്ന് ശിവൻ മറുപടി പറഞ്ഞുതീരുന്നതിനുമുമ്പ് വാസുകിയിൽനിന്നും കാളകൂട വിഷം ഒഴുകി. ഉടൻ ആ വിഷം മുഴുവൻ ശ്രീപരമേശ്വരൻ കയ്യിലൊതുക്കിപ്പിടിച്ചു. എല്ലാവരും നോക്കിനിൽക്കെ അദ്ദേഹം അത് പാനം ചെയ്യുവാൻ തുടങ്ങി. ഇതുകണ്ട പാർവതീദേവി അലമുറയിട്ടുകരഞ്ഞുകൊണ്ടു വിഷം താഴോട്ടിറങ്ങാതിരിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ കഴുത്തിൽ ഞെക്കിപ്പിടിക്കുകയും,പുറത്തേക്കു തുപ്പിക്കളയാൻ ആവശ്യപ്പെടുകയും ചെയ്തു. വിഷം പുറത്തേക്കു ഒഴുകിയാൽ വരുന്ന ഭവിഷ്യത്തറിയാവുന്ന മഹാവിഷ്ണുവാകട്ടെ ശിവന്റെ വായ് പൊത്തിപ്പിടിച്ചുകൊണ്ട് വിഷം പുറത്തേക്കു തുപ്പിക്കളയാനുംഅനുവദിച്ചില്ല. മഹേശ്വരൻ തന്റെ യോഗബലത്താൽ വിഷം ഗളത്തിൽത്തന്നെ വഹിച്ചുകൊണ്ടിരുന്നു.വിഷം അവിടെത്തന്നെ ഘനീഭവിച്ചു കട്ടിയായി മഹേശ്വരന്റെ കണ്ഠത്തിനു നീലനിറം പ്രധാനം ചെയ്തു. അങ്ങനെ പാലാഴി മഥനത്തിന്റെ ആദ്യഫലം ശ്രീപരമേശ്വരൻ അന്നുമുതൽ നീലകണ്ഠൻ ആയതാണ്. .
.............

പാലാഴിയിൽനിന്നും വിവിധ ജീവികളും
വസ്തുക്കളും ഓരോന്നോരോന്നായി ഉയർന്നുവരാൻ തുടങ്ങി.
ആദ്യമായി ഉയർന്നുവന്നത് സുരഭി അഥവാ കാമധേനു (നന്ദിനി )
എന്നറിയപ്പെടുന്ന;എല്ലായ്പ്പോഴും പാൽ ചുരത്തുന്ന,ഏതാഗ്രഹവും
നിറവേറ്റിത്തരുന്ന പശുവാണ്.മഹർഷിമാരുടെ ആശ്രമാവശ്യങ്ങൾക്കും
ദേവകളുടെ പ്രത്യേകാവശ്യങ്ങൾക്കുമായി കാമധേനുവിനെ ബ്രഹ്മലോകത്തു
സൂക്ഷിച്ചുകൊള്ളാൻ മഹാവിഷ്ണു ബ്രഹ്മാവിനോട് പറഞ്ഞു. അടുത്തതായി
പാൽകടലിൽനിന്നും പൊങ്ങിവന്നത് തൂവെള്ള നിറമുള്ള ഒരു നാൽക്കൊമ്പൻ
ആനയാണ്. ഐരാവതമെന്നു പേരായ ഈ ഗജത്തിനെ ഇന്ദ്രന് വേണമെന്ന്
പറഞ്ഞപ്പോൾ മഹാവിഷ്ണു സമ്മതിച്ചു.
ഐരാവതത്തിനുശേഷം പൊങ്ങിവന്നത് "ഉച്ചൈശ്രവസ്സ്" എന്നുപേരായ
തൂവെള്ള നിറമുള്ള അശ്വമാണ്.മനോവേഗമുള്ള ഈ കുതിരയെയും
ഇന്ദ്രന് വേണമെന്ന് പറഞ്ഞതു വിഷ്ണു സമ്മതിച്ചു. പിന്നീട് പൊങ്ങിയത്
അതിമനോഹരമായ ചന്ദ്രക്കലയാണ്.ശിവൻ ആ ചന്ദ്രക്കല തൻറെ
ശീർഷാഭരണമായി സ്വീകരിച്ചു.അടുത്തതായി പൊന്തിവന്നത് "കൗസ്തുഭം"
എന്ന രത്‌നമായിരുന്നു.ഈ കമനീയ രത്നമാണ് മഹാവിഷ്ണുവിന്റെ
മാർത്തടാലങ്കാരമായി ഇന്നും ശോഭിക്കുന്നു. അതിനുശേഷം ദിവ്യമായ
പരിമളം പരത്തുന്ന പൂക്കളോടുകൂടിയ പാരിജാതച്ചെടിയും അതിനും
പുറകിലായി ഹൃദയാഭിലാഷങ്ങൾ നിർവിഘ്‌നം നിറവേറ്റുന്ന
കല്പകവൃക്ഷവും പൊങ്ങിവന്നു. ഇവ രണ്ടും ദേവേന്ദ്രൻ
സ്വർഗ്ഗലോകത്തേയ്ക്കുവേണ്ടി എടുത്തു മാറ്റിവച്ചു.പിന്നീട്
അതിസൗന്ദര്യവതികളായ അനേകം അപ്സരകന്യകമാർ
ഉയർന്നുവന്നു. അവരെയെല്ലാം ദേവേന്ദ്രൻ ദേവലോകത്തിനു
വേണ്ടി സ്വീകരിച്ചു.അടുത്തതായി പാലാഴി,ലോകത്തിനു കാഴ്ച വച്ചത് ഘോരരൂപിണിയും കഠോര സ്വരഭാഷിണിയുമായ മൂശേട്ട എന്ന് നാമറിയുന്നു ജ്യേഷ്ഠദേവിയെയാണ്.ദേവന്മാർക്കും അസുരന്മാർക്കും ജ്യേഷ്ഠദേവിയെ ആവശ്യമില്ല എന്നുപറഞ്ഞു തിരസ്കരിച്ചു. ദുഃഖിതയായ അവളോട് വിഷ്ണുഭഗവാൻ പറഞ്ഞു." നീ ദുഃഖിക്കേണ്ട.അഖിലലോകങ്ങളിലും നിനക്കായി ഞാൻ തരുന്നതിതാണ്."പ്രത്യുഷസ്സിൽ അടിച്ചുതളിക്കാത്ത ഗൃഹങ്ങൾ,ദുർമതികൾ വിഹരിക്കുന്ന സ്ഥലങ്ങൾ,വൃദ്ധന്മാരെ അവഹേളിക്കുന്നവർ,ചൂതുകളിക്കാർ,ക്രൂരന്മാർ ,അങ്ങനെ ഒരുപാടു കാര്യങ്ങളിൽ നിനക്ക് വ്യാപാരിക്കുവാൻ പറ്റിയ സ്ഥലങ്ങളിൽ എല്ലാം നീ കുടികൊണ്ടുകൊള്ളുക."ഇത്രയും കേട്ട് സന്തുഷ്ടയായ ജ്യേഷ്ഠ സന്തോഷത്തോടെ അവിടെനിന്നും യാത്രയായി ........

അവസാനഭാഗം

പിന്നീട് പാൽക്കടലിൽനിന്നും ഉയർന്നുവന്ന വിഷാംശത്തെ
നാഗങ്ങൾ വലിച്ചെടുത്തു. അതിനുശേഷം ശുഭ്രവസ്ത്രധാരിയായ ധന്വന്തരി
ഭഗവാൻ അമൃതം നിറഞ്ഞ കമണ്ഡലുവും എടുത്തുകൊണ്ട് ഉയർന്നുവന്നു.
ഇതുകണ്ട് എല്ലാവരും അത്യന്തം സന്തുഷ്ടരായി.പിന്നീട് കയ്യിൽ കമലവുമേന്തി
തിളങ്ങുന്ന കാന്തിയോടുകൂടി വിടർന്നുനിൽക്കുന്ന താമരപ്പൂവിൽ ഇരുന്നു
മഹാലക്ഷ്മി ആവിർഭവിച്ചു.ആ ദേവിക്കുവേണ്ടി ഗന്ധർവന്മാർ ഗാനങ്ങൾ
ആലപിച്ചു.അപ്സരസ്ത്രീകൾ നൃത്തമാടി; ആ ഭഗവതിയുടെ നീരാട്ടിനായി
ഗംഗാദേവി കൈവഴികളോടെ ചേർന്നു.പാലാഴിതന്നെ മൂർത്തിമാനായി
മുന്നിൽ വന്ന് ഒരിക്കലും വാടിപ്പോകാത്ത താമരപുഷ്പങ്ങൾ കൊണ്ടൊരു
മാല കൊരുത്തു ദേവിക്കു സമർപ്പിച്ചു

സർവാഭരണ വിഭൂഷിതയായ ലക്ഷ്മീദേവിയെ മഹാവിഷ്ണു ഭാര്യയായി
സ്വീകരിച്ചു.( സൃഷ്ടിയുടെ ആരംഭകാലം മുതല്‌ക്കേ, ലക്ഷ്മിദേവിയും രാധാദേവിയും വിഷ്ണുവിന്റെ ഭാര്യമാരായിട്ടുണ്ടായിരുന്നെന്നും ലക്ഷ്മീദേവി വിഷ്ണുവിന്റെ വാമഭാഗത്തിൽനിന്നും രാധാദേവി വലതുഭാഗത്തുനിന്നും ഉത്ഭവിച്ചതാണെന്നും ദേവി ഭാഗവതത്തിൽ പ്രസ്താവിക്കുന്നു.)
ഇതുകണ്ട് ഇഷ്ടപ്പെടാതെ അസുരന്മാർ ധന്വന്തരിയുടെ കയ്യിലിരുന്ന
അമൃതകുംഭം അപഹരിച്ചു കടന്നു കളഞ്ഞു. അമൃത് നഷ്ടപ്പെട്ടതോടെ ദേവന്മാരുടെ
കാര്യം പരുങ്ങലിലായി. അമൃതകുംഭം കൈക്കലാക്കാൻ,മഹാവിഷ്ണു അതി
സുന്ദരിയായ മോഹിനിയായി വേഷപ്രച്ഛന്നയായി അസുരന്മാരുടെ അടുത്തെത്തി;
താൻ ധന്വന്തരിയുടെ സഹോദരിയാണെന്നും അമൃത് കിട്ടിയപ്പോൾ എല്ലാവരും
കടന്നുകളഞ്ഞെന്നും താൻ തനിച്ചായെന്നും അസുരന്മാരെ വിശ്വസിപ്പിച്ചു.
" തങ്ങളുടെ കൈവശമുള്ള അമൃത് ഓരോരുത്തർക്കായി വിളമ്പിക്കൊടുക്ക
ണമെന്നും ഒടുവിൽ അവരിൽ ഒരാളെ വിവാഹം കഴിക്കണമെന്നും അസുരന്മാർ
ആവശ്യപ്പെട്ടു. മോഹിനി അത് സമ്മതിച്ചു.
എല്ലാവരും കണ്ണടച്ചിരിക്കണം.ഞാൻ
അമൃത് വിളമ്പിത്തരാം. പക്ഷെ നിങ്ങളുടെ ഓരോരുത്തരുടെയും മുന്പില്ക്കൂടി കുനിഞ്ഞു നടന്നുവിളമ്പുവാൻ എനിക്ക് നാണമാണ്. അവസാനം കണ്ണുതുറക്കുന്നയാളെ ഞാൻ വിവാഹവും ചെയ്യാം.
മോഹിനി അസുരന്മാരോട് പറഞ്ഞു. മോഹിനിയെ വിശ്വസിച്ച അസുരന്മാർ
കണ്ണടച്ചിരുന്ന തക്കം നോക്കി മോഹിനീരൂപം
പൂണ്ട വിഷ്ണുദേവൻ അമൃതകുംഭവുമായി ദേവലോകത്തേക്കു തിരിച്ചു.
ഇന്ദ്രാദികളായ ദേവന്മാർ അമൃത് പാനം ചെയ്യുകയും പൂർവാധികം
ശക്തന്മാരാവുകയും ചെയ്തു. അമൃത് നഷ്ടപെട്ട അസുരന്മാർ കുപിതനായി
ദേവന്മാരെ ആക്രമിച്ചു. പക്ഷെ അമൃത് പാനം ചെയ്ത് അതിശക്തി പ്രാപിച്ച
ദേവന്മാർ അസുരന്മാരെ തോൽപ്പിച്ചു നാനാദിക്കുകളിലേയ്ക്കും ഓടിച്ചു. അങ്ങനെ
ത്രൈലോകങ്ങളും ഐശ്വര്യപൂർണമായിത്തീർന്നു.പാലാഴി
മഥനം കഥ ഇതോടെ അവസാനിക്കുന്നു. മറ്റൊരു കഥയുമായി വീണ്ടും കാണാം.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ